സ്‌ക്രീനില്ലായ്മയാണ് പുതിയ ലക്ഷ്വറി

പ്രമുഖ ടെക് വിദഗ്ധർക്കിടയിൽ സമീപകാലത്ത് ശ്രദ്ധേയമായ ഒരു മാറ്റം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: മുൻനിര ടെക് എക്സിക്യൂട്ടീവുകളുടെ കൈത്തണ്ടയിൽ നിന്ന് പരമ്പരാഗത സ്മാർട്ട് വാച്ചുകൾ അപ്രത്യക്ഷമാകുന്നു, പകരം സ്‌ക്രീനില്ലാത്തതും സൂക്ഷ്മവുമായ ‘വൂപ്പ്’ (Whoop) പോലുള്ള ഫിറ്റ്‌നസ് ട്രാക്കറുകൾ സ്ഥാനം നേടുന്നു. ഈ മാറ്റം ഉപഭോക്തൃ വെയറബിൾ വിപണിയിലെ പുതിയ പ്രവണതകളിലേക്കും ‘ഡാറ്റാ-ഫസ്റ്റ്’ സമീപനത്തിന്‍റെ വളർച്ചയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

വൂപ്പ് അല്ലെങ്കിൽ ഊറ സ്മാർട്ട് റിംഗ് പോലുള്ള ഉപകരണങ്ങൾ മുൻകാലങ്ങളിലെ അടിസ്ഥാന ഫിറ്റ്‌നസ് ബാൻഡുകളിൽ നിന്നും ആപ്പിൾ വാച്ച് പോലുള്ള പ്രീമിയം സ്മാർട്ട് വാച്ചുകളിൽ നിന്നും വേറിട്ടുനിൽക്കുന്നത് അവയുടെ ‘ഡാറ്റാ-ഫസ്റ്റ്’ (Data-First) സമീപനം കൊണ്ടാണ്. സ്മാർട്ട് വാച്ചുകൾ വലിയ സ്‌ക്രീനുകളും അറിയിപ്പുകളും (Notifications) കൊണ്ട് ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളായിട്ടാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ഇവ ഡാറ്റ നൽകുമെങ്കിലും, അതിന്‍റെ ആഴത്തിലുള്ള വിശകലനത്തിന് പരിമിതികളുണ്ട്. സ്‌ക്രീനില്ലാത്ത ട്രാക്കറുകളുടെ പ്രാഥമിക ലക്ഷ്യം, സ്‌ക്രീനുകളുടെ ശല്യമില്ലാതെ, 24/7 ഡാറ്റ ശേഖരിക്കുക എന്നതാണ്. നിങ്ങളുടെ ഹൃദയമിടിപ്പ്, സ്റ്റെപ്പുകൾ എന്നിവക്കപ്പുറം സ്ട്രെയിൻ (Strain – പരിശീലന ഭാരം), റിക്കവറി (ശരീരം വീണ്ടെടുക്കുന്നതിലെ നിലവാരം), സ്ലീപ്പ് ക്വാളിറ്റി, Heart Rate Variability തുടങ്ങിയ നിർണ്ണായക ഘടകങ്ങളിൽ മുഴുവൻ സമയപരിശോധനയ്ക്കുവേണ്ടിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹാർവാർഡ് സ്ക്വാഷ് ടീം ക്യാപ്റ്റനായിരുന്ന വിൽ അഹമ്മദ്, പരിശീലനത്തിന് ശേഷം ശരീരത്തിന്‍റെ പ്രതികരണം മനസ്സിലാക്കാൻ സാധിക്കാത്തതിൽ നിന്ന് ഉടലെടുത്ത ആശയമാണ് വൂപ്പ്.

വൂപ്പ് (Whoop), ഊറ (Oura) എന്നിവയുടെ വിപണി മൂല്യം ആപ്പിൾ വാച്ചിന്‍റെ വാർഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതാണെങ്കിലും, ഇവയുടെ വളർച്ചാ നിരക്ക് ശ്രദ്ധേയമാണ്. ഈ ഉപകരണങ്ങൾ കായികതാരങ്ങളെയും (ടൈഗർ വുഡ്സ്, വിരാട് കോഹ്ലി) മറ്റ് ഉന്നത വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ആദ്യം വളർന്നത്. എന്നാൽ, നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ വിപണികളിലേക്ക് വ്യാപിക്കുന്നത് മുഖ്യധാരാ ഉപഭോക്താക്കൾക്കിടയിലും ഇതിന് ഡിമാൻഡ് വർദ്ധിക്കുമെന്ന സൂചന നൽകുന്നു.

വൂപ്പ് ബാൻഡുകളോ, ഊറ റിംഗുകളോ കൈയ്യിൽ ധരിക്കുന്നത് എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടില്ല. ഇത് ഫോൺ കോളുകൾ, അറിയിപ്പുകൾ എന്നിവ വഴി ശ്രദ്ധ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നു. സ്മാർട്ട് വാച്ച് ദിവസവും ചാർജ് ചെയ്യേണ്ടി വരുമ്പോൾ, വൂപ്പ് പോലുള്ള സ്‌ക്രീനില്ലാത്ത ഉപകരണങ്ങൾ ഒറ്റ ചാർജിൽ ദിവസങ്ങളോളം പ്രവർത്തിക്കുന്നു. ഇത് 24/7 ഡാറ്റാ ട്രാക്കിംഗിന് അനിവാര്യമാണ്. വൂപ്പ്, ഊറ പോലുള്ള ബ്രാൻഡുകൾ പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത ബിസിനസ്സ് മോഡൽ (Subscription-led Approach) ആണ് പിന്തുടരുന്നത്.

നിലവിൽ ആപ്പിൾ വാച്ച് പോലുള്ള പ്രീമിയം സ്മാർട്ട് വാച്ചുകൾക്ക് തന്നെയാണ് വിപണിയിൽ ആധിപത്യം. എങ്കിലും, വളർച്ച കൈവരുന്നത് ഈ പ്രീമിയം വിഭാഗത്തിൽ മാത്രമാണ്. കുറഞ്ഞ വിലയിലുള്ള സ്മാർട്ട് വാച്ച് വിഭാഗം, പരിമിതമായ സൗകര്യങ്ങൾ കാരണം തകർച്ച നേരിടുകയാണ്.

ഭാവിയിൽ, സ്മാർട്ട് വാച്ചുകളും സ്‌ക്രീനില്ലാത്ത പ്രീമിയം ട്രാക്കറുകളും സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത പുതിയ ഉപകരണങ്ങളും ഒരുമിച്ച് നിലനിൽക്കും. ഓരോ വിഭാഗം ഉപയോക്താക്കൾക്കും അവർക്കിഷ്ടപ്പെട്ട ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

About The Author