ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ പ്രമുഖരായ ആന്ത്രോപിക്, തങ്ങളുടെ ക്ലോഡ് (Claude) എഐയിലെ ഏറ്റവും കരുത്തുറ്റ ഫീച്ചറുകൾ സാധാരണ ഉപയോക്താക്കൾക്കായി സൗജന്യമായി തുറന്നുനൽകി. ഇതുവരെ പണം നൽകുന്ന വരിക്കാർക്ക് മാത്രം ലഭ്യമായിരുന്ന ഫയൽ ക്രിയേഷൻ, ആപ്പ് കണക്ടറുകൾ, കസ്റ്റം സ്കില്ലുകൾ തുടങ്ങിയ നൂതന സൗകര്യങ്ങളാണ് ഇപ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ തന്നെ ലഭ്യമാകുന്നത്. ചാറ്റ് ജിപിറ്റി, ജെമിനി തുടങ്ങിയ എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണ് ആന്ത്രോപിക്കിന്റെ ഈ പുതിയ നീക്കം.
പുതിയ അപ്‌ഡേറ്റ് പ്രകാരം ക്ലോഡ് ഉപയോഗിക്കുന്നവർക്ക് ചാറ്റിനിടയിൽ തന്നെ പവർപോയിന്‍റ് പ്രസന്‍റേഷനുകൾ, എക്‌സൽ ഷീറ്റുകൾ, വേർഡ് ഡോക്യുമെന്‍റുകൾ എന്നിവ നേരിട്ട് നിർമ്മിക്കാൻ സാധിക്കും. ലളിതമായ നിർദ്ദേശങ്ങളിലൂടെ ഫോർമുലകളോട് കൂടിയ സ്പ്രെഡ്ഷീറ്റുകൾ തയ്യാറാക്കാനും പ്രസന്‍റേഷൻ സ്ലൈഡുകൾ രൂപകൽപ്പന ചെയ്യാനും ഇത് സഹായിക്കുന്നു. ഇതിനുപുറമെ ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, സ്ലാക്ക് തുടങ്ങിയ ആപ്പുകളെ ക്ലോഡുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ വിവരങ്ങൾ കോപ്പി-പേസ്റ്റ് ചെയ്യാതെ തന്നെ മറ്റ് ആപ്പുകളിൽ നിന്ന് ഡാറ്റ ശേഖരിക്കാനും അവ വിശകലനം ചെയ്യാനും ക്ലോഡിന് സാധിക്കും.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിറ്റി തങ്ങളുടെ സൗജന്യ പ്ലാനുകളിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ, പരസ്യരഹിതമായ മികച്ച സേവനം നൽകാനാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ ജോലി ശൈലിക്കനുസരിച്ച് എഐയെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന കസ്റ്റം സ്കില്ലുകളും സൗജന്യ പ്ലാനിന്‍റെ ഭാഗമാണ്. കൂടാതെ സൗജന്യ ഉപയോക്താക്കൾക്ക് കൂടുതൽ സമയം ചാറ്റ് ചെയ്യാനുള്ള സൗകര്യവും മെച്ചപ്പെട്ട ഇമേജ് സെർച്ച് സംവിധാനവും ക്ലോഡ് അവതരിപ്പിച്ചു. എഐ അസിസ്റ്റന്‍റുകൾക്കായി പണം ചിലവഴിക്കാൻ ആഗ്രഹിക്കാത്ത പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ചാണ് ഈ വമ്പൻ മാറ്റങ്ങൾ.
