ഗൂഗിളിന്‍റെ ‘CC’; നിങ്ങളുടെ ഓരോ ദിവസവും ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാൻ ചെയ്യും

നമ്മുടെ ഡിജിറ്റൽ ജീവിതം കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ‘CC’ എന്ന പുതിയൊരു AI ഏജന്‍റിനെ ഗൂഗിൾ അവതരിപ്പിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന ഈ AI ഏജന്‍റ് നിങ്ങളുടെ ദിവസം കൂടുതൽ ആയാസരഹിതമാക്കും. ഓരോ ദിവസവും രാവിലെ നിങ്ങളുടെ ഇൻബോക്സിലേക്ക് അന്നേ ദിവസത്തെ പ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഹ്രസ്വ വിവരണം എത്തിക്കുക എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രധാന ദൗത്യം. നിങ്ങയുടെ ജിമെയിൽ, ഗൂഗിൾ കലണ്ടർ, മറ്റ് ഡോക്യുമെന്‍റുകൾ എന്നിവ സസൂക്ഷ്മം പരിശോധിച്ചാണ് ‘യുവർ ഡേ എഹെഡ്’ എന്ന പേരിൽ ഒരു വ്യക്തിഗത റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഗൂഗിളിന്‍റെ ഏറ്റവും കരുത്തുറ്റ ‘ജെമിനി’ മോഡലുകളെ അടിസ്ഥാനമാക്കിയാണ് CC പ്രവർത്തിക്കുന്നത്. ഒരു സാധാരണ ചാറ്റബോട്ടിനേക്കാൾ ഉപരി, ഒരു യഥാർത്ഥ അസിസ്റ്റന്‍റിനെപ്പോലെ പ്രവർത്തിക്കാൻ ഇതിന് സാധിക്കും. ഉദാഹരണത്തിന്, അന്നേ ദിവസം അടയ്‌ക്കേണ്ട ബില്ലുകൾ, നിശ്ചയിച്ചിട്ടുള്ള മീറ്റിംഗുകൾ, ചെയ്യേണ്ട പ്രധാന ജോലികൾ എന്നിവയെല്ലാം ഇത് കൃത്യമായി ഓർമ്മിപ്പിക്കും. വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഇമെയിലുകൾക്ക് മറുപടി നൽകാനുള്ള ഡ്രാഫ്റ്റുകൾ തയ്യാറാക്കാനും ഉപയോക്താവിന്‍റെ സമ്മതത്തോടെ കലണ്ടറിൽ പുതിയ കാര്യങ്ങൾ ചേർക്കാനും ഈ AI ഏജന്‍റിന് സാധിക്കും.


മറ്റ് AI സംവിധാനങ്ങളിൽ നിന്ന് CC-യെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ പഠനശേഷിയാണ്. ഇമെയിലുകൾ വഴിയോ നേരിട്ടുള്ള സന്ദേശങ്ങൾ വഴിയോ ഉപയോക്താക്കൾക്ക് ഈ അസിസ്റ്റന്‍റിന് നിർദേശങ്ങൾ നൽകാം. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഇതിനെ പഠിപ്പിക്കാനും പ്രധാനപ്പെട്ട കാര്യങ്ങൾ ഓർത്തു വെക്കാൻ നിർദ്ദേശിക്കാനും സാധിക്കും. ഓപ്പൺ എഐയുടെ ‘ചാറ്റ് ജിപിറ്റി പൾസ്’ എന്ന ഫീച്ചറിന് സമാനമാണ് ഈ സംവിധാനം. വാർത്തകളും സ്പോർട്സ് വിശേഷങ്ങളും നൽകുന്നതിലാണ് പൾസ് ശ്രദ്ധ നൽകുന്നതെങ്കിൽ, ഉപയോക്താക്കളുടെ സ്വകാര്യ കാര്യങ്ങൾ കൂടുതൽ കൃത്യമായി മാനേജ് ചെയ്യാനാണ് ഗൂഗിൾ മുൻഗണന നൽകുന്നത്.


നിലവിൽ അമേരിക്കയിലും കാനഡയിലുമുള്ള 18 വയസ്സിന് മുകളിലുള്ള പെയ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ‘ഗൂഗിൾ ലാബ്‌സ്’ വഴി ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ക്രോം ബ്രൗസറിലും സമാനമായ AI മാറ്റങ്ങൾ ഗൂഗിൾ കൊണ്ടുവരുന്നുണ്ട്. എന്നാൽ ഇത്തരം ഓട്ടോണമസ് ഏജന്‍റുകൾ സൈബർ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്ന സുരക്ഷാ ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട്, അവിശ്വസനീയമായ വെബ് സൈറ്റുകളിൽ നിന്നുള്ള ഇടപെടലുകൾ തടയാൻ ‘യൂസർ അലൈൻമെന്‍റ് ക്രിട്ടിക്’ എന്ന പ്രത്യേക സുരക്ഷാ സംവിധാനവും ഗൂഗിൾ വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ അപ്ഡേഷനോടെ ഇന്ത്യഉൾപ്പെടെ മറ്റു രാജ്യങ്ങളിലും ഭാവിയിൽ ഡിജിറ്റൽ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് വിദഗ്ധർ ഈ AI ഏജന്‍റിനെ കാണുന്നത്.

About The Author