ഐ ടി മേഖലയിലെ വൻകുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യ;ആധുനിക നാനോമീറ്റർ ചിപ്പുകളുടെ നിർമാണത്തിന് ആറ് സംസ്ഥാനങ്ങളിൽ പ്ലാന്‍റുകൾ സ്ഥാപിക്കും

അർധചാലകങ്ങളുടെ, അഥവാ നാനോ ചിപ്പുകളുടെ നിർമാണത്തിന് ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിൽ പ്ലാന്‍റുകൾ ഒരുങ്ങുന്നു. നൂതന സാങ്കേതികവിദ്യയുടെ ഹൃദയം എന്നറിയപ്പെടുന്ന നാനോചിപ്പുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുക വഴി സാങ്കേതികരംഗത്ത് വൻകുതിച്ചുചാട്ടമാണ് ഇന്ത്യ ലക്ഷ്യം ഇടുന്നത്. ഇന്ത്യ സെമികണ്ടക്ടർ മിഷനാണ് ഈ നിർണായകനേട്ടത്തിനു ചുക്കാൻപിടിക്കുന്നത്. ഇരുപത്തെട്ട്, നാല്പത്തിയഞ്ച്, അറുപത്തിയഞ്ച് എന്ന തരത്തിലുള്ള നാനോമീറ്റർ ചിപ്പുകളാണ് ഇപ്പോൾ വികസിപ്പിക്കുക. ചിപ്പുകളിലെ ട്രാൻസിസ്റ്ററുകളുടെ അളവും അവ തമ്മിലുള്ള അകലവും മറ്റു ഘടകങ്ങളും അനുസരിച്ചാണ് ഇവയുടെ നാമകരണം. ചെറിയ അളവിൽ കൂടുതൽ ക്ഷമതയുള്ള ചിപ്പുകൾ വികസിപ്പിക്കുന്നതിൽ ആണ് രാജ്യം പ്രാധാന്യം നൽകിയിരിക്കുന്നത്. ട്രാൻസിസ്റ്ററുകളുടെ എണ്ണം കൂടുമ്പോൾ ചിപ്പിന്‍റെ ക്ഷമത കൂടും. ഊർജസംരക്ഷണവും ഉയർന്നുനിൽക്കും, താപചാലകത കുറയും. ഇത് ചിപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ താപനില കുറയ്ക്കും. കൂടുതൽ അളവിൽ ഡേറ്റ കൈമാറ്റംചെയ്യാം.

ചിപ്പ് നിർമാണത്തിൽ തായ്‌വാൻ, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് മുന്നിൽനിൽക്കുന്നത്. നിലവിൽ ഈ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ വലിയതോതിൽ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നത്. നിർമിതബുദ്ധി ഉൾപ്പെടുത്തി ചിപ്പുകൾ വികസിപ്പിക്കുന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്. അർധചാലകങ്ങളുടെ നിർമാണരംഗത്തെ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് ഈ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം. സെമികണ്ടക്ടറുകളുടെ നിർമാണം, പരീക്ഷണം, തരംതിരിക്കൽ, പാക്കേജിങ് തുടങ്ങിയ പ്രക്രിയകൾ നടത്താനായി ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, അസം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ ആറു സംസ്ഥാനങ്ങളിൽ വിവിധ പ്ലാന്‍റുകൾ നിർമാണഘട്ടത്തിലാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വ്യവസായം, ബഹിരാകാശം, തീവണ്ടി, ആരോഗ്യം, ഇ-വാഹനങ്ങൾ, പ്രതിരോധം, സാങ്കേതികം തുടങ്ങിയ മേഖലയിൽ വലിയതോതിൽ ഉപയോഗിക്കുന്നവയാണ് അർധചാലകങ്ങൾ. 76000 കോടിയുടെ പദ്ധതികളാണ് പല ഘട്ടങ്ങളായി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ തദ്ദേശീയമായി ചിപ്പുകൾ നിർമിക്കുന്നതോടെ കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിലെ ഐടി മേഖലയ്ക്കു വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ചിപ്പ് – സാങ്കേതിക ലോകത്തിന്‍റെ ഹൃദയം


ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, സ്മാർട്ട് ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങി അനവധി യന്ത്രങ്ങളുടെ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ചിപ്പ് എന്ന ചെറുകരുവാണ്.
ചിപ്പ് അല്ലെങ്കിൽ മൈക്രോചിപ്പ്, സിലിക്കൺ പോലെയുള്ള സെമികണ്ടക്ടർ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സൂക്ഷ്മ ഇലക്ട്രോണിക് ഘടകമാണ്. ഇതിൽ ലക്ഷക്കണക്കിന് ട്രാൻസിസ്റ്ററുകൾ അടുക്കി സ്ഥാപിച്ചിരിക്കുന്നു. വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും സംഭരിക്കാനും നിയന്ത്രിക്കാനുമുള്ള ശേഷിയാണ് ഇതിന്‍റെ പ്രത്യേകത.

ചിപ്പുകൾ പ്രധാനമായും സിലിക്കണിൽ നിന്നാണ് നിർമ്മിക്കുന്നത്. മണലിൽ നിന്നും ലഭിക്കുന്ന സിലിക്കൺ ശുദ്ധീകരിച്ച് സെമികണ്ടക്ടറായി മാറ്റിയാണ് ചിപ്പ് രൂപപ്പെടുന്നത്.
ട്രാൻസിസ്റ്ററുകൾ സ്ഥാപിക്കുന്നതിനായി സിലിക്കണിനൊപ്പം കോപ്പർ, അലുമിനിയം പോലുള്ള ലോഹങ്ങളും, ബോറോൺ, ഫോസ്ഫറസ് പോലുള്ള ഘടകങ്ങളും ഉപയോഗിക്കുന്നു.

ചിപ്പുകളുടെ പ്രധാന തരം


പ്രോസസ്സർ ചിപ്പ്: കമ്പ്യൂട്ടറിന്‍റെയും മൊബൈലിന്‍റെയും “ബ്രെയിൻ” ആയി പ്രവർത്തിക്കുന്നു.
മെമ്മറി ചിപ്പ്: ഡാറ്റ സംഭരിക്കുന്നതിന്.
സെൻസർ ചിപ്പ്: പരിസരത്തിലുള്ള മാറ്റങ്ങൾ തിരിച്ചറിയാൻ.


ആധുനിക കാലത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, 5ജി കമ്മ്യൂണിക്കേഷൻ, സ്വയം ഓടുന്ന വാഹനങ്ങൾ തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് ചിപ്പ് നിർമ്മാണം നിർണായകമാണ്. അതുകൊണ്ടുതന്നെ തന്നെ ചിപ്പ് ഇന്ന് ഒരു രാജ്യത്തിന്‍റെ സാങ്കേതിക ശക്തിയുടെ സൂചികയായി കരുതപ്പെടുന്നു.

About The Author