മരിച്ചാലും സോഷ്യൽ മീഡിയയിൽ ‘ജീവിക്കാം’: ഡിജിറ്റൽ ക്ലോണിംഗിന് പേറ്റന്റ് സ്വന്തമാക്കി മെറ്റ

ഉപയോക്താക്കൾ മരണപ്പെട്ട ശേഷമോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയത്തോ അവർക്ക് പകരമായി പ്രവർത്തിക്കാൻ കഴിയുന്ന അത്യാധുനിക കൃത്രിമബുദ്ധി സാങ്കേതികവിദ്യയ്ക്ക് മെറ്റാ പേറ്റന്റ് സ്വന്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഒരാളുടെ അഭാവത്തിലും സന്ദേശങ്ങൾക്ക് മറുപടി നൽകാനും പോസ്റ്റുകൾ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഈ എഐ സംവിധാനത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


മെറ്റായുടെ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്‌വർത്ത് 2023-ൽ ഫയൽ ചെയ്ത പേറ്റന്റാണിപ്പോൾ കമ്പനി ഔദ്യോഗികമായി സ്വന്തമാക്കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മുൻകാല കമന്റുകൾ, പോസ്റ്റുകൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ വിശകലനം ചെയ്ത് ആ വ്യക്തിയുടെ അതേ സ്വഭാവരീതിയിലുള്ള ഒരു ഡിജിറ്റൽ പതിപ്പിനെ സൃഷ്ടിക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. കേവലം സന്ദേശങ്ങൾ അയക്കുന്നതിൽ ഉപരിയായി മരണപ്പെട്ട വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനുള്ള സാധ്യതകളും ഈ പേറ്റന്റ് രേഖകളിൽ പരാമർശിക്കുന്നുണ്ട്.


മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഡിജിറ്റൽ സാന്നിധ്യം നിലനിർത്തുന്നത് അവരെ നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുമെന്നാണ് മെറ്റായുടെ വാദം. എന്നാൽ ‘ഗോസ്റ്റ് ബോട്ടുകൾ’ അല്ലെങ്കിൽ ‘ഡെത്ത് ബോട്ടുകൾ’ എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ വലിയ രീതിയിലുള്ള ധാർമ്മികവും നിയമപരവുമായ ആശങ്കകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ഒരാളുടെ സ്വകാര്യതയും വ്യക്തിത്വവും മരണശേഷവും കൃത്രിമമായി ഉപയോഗിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


മുമ്പ് മൈക്രോസോഫ്റ്റും സമാനമായ രീതിയിലുള്ള പേറ്റന്റ് സ്വന്തമാക്കിയിരുന്നെങ്കിലും ആധുനിക എഐ യുഗത്തിൽ മെറ്റായുടെ നീക്കം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതേസമയം, ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിക്കാൻ പേറ്റന്റ് എടുത്തു എന്നതുകൊണ്ട് ഇത് ഉടൻ തന്നെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകുമെന്ന് അർത്ഥമില്ലെന്ന് മെറ്റാ വക്താവ് വ്യക്തമാക്കി. പല ആശയങ്ങളും പകർപ്പവകാശത്തിനായി പേറ്റന്റ് ചെയ്യാറുണ്ടെന്നും എന്നാൽ ഈ പ്രത്യേക എഐ മോഡലുമായി മുന്നോട്ട് പോകാൻ നിലവിൽ കമ്പനിക്ക് പദ്ധതികളൊന്നുമില്ലെന്നുമാണ് മെറ്റായുടെ ഔദ്യോഗിക വിശദീകരണം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*