ഫോണിലെ അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാം

ആൻഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷൻ പാനൽ ധാരാളം നോട്ടിഫിക്കേഷനുകളാൽ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ അവയില്‍ നിന്ന് ആവശ്യമുള്ള നോട്ടിഫിക്കേഷനുകൾക്ക് മാത്രമായി എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവാം. ആൻഡ്രോയ്ഡ് ഫോണുകളില്‍ ഇത്തരം അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യാൻ സൗകര്യമുണ്ട്. ആപ്പ് മൊത്തത്തിൽ അൺഇൻസ്റ്റാൾ ചെയ്യാതെ തന്നെ നിങ്ങൾക്ക് ഒരു ആപ്പിൽ നിന്നുള്ള അനാവശ്യ അറിയിപ്പുകൾ തടയാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ സാധിക്കും.

ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ എങ്ങനെ പൂർണ്ണമായും തടയാം

സ്റ്റെപ്പ് 1: ഒരു ആപ്പിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും പൂർണ്ണമായി തടയുന്നതിന്, ആ ആപ്പിൽ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനിൽ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോൾ ദൃശ്യമാകുന്ന സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് എന്ന് എഴുതിയ നിലയിലോ ഒരു ഗിയർ ഐക്കണിന്‍റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷൻ ദൃശ്യമാവുക.

സ്റ്റെപ്പ് 2: സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ പ്രത്യേക ആപ്പിന്‍റെ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ഓപ്ഷൻ ലഭിക്കും. ഇതിൽ ആപ്പിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓൾ നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ അൺചെക്ക് ചെയ്യുക.

മെസ്സേജ് അയക്കുന്നതിനുള്ള ആപ്പുകൾ പോലെ നമ്മള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആപ്പുകൾക്കോ മറ്റ് പ്രധാന ആപ്പുകൾക്കോ ഇത്തരത്തിൽ മുഴുവൻ നോട്ടിഫിക്കേഷനും ഓഫാക്കുന്നത് ഉത്തമം ആയിരിക്കില്ല. എന്നാല്‍ ഇത്തരം ആപ്പുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകൾ മാത്രം തിരഞ്ഞെടുത്ത് ബ്ലോക്ക് ചെയ്യാം.

ഒരു ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ തിരഞ്ഞെടുത്ത് എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് നോക്കാം

ചിലപ്പോൾ, ഒരു ആപ്പിൽ നിന്നുള്ള ചില നോട്ടിഫിക്കേഷനുകൾ മാത്രം നിങ്ങൾക്ക് തടയേണ്ടതുണ്ടാവും. പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകൾക്ക് ഇത് ഉപയോഗപ്രദമാകും, അവിടെ പണമിടപാടുകളെക്കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കണം, എന്നാൽ ലോൺ ഓഫറുകളെ കുറിച്ചോ മറ്റോ ഉള്ള നോട്ടിഫിക്കേഷനുകൾ ലഭിക്കേണ്ടതുണ്ടാവുകയുമില്ല. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

സ്റ്റെപ്പ് 1: നിങ്ങൾ ചില നോട്ടിഫിക്കേഷനുകൾ മാത്രം ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പിന്‍റെ നോട്ടിഫിക്കേഷനിൽ ദീർഘനേരം ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2: സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആ പ്രത്യേക ആപ്പിന്‍റെ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ഓപ്ഷൻ ലഭിക്കും. ഇതിൽ ആപ്പിൽ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ടാവും. അതിൽ നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകൾ അൺചെക്ക് ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*