കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഫോണോ ലാപ്ടോപ്പോ പ്രവർത്തിപ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയോ അത് പരിഹരിക്കാന്‍ വിദൂരത്തിരുന്നുകൊണ്ട് ആ ഡിവൈസിന്‍റെ ആക്സസ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സമയം നമുക്ക് പലപ്പോഴും ഉണ്ടയിട്ടുണ്ടാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന ആപ്പുകളും സോഫ്‌റ്റ്‌വെയറുകളും വിപണിയിലുണ്ട്. ഒരു ആൻഡ്രോയ്ഡ് ഉപകരണമോ ലാപ്‌ടോപ്പോ മറ്റൊന്ന് ഉപയോഗിച്ച് എങ്ങനെ വിദൂരമായി നിയന്ത്രിക്കാം എന്ന് നോക്കാം.
റിമോട്ട് കൺട്രോൾ ആപ്പുകൾ
പ്ലേ സ്റ്റോറിൽ നിന്ന് റിമോട്ട് കൺട്രോൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ആൻഡ്രോയിഡ് ഡിവൈസുകൾ റിമോട്ട് ആയി മാനേജ് ചെയ്യാൻ ഏറ്റവും പര്യാപ്തമായ ആപ്പുകളിൽ ഒന്നാണ് ടീം വ്യൂവർ ആപ്പ്. ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇത് പോലെ തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു ആപ്ലിക്കേഷൻ ആണ് എനി ഡെസ്ക് ആപ്പ്. നിങ്ങൾ ദൂര സ്ഥലത്ത് ആണെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ആക്സസ് ചെയ്യാൻ ഈ ആപ്ലിക്കേഷൻ പര്യാപ്തമാണ്.
ടീം വ്യൂവർ ആപ്പ് എങ്ങനെ ഉപയോഗിക്കാം?
ആദ്യം ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ നിങ്ങൾ “ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട് ആപ്പ്” ആപ്പ് ഡൗൺലോഡ് ചെയ്യണം. പിന്നീട് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “ടീം വ്യൂവർ റിമോട്ട് കൺട്രോൾ” ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കേണ്ടി വരുന്ന ഡിവൈസ് ഉപയോഗിക്കുന്ന ആളിനോട് ആവശ്യപ്പെടണം. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾ മൈക്രോസോഫ്റ്റിന്‍റെ സ്റ്റോറിൽ നിന്നാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്. ഡൗൺലോഡ് ചെയ്‌തതിന് ശേഷം നിങ്ങൾക്ക് ഫോണോ കംപ്യൂട്ടറോ ആക്‌സസ് ചെയ്യണമെങ്കിൽ, സ്‌ക്രീനിൽ കാണുന്ന ടീം വ്യൂവർ ഐഡി മറ്റേ ഉപയോക്താവുമായി പങ്ക് വയ്ക്കുകയും വേണം.
കൂടാതെ, രണ്ട് ഡിവൈസുകളിലും ഈ ആപ്പ് ഓപ്പൺ ആയിരിക്കുകയും വേണം. അല്ലെങ്കിൽ കണക്ഷൻ ഫെയിൽഡ് എന്നൊരു മെസേജ് ലഭിക്കും. “നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിനെ റിമോർട്ട് സപ്പോർട്ട് ചെയ്യാൻ XXXXX-നെ അനുവദിക്കണോ” എന്ന് ചോദിക്കുന്ന ഒരു റിക്വസ്റ്റ് ആക്സസ് ചെയ്യേണ്ട ഡിവൈസിലും ലഭിക്കും. ഡിസ്പ്ലേ ഓവർ അതർ ആപ്പ്സ് എന്നൊരു പെർമിഷനും ടീം വ്യൂവർ ചോദിക്കും.
കണക്ഷൻ വിജയകരമായാൽ, സ്‌ക്രീൻ മിററിംഗ് ഓപ്‌ഷൻ ആക്റ്റിവേറ്റ് ആയി എന്ന സന്ദേശവും ആപ്പ് പ്രദർശിപ്പിക്കും. ഇത്രയും സ്റ്റെപ്പുകൾ കഴിയുന്നതോടെ നിങ്ങൾക്ക് രണ്ടാമത്തെ ഡിവൈസിന്‍റെ പൂർണ നിയന്ത്രണവും ലഭിക്കും. ഡിവൈസ് യഥാർഥത്തിൽ യൂസ് ചെയ്യുന്നത് പോലെ നിങ്ങൾക്ക് എല്ലാ ആക്റ്റിവിറ്റികളും ചെയ്യാൻ കഴിയും. കമ്പ്യൂട്ടറുകളിലും ഇതേ രീതി പിന്തുടരാം.
കമ്പ്യൂട്ടറിനേക്കാൾ ഫോണിൽ നിന്ന് നിയന്ത്രിക്കുമ്പോഴാണ് ആപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടറിൽ നിങ്ങൾക്ക് അൽപ്പം സമയം കൂടുതൽ ചിലവാക്കേണ്ടി വരും. അതിനാൽ തന്നെ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് തന്നെ മറ്റൊരു സ്മാർട്ട്‌ഫോൺ നിയന്ത്രിക്കുന്നതാണ് നല്ലത്. കൂടാതെ, ആപ്പ് പേഴ്സണൽ ഉപയോഗത്തിന് സൗജന്യമായും ലഭ്യമാകും. ഇതേ ആപ്പ് ഉപയോഗിച്ച് ആളുകൾക്ക് ഫയലുകൾ കൈമാറാനും കഴിയും. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഫയലുകൾ കൈമാറാൻ നിരവധി മാർഗങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാണ്. ആപ്പിനൊപ്പം എത്തുന്ന ഫീച്ചറിനെ അധിക നേട്ടമായി കാണാവുന്നതാണ്.
സ്വകാര്യതയെക്കുറിച്ച് ആശങ്കപ്പെടുന്നവരോട്, ആദ്യം ആക്‌സസ് നൽകി എന്ന് കരുതി ആർക്കും നിങ്ങളുടെ ഡിവൈസ് എപ്പോഴും ആക്സസ് ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കുക. മറ്റാരെങ്കിലും ഫോണോ കംപ്യൂട്ടറോ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ഒരു റിക്വസ്റ്റ് അയയ്‌ക്കേണ്ടതുണ്ട്. എതിർ വശത്തുള്ള യൂസർ അത് നിരസിച്ചാൽ, ആക്‌സസ് ലഭിക്കില്ല. ലളിതമായി പറഞ്ഞാൽ, ഓരോ സെഷനും ആരംഭിക്കുന്നതിന് മുമ്പ് ഒരു പാസ്‌വേഡോ ഐഡിയോ ആവശ്യമാണ്. ഇത് കൂടാതെ, കണക്ഷൻ സ്ഥാപിച്ച ശേഷം, സ്ക്രീനിന്‍റെ താഴെയായി ഒരു ചെറിയ കണ്‍ട്രോള്‍ പാനൽ എപ്പോഴും ഉണ്ടായിരിക്കും. അതിനാൽ, ഈ സേവനം ഉപയോഗിക്കുന്ന ആർക്കും നിങ്ങളെ നിരീക്ഷിക്കാൻ കഴിയില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ നിങ്ങളുടെ ഡാറ്റ സുരക്ഷിതമാണ്.
Leave a Reply