സ്റ്റൈലൻ ലുക്കും വമ്പൻ ബാറ്ററിയും; ടെക്നോ പോവ കർവ് 2 വിപണിയിൽ

സ്മാർട്ട്ഫോൺ വിപണിയിലെ ഡിസൈൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘പോവ കർവ് 2’ ഇന്ത്യയിൽ പുറത്തിറക്കി. ബഹിരാകാശ പേടകങ്ങളിൽ നിന്നും സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ഫോണിന് 27,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. വിപണിയിലുള്ള മിക്ക ഫോണുകളും ബോക്സി ഡിസൈനുകൾ പിന്തുടരുമ്പോൾ, ത്രികോണാകൃതിയിലുള്ള ക്യാമറ മോഡ്യൂളും സവിശേഷമായ സ്ട്രിപ്പുകളും നൽകി തികച്ചും വ്യത്യസ്തമായ ലുക്കിലാണ് പോവ കർവ് 2 എത്തിയിരിക്കുന്നത്. 7.42 മില്ലീമീറ്റർ മാത്രം കനമുള്ള ഈ ഫോൺ മികച്ചൊരു പ്രീമിയം ലുക്ക് വാഗ്ദാനം ചെയ്യുന്നു.


കാഴ്ചയിലെ ഭംഗിക്ക് പുറമെ സാങ്കേതികമായി മികച്ച നിലവാരമുള്ള 6.78 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റ് മികച്ച വേഗത ഉറപ്പാക്കുമ്പോൾ, 4500 നിറ്റ്സ് ബ്രൈറ്റ്‌നസ് സൂര്യപ്രകാശത്തിലും വ്യക്തമായ ദൃശ്യങ്ങൾ നൽകാൻ സഹായിക്കുന്നു. ഒഎൽഇഡി സ്ക്രീനുകളിൽ കാണപ്പെടുന്ന ഫ്ലിക്കറിംഗ് കുറയ്ക്കുന്നതിനായി 2,340Hz PWM ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വശങ്ങൾ വളഞ്ഞ ഡിസൈനിലുള്ള (3D Curve) ഈ പാനൽ സിനിമാ കാഴ്ചകൾക്കും വീഡിയോ സ്ട്രീമിംഗിനും മികച്ച അനുഭവം നൽകുന്നതാണ്.
മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റിന്‍റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സാധാരണ ഉപയോക്താക്കളുടെ ദൈനംദിന കാര്യങ്ങൾക്കും മൾട്ടിടാസ്കിംഗിനും ഇത് അനുയോജ്യമാണെങ്കിലും കടുത്ത ഗെയിമർമാർക്ക് ഇതൊരു മികച്ച ചോയിസ് ആയിരിക്കില്ല. എങ്കിലും ബിജിഎംഐ പോലുള്ള ഗെയിമുകൾ മിതമായ സെറ്റിംഗിൽ സുഗമമായി കളിക്കാൻ സാധിക്കും. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ പ്രധാന സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസുമാണ് നൽകിയിരിക്കുന്നത്. സെൽഫിക്കായി 13 മെഗാപിക്സൽ ക്യാമറയും ഇതിലുണ്ട്. എന്നാൽ ഈ വില നിലവാരത്തിലുള്ള പല എതിരാളികളെയും അപേക്ഷിച്ച് അൾട്രാ വൈഡ് ലെൻസിന്റെ അഭാവം ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഈ ഫോണിനെ വിപണിയിലെ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടു നിർത്തുന്ന പ്രധാന ഘടകം ഇതിലെ 8,000mAh എന്ന വമ്പൻ ബാറ്ററിയാണ്. ഇത്രയും കുറഞ്ഞ കനത്തിൽ ഇത്ര വലിയ ബാറ്ററി ഉൾപ്പെടുത്തി എന്നത് സാങ്കേതികമായി വലിയ നേട്ടമാണ്. മിതമായ ഉപയോഗത്തിൽ രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 45W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഇതിനൊപ്പമുണ്ട്. ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ ടെക്നോയുടെ സ്വന്തം ‘Ella’ AI അസിസ്റ്റന്റാണ് ഉള്ളത്. ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയിലെ സെർവറുകളിൽ തന്നെ സൂക്ഷിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. വ്യത്യസ്തമായ ഡിസൈനും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയും ആഗ്രഹിക്കുന്നവർക്ക് പോവ കർവ് 2 മികച്ചൊരു ഓപ്ഷനായിരിക്കും.

About The Author