ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ വരുന്നു

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മാതൃകകൾ പരീക്ഷിക്കാൻ മെറ്റാ പ്ലാറ്റ്‌ഫോംസ് ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മേഖലയിൽ നടത്തിയ വൻ നിക്ഷേപങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ നീക്കം നടത്തുന്നത്. ടെക് ക്രഞ്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വരും മാസങ്ങളിൽ ഈ പരീക്ഷണം ആരംഭിക്കും. സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകവും ഉൽപ്പാദനക്ഷമവുമായ പുതിയ ഫീച്ചറുകളും വിപുലമായ എഐ ശേഷികളും ലഭ്യമാകും.


കഴിഞ്ഞ ഡിസംബറിൽ മെറ്റാ ഏകദേശം 2 ബില്യൺ ഡോളറിന് സ്വന്തമാക്കിയ സിംഗപ്പൂർ ആസ്ഥാനമായുള്ള എഐ സ്റ്റാർട്ടപ്പ് ‘മാനസ്’ (Manus) വികസിപ്പിച്ച സാങ്കേതികവിദ്യ ഈ പ്ലാനുകളുടെ പ്രധാന ആകർഷണമായിരിക്കും. സങ്കീർണ്ണമായ ജോലികൾ സ്വയം ചെയ്യാൻ കഴിവുള്ള ഈ എഐ ഏജന്‍റുകൾ ബിസിനസ് ആവശ്യങ്ങൾക്കും പ്രൊഫഷണൽ ജോലികൾക്കും ഏറെ സഹായകമാകും. നിലവിൽ മെറ്റായുടെ ‘ലാമ’ (Llama) പോലുള്ള എഐ മോഡലുകൾ സൗജന്യമായി ലഭ്യമാണെങ്കിലും, കൂടുതൽ കരുത്തുറ്റ ഫീച്ചറുകൾക്കായി പണം ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരുടെ പെയ്ഡ് പ്ലാനുകളിലൂടെ നേടുന്ന വരുമാനം ലക്ഷ്യമിട്ടാണ് സക്കർബർഗിന്‍റെ ഈ പുതിയ തന്ത്രം.


കൂടാതെ, എഐ ഉപയോഗിച്ച് വീഡിയോകൾ നിർമ്മിക്കാനും മാറ്റങ്ങൾ വരുത്താനും സഹായിക്കുന്ന ‘വൈബ്സ്’ (Vibes) എന്ന പ്ലാറ്റ്‌ഫോമിലും സബ്‌സ്‌ക്രിപ്‌ഷൻ വരുന്നുണ്ട്. 2025-ൽ പ്രവർത്തനം തുടങ്ങിയ വൈബ്സ് നിലവിൽ സൗജന്യമാണെങ്കിലും, ഭാവിയിൽ ഇതിന്‍റെ പ്രീമിയം സൗകര്യങ്ങൾക്കായി പണം നൽകേണ്ടി വരും. സാധാരണ ഉപയോക്താക്കൾക്ക് അടിസ്ഥാന സേവനങ്ങൾ സൗജന്യമായി തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ പ്ലാനുകൾ നിലവിലുള്ള ‘മെറ്റാ വെരിഫൈഡ്’ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. വെരിഫൈഡ് ബാഡ്ജിനും സുരക്ഷയ്ക്കും പകരം പുതിയ പ്ലാൻ എഐ ക്രിയേറ്റിവിറ്റിക്കും ജോലികൾ എളുപ്പമാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.

About The Author