സ്മാര്‍ട്ട്ഫോണില്‍ ഇന്‍റര്‍നെറ്റ് വേഗത ഉയര്‍ത്താം

സ്മാര്‍ട്ട്ഫോണില്‍ ഇന്‍റർനെറ്റ് വേഗത കുറയുന്നത് നമുക്ക് പലപ്പോഴം അലോസരം ഉണ്ടാക്കും. വീഡിയോകൾ കാണാനും ഗെയിം കളിക്കാനും വീഡിയോകോൾ ചെയ്യാനുമെല്ലാം വേഗതയുള്ള ഇന്‍റർനെറ്റ് തന്നെ ആവശ്യമാണ്. ഇന്‍റർനെറ്റ് വേഗതയെ പ്രധാനമായും സ്വാധീനിക്കുന്നത് വൈ-ഫൈ കണക്ഷനോ സർവ്വീസ് പ്രൊവൈഡറോ ആയിരിക്കും.

നെറ്റ് വര്‍ക്ക് പ്രശ്നം മൂലമല്ലാതെ ഇന്‍റര്‍നെറ്റ് വേഗത കുറയുകയാണെങ്കില്‍ സ്മാര്‍ട്ട്ഫോണിൽ ചില കാര്യങ്ങൾ ചെയ്തുകൊണ്ട് വേഗത വർധിപ്പിക്കാന്‍ സാധിക്കും. ആൻഡ്രോയിഡ് ഫോണിൽ ഇന്‍റർനെറ്റ് കണക്ഷൻ വേഗത വർധിപ്പിക്കുന്നതിനുള്ള വഴികള്‍ നമുക്ക് ഒന്നു പരിചയപ്പെടാം.

കാഷെ ക്ലിയർ ചെയ്യുക

ഫോണിൽ ഓട്ടോമാറ്റിക്കായി നിറയുന്ന കാഷെ ഫോണിന്‍റെ വേഗതയെ പോലും ബാധിക്കുന്നു. ആൻഡ്രോയിഡ് ഫോണിൽ ഇന്‍റർനെറ്റ് വേഗത്തിലാക്കാൻ കാഷെ ക്ലിയർ ചെയ്യുക. സാധാരണയായി നിങ്ങളുടെ സെർച്ച് ഹിസ്റ്ററി ഇല്ലാതാക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ ഫോണിൽ കാഷെ ക്ലിയർ ചെയ്യാൻ മറ്റേതെങ്കിലും സംവിധാനം ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്.

ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

ഉപയോഗിക്കാതെ കിടക്കുന്ന ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടെങ്കില്‍ അവ ചില ഇന്‍റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ഉപയോഗിക്കുന്നുണ്ടാകും. ബാഗ്രൌണ്ടിൽ പ്രവർത്തിക്കുകയും വേഗത കുറയ്ക്കുകയും ചെയ്യുന്ന ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യുക. ബ്രൗസർ വഴി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് അധികം ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.

ആഡ് ബ്ലോക്കർ

പോപ്പ്-അപ്പ് പരസ്യങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. നിങ്ങൾ ഒരു പേജ് ലോഡ് ചെയ്യുകയും പോപ്പ്-അപ്പ് ബ്ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ പരസ്യങ്ങൾ കയറിവരികയും ചെയ്യും. ഇത് ലോഡ് ചെയ്യാൻ അനാവശ്യമായി ഇന്‍റർനെറ്റ് ഉപയോഗിക്കേണ്ടി വരും. പോപ്പ്-അപ്പിൽ ടെക്സ്റ്റുകളും ലിങ്കുകളും ചിത്രങ്ങളും ഉണ്ടായിരിക്കും. പോപ്പ്-അപ്പ് ബ്ലോക്കർ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചാൽ ഇത്തരം പരസ്യങ്ങളെ ഒഴിവാക്കാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരത്തിലുള്ള നിരവധി ആപ്പുകൾ ലഭ്യമാണ്.

മാക്സിമം ലോഡിംഗ് ഡാറ്റ ഓപ്ഷൻ

ആൻഡ്രോയിഡ് ഫോണുകളിൽ ഇന്‍റർനെറ്റ് കണക്ഷൻ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒരു സെറ്റിങ്സ് ഉണ്ട്. വയർലെസ്, നെറ്റ്‌വർക്ക് സെറ്റിങ്സിൽ ഇന്‍റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി നിങ്ങൾക്ക് മാക്സിമം ലോഡിങ് ഡാറ്റ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് എല്ലാ ഡിവൈസുകളിലും ലഭിക്കണം എന്നില്ല.

നെറ്റ്‌വർക്ക് ടൈപ്പ്

സ്‌മാർട്ട്‌ഫോൺ സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായ വേഗതയും വർദ്ധിക്കുന്നുണ്ട്. 3ജി നെറ്റ് വർക്കിനെ മറികടന്ന് 4ജി വന്നു, ഇപ്പോൾ ചില രാജ്യങ്ങളിൽ 5ജിയും ലഭ്യമായി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ സെല്ലുലാർ നെറ്റ്‌വർക്ക് കണക്ഷൻ സെറ്റിങ്സ് വിഭാഗത്തിൽ നിന്ന് 4ജി തിരഞ്ഞെടുക്കുക.

ഓഫ് ചെയ്ത് ഓണാക്കുക

ഇന്‍റർനെറ്റ് വേഗത വർധിപ്പിക്കാൻ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു മാർഗ്ഗമാണ് നിങ്ങളുടെ ഇന്‍റ്ർനെറ്റ് കണക്ഷൻ ഓഫാക്കി ഓണാക്കാൻ ശ്രമിക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന് യഥാർത്ഥ ഇന്‍റർനെറ്റ് കണക്ഷൻ റിഫ്രഷ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഫ്ലൈറ്റ് മോഡ് എനേബിള്‍ ചെയ്ത് ഡിസേബിള്‍ ചെയ്താലും ഇതേ പ്രവർത്തനം നടക്കുന്നു.

ബ്രൗസർ ടെക്സ്റ്റ് മോഡ്

ബ്രൗസറില്‍ വിവരങ്ങള്‍ സെർച്ച് ചെയ്യുമ്പോൾ ചിത്രങ്ങൾ കാണേണ്ട എന്നാണ് എങ്കിൽ ടെക്സ്റ്റ് മോഡ് എന്ന ലളിതമായ ഫീച്ചർ ഉപയോഗിക്കാം. ബ്രൗസർ ആപ്പിൽ വരുന്ന ടെക്സ്റ്റ് മോഡ് ഫീച്ചർ എനേബിൾ ചെയ്യുന്നതിലൂടെ വെബ്‌സൈറ്റ് ഡൗൺലോഡ് ചെയ്യുന്ന വേഗത വളരെയധികം വർധിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*