ബാറ്ററി സാങ്കേതികവിദ്യ ഇന്ന് അതിവേഗം വളരുകയാണ്. വരും കാലങ്ങളിൽ വളരെ ചെറിയ ബാറ്ററിയിൽ പോലും കൂടുതൽ പവർ സൂക്ഷിച്ച് വെക്കാൻ സാധിക്കും. ബാറ്ററി സാങ്കേതികവിദ്യയുടെ ഭാഗമായുള്ള പവര്‍ബാങ്കുകള്‍ക്ക് ഇന്ന് പ്രചാരവും ഏറിവരുകയാണ്. 5000 എംഎഎച്ച്, 10000 എംഎഎച്ച്, 20000 എംഎഎച്ച് എന്നിങ്ങനെ പല വിധത്തിലുള്ള പവർബാങ്കുകൾ ഉണ്ട്. എന്നാൽ ഇവയൊന്നും വാഷിങ് മെഷീനും ഇലക്ട്രിക്ക് സ്കൂട്ടറും വരെ പ്രവർത്തിപ്പിക്കുന്ന പവർബാങ്കുകൾ അല്ല. എന്നാല്‍, ഹാൻഡി ഗെങ് എന്ന ചൈനീസ് ഗവേഷകന്‍ ഇത്തരമൊരു വമ്പൻ പവർബാങ്ക് ഉണ്ടാക്കിയിരിക്കുകയാണ്. 27 ദശലക്ഷം എംഎഎച്ച് ബാറ്ററി ശേഷിയുള്ള പവർബാങ്കാണ് ഇയാൾ കണ്ടുപിടിച്ചത്. ഇതിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ പവർബാങ്ക് എന്ന റെക്കോർഡ് ഇപ്പോൾ 27 ദശലക്ഷം എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഗെങ് വികസിപ്പിച്ച ഈ ഉത്പന്നത്തിനാണ്. ഇത് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഒന്നല്ല. ഈ പവർബാങ്കിന് ഒരു ചെറിയ കാറിന്‍റെയത്രയും നീളമുണ്ട്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനായി ഇതിന് ചക്രവണ്ടി തന്നെ വേണ്ടിവരും.
പവർ ബാങ്കിന്‍റെ ആദ്യം മുതലുള്ള പൂർണ്ണമായ നിർമ്മാണം കാണിക്കുന്ന ഒരു പുതിയ യൂട്യൂബ് വീഡിയോയിൽ ഗെങ് ഈ വമ്പന്‍ പവര്‍ബാങ്ക് എല്ലാവർക്കുമായി കാണിച്ചു. ഇലക്ട്രിക് പാൻ, ഒരു വാഷിംഗ് മെഷീൻ, ടിവി, ഇലക്ട്രിക് സ്കൂട്ടർ എന്നിവയുൾപ്പെടെയുള്ള ഏത് ഇലക്ട്രിക്കൽ ഉത്പന്നങ്ങളും പ്രവർത്തിപ്പിക്കാൻ ഈ പവർബാങ്കിന് സാധിക്കും. ഇതിനകത്ത് ഒരു ബാറ്ററി പായ്ക്ക് ഉണ്ട്. ഈ ബാറ്ററി പായ്ക്ക് ശരിക്കും ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്നതാണ്. ഈ വമ്പൻ ബാറ്ററി ഗെങ് ഓർഡർ ചെയ്ത് വരുത്തിക്കുകയും അതിന്‍റെ എല്ലാ കവറുകളും ഔട്ട്പുട്ട് പോയിന്‍റുകളും അദ്ദേഹം തന്നെ നിർമ്മിക്കുകയുമാണ് ചെയ്തത്.
ഫോണുകൾക്കായി മൊത്തത്തിൽ 50 മുതൽ 60 വരെ ചാർജിംഗ് പോയിന്‍റുകൾ വരെ ഇതിലുണ്ട്. 15 മുതൽ 20 വരെ ഫോണുകൾ പവർ ബാങ്കിലൂടെ ചാർജ് ചെയ്യാനായി കണക്റ്റ് ചെയ്യുകയും അവയെല്ലാം ഒരേസമയം ചാർജ് ചെയ്യുകയും ചെയ്യുന്നതായി വീഡിയോയിൽ കാണുന്നുണ്ട്. യാത്രയ്ക്കിടയിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ, ഒരു വാഷിംഗ് മെഷീൻ, ഒരു ഇലക്ട്രിക് കെറ്റിൽ, ടിവി എന്നിവപോലും ചാർജ് ചെയ്യാൻ ചാർജറിന് കഴിയുമെന്ന് ഗെങ് തെളിയിക്കുന്നു.
വലിയ അളവിൽ പവർ സ്റ്റോർ ചെയ്ത് വെക്കാനും ഉപയോഗിക്കാനും സാധിക്കുന്ന പുതിയ സാധ്യതകൾ ഈ പവർബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഏത് തരം ഇലക്ട്രോണിക് ഉപകരണവും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പവർബാങ്ക് എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. 27 ദശലക്ഷം എംഎഎച്ച് ബാറ്ററിയുള്ള പവർബാങ്കിനെ ഒരു കൗതുകം എന്നതിനപ്പുറം പുതിയ ആശയങ്ങളിലേക്കുള്ള ചുവടുവെപ്പായി കൂടി കാണേണ്ടതാണ്.
Leave a Reply