സമീപത്തുള്ള കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കണ്ടെത്തുവാൻ സഹായിക്കുന്ന പുതിയ സംവിധാനം ഗൂഗിൾ ഒരുക്കിയിരിക്കുന്നു. ഉപയോക്താക്കൾക്ക് സമീപമുള്ള കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ സേർച്ച്, അസിസ്റ്റന്റ്, മാപ്‌സ് എന്നിവയിലാണ് പുതിയ സവിശേഷത ആരംഭിച്ചിരിക്കുന്നത്. അംഗീകൃത ടെസ്റ്റിംഗ് ലാബുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് ഗൂഗിൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ), മൈഗോവ് പോർട്ടൽ എന്നിവയുമായി സഹകരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഇംഗ്ലീഷിലും മലയാളം, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, മറാത്തി, ഗുജറാത്തി എന്നീ എട്ട് ഇന്ത്യൻ ഭാഷകളിലും ഇത് ലഭ്യമാണ്. സേർച്ചിലും ഗൂഗിൾ അസിസ്റ്റന്റിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട തിരയൽ നടത്തുമ്പോൾ, ഉപയോക്താക്കൾക്ക് ഇപ്പോൾ തിരയൽ ഫലങ്ങളുടെ പേജിൽ ഒരു ‘ടെസ്റ്റിംഗ്’ ടാബ് ലഭ്യമാണ്. അതിനുമുൻപ് ആവശ്യമായ പ്രധാന വിവരങ്ങളും മാർഗ്ഗനിർദേശങ്ങളും അടങ്ങിയ ടെസ്റ്റിംഗ് ലാബുകളുടെ ഒരു ലിസ്റ്റ് നൽകുന്നു. ഗൂഗിൾ മാപ്‌സിൽ, ഉപയോക്താക്കൾ “കോവിഡ് ടെസ്റ്റിംഗ്” അല്ലെങ്കിൽ “കൊറോണ വൈറസ് ടെസ്റ്റിംഗ്” പോലുള്ള കീവേഡുകൾ ഉപയോഗിച്ച് തിരയുമ്പോൾ, സമീപത്തുള്ള ടെസ്റ്റിംഗ് ലാബുകളുടെ ഒരു ലിസ്റ്റ് ലഭ്യമാകും.
നിലവിൽ 300 നഗരങ്ങളിലെ 700-ലധികം ടെസ്റ്റിംഗ് ലാബുകൾ ഗൂഗിൾ സംയോജിപ്പിച്ചിട്ടുണ്ട്, കൂടാതെ രാജ്യത്തുടനീളം സ്ഥിതിചെയ്യുന്ന കൂടുതൽ ടെസ്റ്റിംഗ് ലാബുകൾ ഇതിൽ ചേർക്കാനുള്ള നടപടികളും ഗൂഗിൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടവരെ തിരിച്ചറിയാനുള്ള ഒരു ഫീച്ചർ ഗൂഗിൾ പുറത്തിറക്കിയിരുന്നു. ഇതുവഴി ടെസ്റ്റ്ലാബ് സന്ദർശിക്കുന്നതിന് മുൻപ് സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ച് അറിയാം.
Leave a Reply