വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് പലരും ഗൂഗിൾ ഡ്രൈവിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഡ്രൈവിലേക്കുള്ള വാട്സ്ആപ്പ് ബാക്കപ്പിന് ഗൂഗിൾ അക്കൗണ്ടിലെ സ്റ്റോറേജ് സ്പെയ്സിൽ അൺലിമിറ്റഡായ ഇടം ലഭിക്കുന്നത് ഉടൻ അവസാനിച്ചേക്കാം എന്നാണ്.
ആൻഡ്രോയിഡ് ഉപയോക്താക്കൾ ഭാവിയിൽ വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ ചേർക്കുമ്പോൾ അതിനനുസരിച്ച് ഡ്രൈവിലെ ഇടം കുറച്ച് കണക്കക്കുമെന്നാണ് ഡബ്ലുഎബീറ്റഇൻഫോ എന്ന ബ്ലോഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് സ്പേസ് കൂടുതൽ വേണമെങ്കിൽ പണമടച്ചുള്ള ഗൂഗിൾ വൺ പ്ലാൻ തിരഞ്ഞെടുക്കാൻ അവരോട് ആവശ്യപ്പെട്ടേക്കാം.
വാട്സ്ആപ്പ് ബാക്കപ്പുകൾ സൗജന്യമായി സംഭരിക്കുന്നതിന് ഗൂഗിൾ ഒരു നിശ്ചിത ക്വാട്ട വാഗ്ദാനം ചെയ്യുമെങ്കിലും അത് പരിമിതമായ പ്ലാനായിരിക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എത്രത്തോളം സൗജന്യ സ്റ്റോറേജ് നൽകുമെന്ന് വ്യക്തമല്ല. ഈ പുതിയ നയം നടപ്പില്‍ വരുകയാണെങ്കില്‍ ഉപയോക്താക്കൾ ഒന്നുകിൽ ഗൂഗിൾ വണ്ണിന്റെ പണമടച്ചുള്ള പതിപ്പിനായി സൈൻ അപ്പ് ചെയ്യേണ്ടി വരും. അല്ലെങ്കിൽ ബാക്കപ്പ് ചെയ്യുന്ന ഉള്ളടക്കം കുറയ്ക്കേണ്ടി വരും.
ഗൂഗിൾ ഫോട്ടോസ് വഴി അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സൗജന്യ സ്റ്റോറേജിൽ നിന്ന് കുറയ്ക്കുന്ന സമാനമായ മാറ്റം 2021-ൽ ഗൂഗിൾ നടപ്പിലാക്കിയിരുന്നു. സാധാരണഗതിയിൽ, ജിമെയിൽ, ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് മുതലായവയിലുടനീളം ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഗൂഗിൾ 15 ജിബി സൗജന്യ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.
Leave a Reply