പ്ലേലിസ്റ്റുകളിലെ ‘എഐ’ പാട്ടുകൾ കണ്ടെത്താം

പുതിയ ഡിറ്റക്ടർ ടൂളുമായി പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡീസർ
ഡിജിറ്റൽ മ്യൂസിക് ലോകത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) നിർമ്മിത ഗാനങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സുതാര്യത ഉറപ്പാക്കാൻ പുതിയ നീക്കവുമായി പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ ഡീസർ (Deezer). സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പ്ലേലിസ്റ്റുകളിൽ പൂർണ്ണമായും എഐ ഉപയോഗിച്ച് നിർമ്മിച്ച പാട്ടുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന സൗജന്യ ഓൺലൈൻ ടൂളാണ് കമ്പനി പുറത്തിറക്കിയത്.


വ്യാഴാഴ്ച പുറത്തിറക്കിയ ഈ ആധുനിക ടൂൾ 27 ഭാഷകളിൽ ലഭ്യമാണ്. കൂടാതെ ലോകമെമ്പാടുമുള്ള 20 പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ പ്ലേലിസ്റ്റുകൾ സ്കാൻ ചെയ്യാൻ ഇതിലൂടെ സാധിക്കും. പകർപ്പവകാശ ലംഘനം, വ്യാജ സ്ട്രീമിംഗ്, കലാകാരന്മാർക്കുള്ള അർഹമായ പ്രതിഫലം തട്ടിയെടുക്കൽ എന്നിവയ്‌ക്കെതിരെയുള്ള നിർണായക ചുവടുവെപ്പായാണ് ഈ പുതിയ സംവിധാനത്തെ കമ്പനി വിശേഷിപ്പിക്കുന്നത്.


പ്ലേലിസ്റ്റുകൾ സ്കാൻ ചെയ്യുന്നത് എങ്ങനെ?
ഉപയോക്താക്കൾക്ക് വളരെ ലളിതമായി ഈ സേവനം പ്രയോജനപ്പെടുത്താം. ഡീസറിന്‍റെ എഐ മ്യൂസിക് ഡിറ്റക്ടർ വെബ്‌സൈറ്റ് സന്ദർശിച്ച്, തങ്ങൾ ഉപയോഗിക്കുന്ന മ്യൂസിക് ആപ്പ് തിരഞ്ഞെടുത്ത് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയാണ് ആദ്യ പടി. തുടർന്ന് ഈ ടൂൾ പ്ലേലിസ്റ്റുകൾ പൂർണ്ണമായി പരിശോധിക്കുകയും, അതിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജമോ കൃത്രിമമോ ആയ പാട്ടുകൾ ഉണ്ടെങ്കിൽ അവയുടെ കൃത്യമായ വിവരങ്ങൾ തരംതിരിച്ചു നൽകുകയും ചെയ്യും. ഈ പരിശോധനാ ഫലം ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ വഴി പങ്കുവെക്കാനും സാധിക്കും.


പ്രതിദിനം അപ്‌ലോഡ് ചെയ്യുന്നത് 75,000 എഐ പാട്ടുകൾ
എഐ ഗാനങ്ങളുടെ കടന്നുകയറ്റം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളും ഡീസർ പുറത്തുവിട്ടു. നിലവിൽ പ്രതിദിനം ഏകദേശം 75,000 എഐ പാട്ടുകളാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഇത് ദിവസേന എത്തുന്ന ആകെ പാട്ടുകളുടെ 44 ശതമാനത്തോളമാണ്. എന്നാൽ, നിലവിൽ ശ്രോതാക്കൾ കേൾക്കുന്ന ആകെ പാട്ടുകളിൽ 1 മുതൽ 3 ശതമാനം വരെ മാത്രമാണ് പൂർണ്ണമായും എഐ നിർമ്മിത ഗാനങ്ങളുള്ളത്.


എഐ പാട്ടുകൾക്ക് കൃത്യമായ ലേബലിംഗ് വേണമെന്നാണ് ഭൂരിഭാഗം ശ്രോതാക്കളും ആഗ്രഹിക്കുന്നത്. ഡീസറും ഇപ്സോസും (Ipsos) ചേർന്ന് നടത്തിയ ആഗോള സർവേയിൽ, 80 ശതമാനം ആളുകളും എഐ പാട്ടുകൾ പ്രത്യേകം അടയാളപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. 73 ശതമാനം ആളുകൾ പ്ലാറ്റ്‌ഫോമുകൾ എഐ പാട്ടുകൾ റെക്കമെൻഡ് ചെയ്യുമ്പോൾ അത് മുൻകൂട്ടി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ഡീസറിന്‍റെ കർശന നടപടികൾ
2025-ന്‍റെ തുടക്കം മുതൽ തന്നെ ഡീസർ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എഐ പാട്ടുകൾ കണ്ടെത്തുകയും ടാഗ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം പാട്ടുകൾ അൽഗോരിതം റെക്കമൻഡേഷനുകളിൽ നിന്നും എഡിറ്റോറിയൽ പ്ലേലിസ്റ്റുകളിൽ നിന്നും കമ്പനി പൂർണ്ണമായി ഒഴിവാക്കാറുണ്ട്. പകർപ്പവകാശ പ്രശ്നങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, തങ്ങളുടെ ഈ എഐ ഡിറ്റക്ഷൻ സാങ്കേതികവിദ്യ മറ്റ് മ്യൂസിക് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ചെയ്തു നൽകാനും ഡീസർ ആലോചിക്കുന്നുണ്ട്.

About The Author