വാട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്‍റില്‍ അഡ്മിന് പങ്കില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.
ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിന്‍റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്സോ കേസ് കോടതി റദ്ദാക്കി. ഫ്രണ്ട്സ് എന്ന പേരുള്ള ഗ്രൂപ്പ് ഉണ്ടാക്കി അതിന്‍റെ അഡ്മിന്‍ ആയിരുന്നു മാനുവല്‍. തന്‍റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ഈ ഗ്രൂപ്പില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ്പ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയും അത് കേസ് ആകുകയുമായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതിചേര്‍ത്ത പൊലീസ്, അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാനുവലിനെയും പ്രതി ചേര്‍ത്തു. ഇതിനെതിരെയാണ് കേസ് റദ്ദാക്കാന്‍ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ദില്ലി ഹൈക്കോടതി വിധികള്‍ ഉണ്ടെന്ന് ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്. ഒപ്പം തന്നെ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെതിരെ വ്യക്തമായ ആരോപണം ഒന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
Leave a Reply