എഴുതിയത് അഞ്ജന. പി. ദേവ്
കുറച്ചു കാലം മുൻപ് വരെ പഠനത്തിന് ഒരു തടസ്സമായാണ് സ്മാർട്ട്ഫോണുകളെ കണ്ടിരുന്നത്. മാതാപിതാക്കളും അദ്ധ്യാപകരും സ്മാർട്ട്ഫോണുകൾ കുട്ടികളുടെ പഠനത്തെ ബാധിക്കാതെ ഇരിക്കാനായി പരമാവധി ശ്രമിച്ചിരുന്നു. എന്നാലും ശ്രമങ്ങൾ എല്ലാം പരാജയത്തിൽ കലാശിച്ചു എന്ന് വേണം കരുതാൻ. എന്നാൽ മൊബൈൽ ആപ്പുകളുടെ വരവ് സ്മാർട്ട്ഫോണുകൾക്ക് പുതിയൊരു പരിവേഷം തന്നെ നൽകി. അവ സ്മാർട്ട്ഫോണുകളെ കുട്ടികൾക്ക് പഠനത്തിൽകൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുന്ന വെർച്ച്വൽ ക്ലാസ് റൂമുകളാക്കിമാറ്റി. വിദ്യാഭ്യാസ സഹായികളായ ഇത്തരം ആപ്പുകളിലൂടെ പഠനം കൂടുതൽ രസകരവും ആസ്വാദ്യകരവും ആയിമാറി. വിദ്യാർത്ഥികളെ സഹായിക്കുന്ന ചില പ്രമുഖ വിദ്യാഭ്യാസ ആപ്പുകളെ നമുക്കൊന്ന് പരിചയപ്പെടാം.
ഗൂഗിൾ ക്ലാസ്സ്റൂം
ഹോംവർക്കുകളും അസൈൻമെന്‍റുകളും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തരണ്ടു കാര്യങ്ങൾ ആണ്. എന്നാൽ ഭംഗിയായി ഇവ പൂർത്തീകരിച്ചു അധ്യാപകരിൽ നിന്നും മികച്ച അഭിപ്രായം നേടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഈ കൃത്യം എളുപ്പമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ആപ്പാണ് ഗൂഗിൾ ക്ലാസ്സ്റൂം. ഈ ആപ്പ് ഒരു വെർച്വൽ ക്ലാസ്സ്റൂം തന്നെയാണ് എന്ന് പറയാം. അറിയിപ്പുകൾ നൽകാനും, ക്ലാസ്സുകൾ തയ്യാറാക്കാനും, ചർച്ചകൾ തുടങ്ങാനും, അസൈൻമെന്‍റുകൾ സമർപ്പിക്കാനും ഗ്രെയ്ഡുകൾ നൽകാനും, അഭിപ്രായങ്ങളും ഉത്തരങ്ങളും ചോദിക്കാനും, പഠനസാമഗ്രികൾ പങ്കുവയ്ക്കുവാനുമൊക്കെ ഗൂഗിൾ ക്ലാസ്സ്റൂം ഉപയോഗപ്പെടുത്താം.ഗൂഗിൾ ക്ലാസ്സ്റൂം സെറ്റ് ചെയ്യാനും വളരെ എളുപ്പമാണ്. അദ്ധ്യാപകർ ക്ലാസ്സുമായി കോഡ് പങ്ക് വയ്ക്കുന്നു. ഈ കോഡ് എന്‍റർ ചെയ്താൽ വിദ്യാർത്ഥികൾക്ക് പങ്ക് ചേരാം. ഒരു വെർച്വൽ ക്ലാസ് മുറി സെറ്റ് ചെയ്യാൻ ഇത്രയുമേ ചെയ്യേണ്ടതുള്ളൂ.
ബൈജൂസ്ആപ്പ്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ കമ്പനി ആയ ബൈജൂസിന്‍റെ മൊബൈൽ ആപ്പ് ആണ് ബൈജൂസ്ആപ്പ്. ബൈജൂസ്ആപ്പിനെ കുറിച്ച് അറിയാത്തവർ ആരുംതന്നെ ഇന്ന് ഉണ്ടാവില്ല. ഒരു ചെറിയ കമ്പനിയിൽ നിന്ന് വളർന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോൺസർഷിപ്പിൽ എത്തി നിൽക്കുന്ന ബൈജൂസ് ആപ്പ് മലയാളികൾക്ക് ഒരു അഭിമാനം തന്നെ ആണ്.
കാലാനുസൃതവുമായതും വളരെ രസകരവുമായ പഠന രീതിയാണ് ബൈജൂസ്ആപ്പ് മുന്നോട്ട് വയ്ക്കുന്നത്.നാല് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും JEE, NEET, IAS, GMAT തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവര്‍ക്കും ബൈജൂസ്ആപ്പ് വളരെയധികം ഉപകാരപ്രദമാണ്.ഗണിതവും ശാസ്ത്രവുമാണ് ബൈജൂസിന്‍റെ പ്രധാന വിഷയങ്ങൾ. ആശയങ്ങള്‍ 12- 20 മിനിറ്റുകളുടെ ഡിജിറ്റല്‍ ആനിമേഷന്‍ വീഡിയോകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തിൽ മനസിലാക്കികൊടുക്കുകയാണ് ബൈജൂസ്ആപ്പ്. CBSE, ICSE, IB, സംസ്ഥാന ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാ സിലബസും ബൈജൂസ്ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
edX
ഹാർവാർഡ്, MIT, കൊളംബിയ തുടങ്ങിയ സര്‍വകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ആപ്ലിക്കേഷനാണിത്. പ്രസിദ്ധമായ സര്‍വകലാശാലകളില്‍ പഠിക്കുന്നതൊക്കെയും edX നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നു.ആകാശത്തിന് കീഴിലുള്ളതെന്തും edX വഴി നിങ്ങള്‍ക്ക് പഠിക്കാം. മികച്ച സര്‍വകലാശാലകളിലെ രണ്ടായിരത്തോളം കോഴ്സുകള്‍ edX –ല്‍ ലഭ്യമാണ്. വീഡിയോ റ്റൈപ്റ്റോറിയലുകള്‍, പഠന സാമഗ്രികള്‍, ഇന്‍ററാക്ടീവ് ക്വിസുകള്‍ തുടങ്ങിയവ edX ന്‍റെ പ്രത്യേകതകളാണ്. കോഴ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രൊഫഷണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ മികച്ച ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കും.
ഡ്യുയോലിംഗോ
പുതിയ ഭാഷകള്‍ പഠിക്കുക എന്നത് എല്ലാവര്‍ക്കും അത്ര എളുപ്പമല്ല. പഠനത്തിന് ഉപയോഗിക്കുന്ന സൂത്രങ്ങള്‍ അത്ര സുഗമമല്ലെങ്കിൽ താൽപര്യം കുറയാനുള്ള സാധ്യതവളരെ കൂടുതൽ ആണ്. ഭാഷാപഠനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ആപ്പിക്കേഷൻ ആണ് ഡ്യുയോലിംഗോ. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിൻ തുടങ്ങി വിവിധ ഭാഷകൾ പഠിക്കാനായി ഈ ആപ്പ് സഹായകമാകും. ചിത്രങ്ങളുടെ പേരുകളിൽ നിന്നാണ് അടിസ്ഥാനം തുടങ്ങുന്നത്.നിങ്ങൾ ഓരോ ലെവൽ കഴിയുംതോറും കൂടുതൽ ഗെയ്മുകളിലൂടെ ഈ ആപ്പ് നിങ്ങളുടെ ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നു.ദൈനംദിന ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാനും ഈ ആപ്പില്‍ അവസരം ഉണ്ട്. നിങ്ങളുടെ പുരോഗതി ആപ്പ് വിലയിരുത്തും. നന്നായി പ്രകടനം കാഴ്ചവച്ചാൽ നിങ്ങൾക്ക് XP-കൾ ലഭിക്കും. കൂടുതൽ XP-കൾ ലഭിച്ചാല്‍ നിങ്ങളുടെ വായനയും ശ്രവണ മികവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഇന്‍ററാക്ടീവ് കഥകൾ അൺലോക്ക് ചെയ്യാൻ സാധിക്കാം.
ഫോട്ടോമാത്
പല വിദ്യാർത്ഥികളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയം ആണ് ഗണിതം. ഏതു പ്രായത്തിലുള്ള വിദ്യാർത്ഥി ആയാലും ഗണിതം പലര്‍ക്കും കടുകട്ടി ആണ്. ഫോട്ടാമാത് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ കണക്കുകൾ പോലും ഇപ്പോള്‍ അനായാസം ചെയ്യാന്‍ സാധിക്കും. പല സ്റ്റാറ്റിസ്റ്റിക്സുകളിലും ഫോട്ടോമാത്തിനെ കുട്ടികൾക്കായുള്ള മികച്ച ആപ്പ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്.ഫോട്ടോമാത്തിന്‍റെ പഠനപ്രക്രിയ വളരെ ലളിതമാണ്. കൈയാൽ എഴുതിയതോ പ്രിന്‍റ് ചെയ്തതോ ആയ ചോദ്യത്തിന്‍റെ ഒരു ഫോട്ടോ നിങ്ങൾ എടുക്കുക. ഈ ചോദ്യം പരിഹരിക്കാനുള്ള വിധം ആപ്പ് നിങ്ങളെ നിർദ്ദേശങ്ങളും വിശദീകരണങ്ങളും നൽകി പഠിപ്പിക്കും. ഒരു ചോദ്യം പരിഹരിക്കാനുള്ള നിരവധി മാർഗ്ഗങ്ങൾ ഈ ആപ്പിൽ ഉണ്ട്.ആനിമേറ്റ് ചെയ്ത നിർദ്ദേശങ്ങളും ഇന്‍ററാക്ടിവ് ഗ്രാഫുകളും സയന്‍റിഫിക് കാൽക്കുലേറ്ററും ഒക്കെ ഫോട്ടോമാത്തിന്‍റെ പ്രത്യേകതകൾ ആണ്. ഈ ആപ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് ഇന്‍റർനെറ്റ് കണക്ഷന്‍റെ ആവശ്യമില്ല.
സോളോലേൺ
കോഡിംഗും പ്രോഗ്രാമിംഗും ഇന്ന് വളരെയധികം സാധ്യതകൾ നിറഞ്ഞ ഒരു മേഖലയാണ്. മികച്ച ടെക്കികളെ നിർമ്മിക്കുന്നത് ഈ രണ്ടു വിഷയങ്ങളിലും അവർക്കുള്ള പ്രാവീണ്യം ആണ്. കോഡിംഗ് ഇഷ്ടപ്പെടുന്നവർക്കായി തയ്യാറാക്കിയിരിക്കുന്ന ആപ്പ് ആണ് സോളോലേണ്‍. തുടക്കകാർക്കും പ്രൊഫഷണലുകൾക്കും കോഡിംഗ് സുഗമമാക്കാൻ ഉപകരിക്കുന്ന ആപ്ലിക്കേഷൻ ആണിത്. ജാവാ,പൈത്തൺ, സി++, സ്വിഫ്റ്റ്, Php, ജാവാസ്ക്രിപ്റ്റ്, HTML,CSS തുടങ്ങി എല്ലാ ഭാഷകളിലുമുള്ള കോഡിംഗ് ട്യൂറ്റോറിയലുകളുടെ ഒരു ശേഖരം തന്നെ സോളോലേണിൽ ഉണ്ട്.ആപ്പ് ഡെവലപ്പ്മെന്‍റ് മേഖലയിൽ കോഡർമാർ ഒഴിച്ച്കൂടാൻ പറ്റാത്ത ഒരു ഘടകം ആണ്. എല്ലാ മൊബൈൽആപ്പ് ഡെവലപ്പ്മെന്‍റ് ഫ്രെയിംവർക്കുകളുടെയും അടിസ്ഥാനം ഈ ഭാഷകൾ ആണ്. ഇവ പഠിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങൾക്കുള്ള ജോലി സാധ്യതകൾ ഏറും.കോഡർമാരുടെ ഒരു ഇന്‍ററാക്ടീവ് കമ്മ്യൂണിറ്റി തന്നെ ഈ ആപ്പിൽ ഉണ്ട്. ഏറ്റവും പുതിയ കോഡിംഗ് ട്രെൻഡുകളെ കുറിച്ചുള്ള ട്യൂറ്റോറിയലുകൾ ഈ ആപ്പിൽ ലഭ്യമാണ്.കൂടാതെ ഒരു സൗജന്യ മൊബൈൽ കോഡ് എഡിറ്ററും ഈ ആപ്ലിക്കേഷൻ നൽകുന്നുണ്ട്.
ടെസ്റ്റ്ബുക്ക്
സർക്കാർ തലത്തിലുള്ള വിവിധ മത്സര പരീക്ഷകൾക്കായുള്ള മികച്ച ചോദ്യങ്ങൾ പരിശീലിക്കാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണിത്. SSC, ബാങ്ക് ക്ലാര്‍ക്ക്, ബാങ്ക് SO, ബാങ്ക്PO, തുടങ്ങി നിരവധി പരീക്ഷകൾക്ക് ഈ ആപ്പ് സഹായകമാകും ഇംഗ്ലീഷ്, പൊതുവിജ്ഞാനം,കംപ്യൂട്ടർ എന്നിങ്ങനെ പരീക്ഷകൾക്ക് ആവശ്യമായ എല്ലാ സിലബസും ടെസ്റ്റ്ബുക്ക് ഉൾപ്പടുത്തിയിട്ടുണ്ട്. 40000ത്തിൽ അധികം ചോദ്യങ്ങൾ ആണ് ഈ ആപ്പിൽ ഉള്ളത്. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ആപ്പിൽ ലഭ്യമാണ്.
പോക്കറ്റ് ആപ്റ്റിറ്റൂഡ്
ഇന്ത്യയിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായകമാകുന്ന ഒരു മികച്ച ആപ്പ് ആണ് പോക്കറ്റ് ആപ്റ്റിറ്റൂഡ്. സ്ഥിരമായി ചോദിക്കാറുള്ള QA ചോദ്യങ്ങളും വഴികണക്കുകളും ഈ ആപ്പ് പരിചയപ്പെടുത്തുന്നു. ക്യാംപസ് പ്ലെയിസ്മെന്‍റ് പരീക്ഷകൾ, CAT, XAT, MAT, ബാങ്ക് പരീക്ഷകൾ, GATE, MBA, UPSC തുടങ്ങി ഏതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും പോക്കറ്റ് ആപ്റ്റിറ്റൂഡ് ഉപയോഗിക്കാം.പഠനം, പരിശീലനം, ചാലൻജ്ജ്, ക്വിസ് എന്നീ നാല് രീതികളിലായാണ് ഈ ആപ്ലിക്കേഷൻ പരിശീലനം നൽകുന്നത്. ഇതിന്‍റെ യൂസർ ഫ്രണ്ട് ലി ഇന്‍റർഫെയ്സ് ഉപയോക്താക്കൾക്ക് അനായാസം ഉപയോഗിക്കാൻ സഹായകമാകുന്നു. 2400 ൽ അധികം ചോദ്യങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്.ആപ്പുകളുടെ ലോകത്ത് വലിയ സ്ഥാനം ആണ് വിദ്യാഭ്യാസ ആപ്പുകൾക്ക് ഇന്ന് ഉള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലുമൊക്കെ വളരെയധികം ഡൗൺലോഡ് ചെയ്യപ്പെടുന്നവയാണ് ഇത്തരം ആപ്പുകൾ. ഓരോ കുട്ടിയുടെയും പഠന രീതി വ്യത്യസ്തമാണ്. ഇത് മനസിലാക്കിയാണ് വിദ്യാഭ്യാസപരമായ എല്ലാ ആപ്പുകളും ഡെവലപ്പ് ചെയ്തിരിക്കുന്നത്. അത് തന്നെയാണ് ഇത്തരം ആപ്പുകളുടെ ജനപ്രീതിക്ക് കാരണവും.
Leave a Reply