മികച്ച യൂസര്‍ എക്സ്പീരിയന്‍സ് ലഭ്യമാക്കുന്നതിനായി എപ്പോഴും പുതിയ അപ്ഡേഷനുകള്‍ നല്‍കുന്ന വാട്സ്ആപ്പിൽ പുതിയ ഇൻ-കാൾ യൂസർ ഇന്‍റർഫെയ്സ് ഒരുങ്ങുന്നു. വാട്സ്ആപ്പിന്‍റെ ഐ.ഓ.എസ്. പതിപ്പിൽ പുതിയ യൂസർ ഇന്‍റർഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആൻഡ്രോയിഡിലും പുതിയ ഇൻ കോൾ ഇന്‍റർഫെയ്സ് അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്.
സ്ക്രീനിന് നടുക്കായി ചാര നിറത്തിലുള്ള ചതുരവും അതിന് താഴെയായി കൺട്രോൾ ബട്ടനുകളും നൽകുന്ന രീതിയിലാണ് പുതിയ യൂസർ ഇന്‍റർഫെയ്സ് ഉണ്ടാകുക എന്നാണ് വാബീറ്റ ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രൂപ്പ് കോൾ ആവുമ്പോൾ ഈ ചതുരങ്ങളുടെ എണ്ണം വർധിക്കും.
കോൾ കട്ട് ചെയ്യാതെ ഗ്രൂപ്പ് കോളിലെ മറ്റുള്ളവരെ മ്യൂട്ട് ചെയ്യുന്നതിനായി ചാരനിറത്തിലുള്ള ചതുരത്തിന് താഴെയായി ഒരു മ്യൂട്ട് ബട്ടണും നൽകിയിട്ടുണ്ട്. അതേസമയം സ്വന്തം ശബ്ദം മ്യൂട്ട് ചെയ്യാനുള്ള മറ്റൊരു ബട്ടൻ വേറെയും നൽകിയിട്ടുണ്ട്. അതേസമയം, ഗ്രേ കാർഡിന് പകരം ആളുകൾക്ക് ഇഷ്ടമുള്ള കോൾ സ്ക്രീൻ ബാക്ക്ഗ്രൗണ്ടുകൾ സെറ്റ് ചെയ്യാൻ സാധിക്കുമെന്നും പറയപ്പെടുന്നു.
ഗ്രൂപ്പ് കോൾ ഇന്‍റർഫെയ്സിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓരോ കോൺടാക്റ്റിനും പ്രത്യേകം ഗ്രേ കാർഡുകൾ ഇതിലുണ്ടാവും. ഈ കാർഡുകളിൽ കോൺടാക്റ്റുകളുടെ പ്രൊഫൈൽ ചിത്രത്തിന് മുകളിലായി അവരുടെ പേരും കാണിക്കും. ഒപ്പം താഴെയായി ഒരു ഓഡിയോ വേവ് ഫോമും ഉണ്ടാകും.
നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ പുതിയ ഇൻ-കോൾ യൂസർ ഇന്‍റർഫെയ്സ് ലഭ്യമായിട്ടുള്ളൂ. വാട്സ്ആപ്പ് ബീറ്റാ പ്രോഗ്രാമിലെ എല്ലാവർക്കും ഇത് ലഭിക്കില്ല. പരീക്ഷണത്തിലിരിക്കുന്ന ഈ പുതിയ മാറ്റം ഉടന്‍തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നതാണ്.
Leave a Reply