പ്ലേസ്റ്റോറില്‍ നിന്ന് മിട്രോൺ ആപ്ലിക്കേഷൻ നീക്കംചെയ്തൂ

mitron

ടിക്ക്ടോക്കിന് ബദലായി അവതരിപ്പിക്കപ്പെട്ട ഇന്ത്യന്‍ ആപ്പ് എന്ന രീതിയില്‍ വളരെപ്പെട്ടെന്ന് പ്രശസ്തി നേടിയ ഹ്രസ്വ വീഡിയോ നിര്‍മ്മാണ ആപ്പായ മിട്രോണിനെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഗൂഗിള്‍ ഈ നടപടി കൈകൊണ്ടിരിക്കുന്നത്.

യഥാർത്ഥ ഉള്ളടക്കമോ മൂല്യമോ ചേർക്കാതെ മറ്റ് ആപ്ലിക്കേഷനുകളിൽ നിന്ന് ഉള്ളടക്കം പകർത്തുന്നത് ഗൂഗിള്‍ ലംഘനമായി കണക്കാക്കുന്നു. മിട്രോണ്‍ ആപ്പ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അതിർത്തിയിൽ ഉയർന്നപ്പോൾ, ചൈനീസ് ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഓൺലൈൻ ക്യാമ്പെയ്‌നുകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിന്‍റെ ഭാഗമെന്നോണം ടിക്ക്ടോക്ക് ഉപയോക്താക്കൾ മറ്റ് ഓപ്ഷനുകളിലേക്ക് തിരിഞ്ഞപ്പോഴാണ്  മിട്രോണും ശ്രദ്ധനേടിയത്. ആന്‍ഡ്രോയിഡിൽ 5 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ആപ്ലിക്കേഷൻ ഇതിനോടകം നേടി.

മിട്രോണ്‍ആപ്പിന് പാക്കിസ്ഥാൻ ബന്ധം ഉള്ളതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യുബോക്സസിന്‍റെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഷെയ്ഖ് ആണ് മിട്രോണ്‍ ആപ്പിന്‍റെ പാക്ക് ബന്ധം വെളിപ്പെടുത്തിയത്. ടിക്ക്ടോക്ക് ആപ്ലിക്കേഷന്‍റെ സോഴ്സ് കോഡ് മിട്രോണിന്‍റെ നിർമാതാവിന് 34 ഡോളറിന് (ഏകദേശം 2500 രൂപ) വിറ്റിരുന്നു. തന്‍റെ കമ്പനിയാണ് മിട്രോണിന് വേണ്ട സോഴ്‌സ് കോഡ് വിറ്റതെന്ന് ഷെയ്ഖ് ദേശീയ മാധ്യമത്തോട് പറഞ്ഞത്. മിട്രോണ്‍ ഡെവലപ്പർ ഇങ്ങനെ ചെയ്തതിൽ ഒരു പ്രശ്നവുമില്ല. അദ്ദേഹം സ്‌ക്രിപ്റ്റിന് പണം നൽകി ഉപയോഗിച്ചു, അത് കുഴപ്പമില്ല. പക്ഷേ, ആളുകൾ ഇതിനെ ഒരു ഇന്ത്യൻ നിർമ്മിത ആപ്ലിക്കേഷൻ എന്ന് പരാമർശിക്കുന്നതാണ് പ്രശ്‌നം, പ്രത്യേകിച്ചും അവർ ഒരു മാറ്റവും വരുത്താത്തതിനാൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*