സോഷ്യൽ മീഡിയയുടെ ഇരുണ്ടവശങ്ങള്‍

വിവരവിനിമയ സാങ്കേതിക വിദ്യയുടെ വികസനം മൂലം സോഷ്യൽ മീഡിയ ഇന്നത്തെ പുതു തലമുറക്ക് മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ്, ടെലിഗ്രാം എന്നിങ്ങനെ അനവധി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. സോഷ്യൽ നെറ്റ്‌വർക്കുകളുടെ ഉപയോഗം അമിതമാകുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും  വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും  ഒരുപോലെ തന്നെ ബാധിക്കും. എത്ര ദൂരത്തു നിന്നും വിവരങ്ങളും, ആശയങ്ങളും ഒരു വ്യക്തിയുടെ അഭിപ്രായങ്ങൾ എന്നിവ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കാൻ സോഷ്യൽ മീഡിയ സഹായിക്കും. അധികം ആരും ശ്രദ്ധിക്കപ്പെടാതെ മുന്നോട്ടു പോയിരുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയുടെ വരവോടെ ജനശ്രദ്ധ നേടി. കലാപരമായും മറ്റു ആവിഷ്‌കാരരൂപങ്ങൾ  സൃഷ്ടിക്കുന്നതിനും മറ്റുള്ളവരുമായി പങ്കിടുന്നതിനും സഹായിക്കുന്ന ഡിജിറ്റൽ ചാനലുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. നമ്മുടെ രാജ്യം ഡിജിറ്റൽ ഇന്ത്യ എന്ന നിലയിൽ വളരാൻ പോകുമ്പോൾ വിദ്യാഭ്യാസ മേഖലയിലും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ തുറന്നു കാണിക്കുന്നതിനും സോഷ്യൽ മീഡിയ വളരെ വലിയ പങ്ക് വഹിക്കു ന്നുണ്ട്. ചില പൊതുവായ സവിശേഷതകൾ സോഷ്യൽ മീഡിയക്ക് ഉണ്ട്. എങ്കിലും സോഷ്യല്‍ മീഡിയ നിങ്ങളുടെ സമയവും മനസും അധികമായി കവർന്നെടുത്താൽ അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. അത്തരത്തില്‍ സോഷ്യൽ മീഡിയ ദോഷകരമാക്കുന്ന ചില കാര്യങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.

അമിതമായ ആസക്തി

നിങ്ങളുടെതായ പുതിയ വശങ്ങള്‍ കണ്ടെത്താനും നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയെ ഉണര്‍ത്താനും സോഷ്യൽ മീഡിയ സഹായിക്കും. പക്ഷെ അധികമായി ഉപയോഗിച്ചാൽ ഒരു മാനസിക രോഗത്തിലേക്ക് വരെ സോഷ്യൽ മീഡിയ നിങ്ങളെ എത്തിക്കും.  സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തരും അതിനായി നിശ്ചിത സമയം മാത്രം കണ്ടെത്തുക.  അനുകരണശീലം മനുഷ്യന്‍റെ സ്വഭാവത്തിൽ ഉള്ള ഒന്നാണ് അതിനാൽ തന്നെ മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ ഒരു ആകാംഷ നമ്മൾക്ക് ഉണ്ടാകുന്നു, സോഷ്യൽ മീഡിയ അതിനായി മാത്രം ഉപയോഗിക്കുന്ന ഒരു കൂട്ടം ആൾക്കാർ നമുക്ക് ഇടയിൽ ഉണ്ട്, അത്തരക്കാർ ഒന്ന് ഓർക്കണം 10-15 വര്‍ഷം മുമ്പു വരെ നൂറുകണക്കിനാളുകള്‍ എന്തു ചെയ്യുന്നുവെന്ന് അറിയാതെ തന്നെ നമ്മള്‍ ഒരു കുഴപ്പവും കൂടാതെ ജീവിച്ചിരുന്നു എന്ന്. മറ്റുള്ളവരുടെ ജീവിത സാഹചര്യവും കഴിവും കണ്ട് അസൂയ തോന്നാനോ ചതികുഴികൾ നിർമ്മിക്കാനോ സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗത്തിന് സാധിക്കും. 

സൈബർ ഭീഷണി

സോഷ്യൽ മീഡിയയുടെ ഉപയോഗം വർദ്ധിച്ച് വരുന്നതിന് അനുസരിച്ച് സൈബർ കുറ്റങ്ങളും വർദ്ധിക്കുകയുമാണ്. ഓരോ ദിവസവും നമ്മുടെ സമൂഹത്തിൽ നിരവധി സൈബർ കേസുകളാണ് റിപ്പോർട്ട്‌ ചെയുന്നത്. വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുന്നത് മുതൽ അടിമതട്ടിപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ആർക്കും ഒരു വ്യാജ അക്കൗണ്ട് സൃഷ്ടിക്കാനും കണ്ടെത്തപ്പെടാതെ എന്തും ചെയ്യാനും കഴിയുമെന്നതിനാലാണ് ഇന്‍റർ നെറ്റിൽ സൈബർ ആക്രമണങ്ങൾ കൂടി വരുന്നത്. വ്യക്തികൾ തമ്മിൽ മാത്രമല്ല രാജ്യങ്ങൾ തമ്മിൽ പോലും ഇപ്പോൾ സൈബർ ആക്രമണങ്ങൾ നടക്കുന്നു. പണം നേടാനും വ്യക്തി പരമായ പ്രശ്നങ്ങൾ മൂലമുള്ള ശത്രുതയുമാണ് പ്രധാനമായും സൈബർ ഭീഷണിക്ക് കാരണം.

ഹാക്കിംഗ്

ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ ഇന്‍റർനെറ്റ്‌ ഉപയോഗിച്ച് അയാളുടെ വ്യക്തിപരവും സാമ്പത്തിക വിവരങ്ങളും മറ്റും ചോർത്തി എടുക്കുന്നതാണ് ഹാക്കിംഗ്. ഇത് മൂലം വൻ സാമ്പത്തിക നഷ്ടങ്ങളും വ്യക്തി പരമായ പ്രശ്നങ്ങളും നിരവധി ആളുകൾ അനുഭവിക്കുന്നുണ്ട്. രാജ്യങ്ങളുടെ യുദ്ധ തന്ത്രങ്ങളും വലിയ മൾട്ടി നാഷണൽ കമ്പനികളുടെ കച്ചവട രഹസ്യങ്ങളും വരെ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. നല്ല രീതിയിൽ ഇന്‍റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയുന്ന ഏതൊരാൾക്കും ഇത്തരം പ്രവർത്തനങ്ങൾ വേഗത്തിൽ ചെയ്യാൻ സാധിക്കും.

മറഞ്ഞിരിക്കുന്ന ചതിക്കുഴികൾ

നിരവധി ചതിക്കുഴികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒളിഞ്ഞിരിപ്പു ണ്ട്. തെറ്റായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അവരുടെ സ്വന്തം ലാഭത്തിന് വേണ്ടി നിർമ്മിക്കുന്നതാണ് അവയൊക്കെ. ബാങ്കിൽ നിന്നും KYC ടെ ആവശ്യങ്ങൾക്ക് എന്നു പറഞ്ഞു വിളിക്കുന്നത്‌ മുതൽ വിവാഹ വാഗ്ദാനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാലും അതിൽ നിങ്ങളുടെ സുരക്ഷ നിങ്ങൾ തന്നെ ഉറപ്പാക്കുക. നമ്മൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ അപരിചിതരുമായി ഷെയർ ചെയ്യാതിരിക്കുക. ബാങ്ക് സേവനങ്ങൾക്കോ മറ്റൊരു ആവശ്യത്തിനോ OTP കൾ ഷെയർ ചെയ്യാതിരിക്കുക.

വ്യാജപ്രചരണങ്ങൾ

വ്യാജ വാർത്തകൾ, സന്ദേശങ്ങൾ, വ്യാജ ചിത്രങ്ങൾ എന്നിങ്ങനെ പലതും സോഷ്യൽ മീഡിയയുടെ മോശം വശമായി കാണാം. സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഇടയിൽ ഇത്തരം വ്യാജ പ്രചരണങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കില്‍ കൂടിയും അത് ശരിയായി പ്രാവര്‍ത്തികമാക്കാത്തതാണ് ഇതിന് കാരണം. ഇത്തരം വ്യാജ പ്രചരണം മൂലം ചിലപ്പോൾ വലിയ പ്രശ്നങ്ങൾ തന്നെ ഉണ്ടായേക്കാം, വ്യക്തിപരമായി ഒരാളെ ശിക്ഷിക്കാനും ചില സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും ബാധിച്ചേക്കാം.

ആരോഗ്യപ്രശ്നങ്ങൾ

അമിതമായ സോഷ്യൽ  മീഡിയ ഉപയോഗം വൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കണ്ണിന്‍റെ കാഴ്ചയെയും ബുദ്ധിയെയും വരെ ബാധിക്കുന്നു. ജീവിത രീതികൾക്ക് മാറ്റം ഉണ്ടാകുന്നു. രാവിലെ ഉണരുമ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവർ ഉണ്ട്. അത്തരക്കാർക്ക് സ്വന്തം വ്യക്തിത്വം വരെ നഷ്ടമാകുന്നു. മദ്യവും മയക്കുമരുന്നുകളും നൽകുന്ന അതെ രീതിയിൽ ഉള്ള ലഹരി സോഷ്യൽ മീഡിയയും നൽകുന്നു. അതിനാൽ അമിത ഉപയോഗം മാനസിക രോഗത്തിന് കാരണമാകും.

സോഷ്യൽ മീഡിയക്ക് അടിമപ്പെടാൻ കാരണം

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം തലച്ചോറിനെ ഏതു തരത്തിലാണ് ബാധിക്കുക എന്ന് പഠിച്ചു കൊണ്ടിരിക്കുന്ന ന്യൂറോ സയന്‍റിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത് മനുഷ്യനിൽ അമിതമായി ആകാംഷയും സന്തോഷവും നൽകാൻ സോഷ്യൽ മീഡിയക്ക് കഴിയും എന്നാണ്. അതിനാൽ തന്നെ സോഷ്യൽ മീഡിയയുടെ ഉപയോഗം തലച്ചോറില്‍ ഡോപമൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകുന്നു മെസേജുകളും ലൈക്കുകളും വരുമ്പോള്‍ നമ്മളിലുണ്ടാകുന്ന ആകാംഷയാണ് ഇതിനുകാരണം. ‘ഫീല്‍ ഗുഡ്’ വികാരം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ ആയ ഡോപമൈന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോടെ നമ്മള്‍ സോഷ്യൽ മീഡിയയോട് കൂടുതല്‍ ആസക്തി കാട്ടുകയും വീണ്ടും വീണ്ടും അത് ഉപയോഗിക്കുകയും ചെയ്യുന്നു. ഏതൊരു കാര്യത്തിനും നല്ല വശവും മോശം വശവും ഉണ്ട്. അത്തരത്തിൽ മാത്രമേ സോഷ്യൽ മീഡിയക്ക് മോശം വശം ഉണ്ടെന്ന് പറയാൻ സാധിക്കു. സോഷ്യൽ മീഡിയയോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളോ മോശം അല്ല, സോഷ്യൽ മീഡിയ ഒരിക്കലും സ്വയം മോശം കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ കാണിക്കുന്നില്ല. സോഷ്യൽ മീഡിയ സൈറ്റുകളെ മോശമാക്കുന്നത് ഉപഭോക്താക്കൾ തന്നെയാണ്. അധികമായി ഏതൊരു സാധനം നമ്മൾ ഉപയോഗിച്ചാലും അത് ഗുണത്തെക്കാൾ ഏറെ ദോഷം ആയിരിക്കും നമുക്ക് നൽകാൻ പോകുന്നത് അതുതന്നെയാണ് സോഷ്യൽ മീഡിയയുടെ കാര്യത്തിലും സംഭവിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*