ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഏറെ ആഗ്രഹിച്ചിരുന്ന ‘മെസേജ് ഷെഡ്യൂളിങ്’ എന്ന സുപ്രധാന ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിക്കുന്നു. ഐഫോൺ ഉപഭോക്താക്കൾക്കായുള്ള ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റ പതിപ്പിലാണ് സന്ദേശങ്ങൾ അയക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ ഫീച്ചർ ലഭ്യമായിരിക്കുന്നത്. ആപ്പിളിന്റെ ടെസ്റ്റ് ഫ്ലൈറ്റ് ആപ്പിൽ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായ ഈ സൗകര്യം, പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വൈകാതെ തന്നെ പൊതുജനങ്ങൾക്കും ലഭ്യമായിത്തുടങ്ങും.
പുതിയ ഫീച്ചർ പ്രകാരം ഉപഭോക്താക്കൾക്ക് തങ്ങൾ അയക്കാൻ ആഗ്രഹിക്കുന്ന സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് ഏത് തീയതിയിലും സമയത്തും അയക്കണമെന്ന് മുൻകൂട്ടി ക്രമീകരിക്കാൻ സാധിക്കും. ഇങ്ങനെ ഷെഡ്യൂൾ ചെയ്യുന്ന സന്ദേശങ്ങൾ ചാറ്റ് ഇൻഫോ സ്ക്രീനിലെ ഒരു പ്രത്യേക വിഭാഗത്തിൽ ക്യൂ ചെയ്യപ്പെടും. സന്ദേശം അയക്കുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും അത് തിരുത്താനോ ഡിലീറ്റ് ചെയ്യാനോ ഉപഭോക്താവിന് സാധിക്കും. ഷെഡ്യൂൾ ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്താൽ അത് സ്വീകരിക്കേണ്ട വ്യക്തിക്ക് യാതൊരുവിധ അറിയിപ്പും ലഭിക്കില്ല എന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്.
വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഒരുപോലെ ഈ സൗകര്യം ലഭ്യമാകുന്നതോടെ ജന്മദിനാശംസകൾ, ഔദ്യോഗിക അറിയിപ്പുകൾ, റിമൈൻഡറുകൾ എന്നിവ കൃത്യസമയത്ത് അയക്കാൻ ഇനി ഫോണിന് മുന്നിൽ കാത്തിരിക്കേണ്ടതില്ല. നിലവിൽ ഐഫോണുകളിൽ ഷോർട്ട്കട്ട്സ് വഴിയും ആൻഡ്രോയിഡിൽ മറ്റ് ആപ്പുകൾ വഴിയുമാണ് പലരും മെസേജ് ഷെഡ്യൂൾ ചെയ്യുന്നത്. എന്നാൽ ഇത്തരം രീതികൾ സ്വകാര്യതാ പ്രശ്നങ്ങളും സുരക്ഷാ ഭീഷണികളും ഉയർത്തുന്നതിനാൽ, വാട്സാപ്പിന്റെ ഔദ്യോഗിക ഫീച്ചർ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും ലളിതവുമായ അനുഭവം നൽകും.
ഇതോടൊപ്പം തന്നെ ‘ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി’ എന്ന മറ്റൊരു പ്രധാന ഫീച്ചറും വാട്സാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ പുതുതായി ചേരുന്നവർക്ക് അതിന് മുൻപ് നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാൻ ഇത് സഹായിക്കും. ഒരാളെ ഗ്രൂപ്പിലേക്ക് ചേർക്കുന്ന സമയത്ത് തന്നെ പഴയ സന്ദേശങ്ങൾ പങ്കുവെക്കണോ എന്ന് വാട്സ്ആപ്പ് ചോദിക്കും. പുതിയ അംഗങ്ങൾക്ക് പഴയ 100 സന്ദേശങ്ങൾ വരെ ഈ ഫീച്ചറിലൂടെ കാണാൻ സാധിക്കും. പുതിയ ഗ്രൂപ്പ് അംഗങ്ങൾക്ക് ഹിസ്റ്ററി ഷെയർ ചെയ്യുമ്പോൾ ഗ്രൂപ്പിലെ മറ്റംഗങ്ങൾക്ക് അത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഗ്രൂപ്പ് അഡ്മിൻമാർക്ക് വേണമെങ്കിൽ ഈ സൗകര്യം പൂർണ്ണമായും ഓഫ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ ലളിതമാക്കാനുള്ള വാട്സ്ആപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ മാറ്റം.നിലവിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഇത്തരം പുത്തൻ മാറ്റങ്ങൾ പ്രയോജനപ്പെടുത്താം. ഈ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകും എന്ന കാര്യത്തിൽ മെറ്റ ഔദ്യോഗികമായ തീയതി ഉടൻ പുറത്തുവിടും.
