ആന്‍ഡ്രോയിഡ് 13 ന്‍റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി

ആൻഡ്രോയിഡ് 13 ന്‍റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നു. ആൻഡ്രോയിഡ് ആപ്പുകളുടെയും അനുബന്ധ സേവനങ്ങളുടെയും ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായും ആപ്പുകൾ പുതിയ ഓഎസിന് അനുസരിച്ച് പരിഷ്കരിക്കുന്നതിനും വേണ്ടിയാണ് ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ പ്രിവ്യൂ ഡെവലപ്പർമാർക്കായി പുറത്തിറക്കിയിരിക്കുന്നത്.

നിലവിൽ പിക്സൽ സീരീസ് ഫോണുകളിലാണ് ആൻഡ്രോയിഡ് 13 ന്‍റെ ആദ്യ പ്രിവ്യൂ പ്രവർത്തിക്കുക. പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 5എ 5ജി, പിക്സൽ 5, പിക്സൽ 4എ 5ജി, പിക്സൽ 4എ, പിക്സൽ 4എക്സ്എൽ, പിക്സൽ 4 എന്നിവയിൽ പ്രിവ്യൂ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാനാകും.

ഫെബ്രുവരിയിലും മാർച്ചിലുമായി ആൻഡ്രോയിഡ് 13ന്‍റെ കൂടുതൽ പ്രിവ്യൂ റിലീസുകൾ ഉണ്ടാകും. ഏപ്രിലിൽ ബീറ്റാ പതിപ്പുകൾ പുറത്തിറക്കിത്തുടങ്ങും. ജൂണിലോ ജൂലായിലോ ആൻഡ്രോയിഡ് 13ന്‍റെ അന്തിമ പതിപ്പ് പുറത്തിറക്കിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ആൻഡ്രോയിഡ് 12 ഇതുവരെയും മിക്ക ഫോണുകളിലും എത്തിയിട്ടില്ല. അതിനാല്‍ ആന്‍ഡ്രോയിഡ് 13ഉം ഉടന്‍ ഒന്നും എല്ലാ ഫോണുകളിലും ലഭ്യമായെന്നുവരില്ല.

ആൻഡ്രോയിഡ് 13ല്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫോട്ടോ പിക്കർ സംവിധാനം ശ്രദ്ധേയമായ ഒരു ഫീച്ചറാണ്. ആപ്പുകൾക്ക് മീഡിയാ ഫയലുകളിലേക്കുള്ള അനുവാദം നൽകാതെ തന്നെ ഫോട്ടോകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനമാണിത്. ആപ്പുകൾക്ക് തിരഞ്ഞെടുത്ത ഫോട്ടോകളിലേക്കും വീഡിയോകളിലേക്കുമാണ് പ്രവേശനം ലഭിക്കുക. ഇതിനായി പുതിയ ഫോട്ടോ പിക്കർ എപിഐ ആപ്പുകൾക്ക് ലഭ്യമാക്കും.

തീംഡ് ആപ്പ് ഐക്കൺ സംവിധാനമാണ് മറ്റൊരു പ്രധാന മാറ്റം. ഇതുവഴി വാൾപേപ്പറിനും തീമിനും അനുസരിച്ച് ആപ്പ് ലോഗോകളിൽ മാറ്റം വരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇത് എല്ലാ ആപ്പുകൾക്കും ബാധകമാവുകയും ചെയ്യും. ഇതിന് വേണ്ടി ഡെവലപ്പർമാർ ആപ്പുകൾക്കൊപ്പം മോണോക്രോമാറ്റിക് ആപ്പ് ഐക്കണും നൽകേണ്ടി വരും. ഇതുവഴി ഐക്കണുകളുടെ നിറങ്ങൾ ഡിസൈനിനനുസരിച്ച് ക്രമീകരിക്കാൻ ഫോണിനാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*