റെയിൽ കണക്റ്റ് ആപ്പിനൊപ്പം പുതുക്കിയ ഐആർസിടിസി വെബ്‌സൈറ്റ് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പുറത്തിറക്കി. www.irctc.co.in എന്ന വെബ്‌സൈറ്റും ഐആർസിടിസി റെയിൽ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനുമൊപ്പം വെബ്‌സൈറ്റിന്റെ കൂടുതൽ ഉപയോക്തൃ-സൗഹൃദ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. അത് ഓൺലൈൻ ബുക്കിംഗ് വേഗത്തിലും പ്രശ്‌നരഹിതവുമാക്കുന്നു.
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നവീകരിച്ച ഐആർസിടിസി വെബ്‌സൈറ്റ് ഉപയോഗിച്ച് കൂടുതൽ വ്യക്തിഗതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ ടിക്കറ്റ് ബുക്കിംഗ് അനുഭവമായിരിക്കും പ്രദാനം ചെയ്യുക. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ നിങ്ങൾക്ക് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. പുതിയ വെബ്‌സൈറ്റ് യാത്രക്കാരുടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അനുഭവം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഐആർസിടിസി അറിയിച്ചു.
ഐആർസിടിസിയിൽ 6 കോടി ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഓരോ മിനിറ്റിലും 25000 ടിക്കറ്റുകൾ വെബ്‌സൈറ്റിൽ ബുക്ക് ചെയ്യുന്നു. പുതിയ വെബ്‌സൈറ്റിൽ ഒരേസമയം 40000 ആളുകൾക്ക് ലോഗിൻ ചെയ്യാൻ കഴിയും, ഇപ്പോൾ ഈ ശേഷി ഒരേ സമയം 5 ലക്ഷം ആളുകൾ / ഉപയോക്താക്കളായി ഉയർത്തിയിട്ടുണ്ട്.
പുതുക്കിയ വെബ്‌സൈറ്റ് ജനുവരി 1 മുതൽ പ്രവർത്തനസജ്ജമാണ്. ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമ മുറി, ഹോട്ടൽ എന്നിവയെല്ലാം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇവയിലുണ്ട്. ആവശ്യമായ വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. യൂസർ അക്കൗണ്ട് പേജിൽ റീഫണ്ട് സംബന്ധിച്ച തൽസ്ഥിതിയും മനസിലാക്കാൻ കഴിയും.
വിവരങ്ങളെല്ലാം ഒരു പേജിൽ തന്നെ ഉൾപ്പെടുത്തി ട്രെയിൻ സെർച്ച്, സെലക്ഷൻ എന്നിവ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ് നവീകരിച്ച വെബ്‌സൈറ്റിൽ. സൈബർ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
ഇനിയും ഒരുപാട് മാറട്ടെ റയിൽവേയുടെ ആപ്ലിക്കേഷൻ. ഇപ്പോഴും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കൂടുതൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കാം.