പ്രമുഖ വാച്ച് നിർമ്മാതാക്കളായ ടൈമെക്സ് തങ്ങളുടെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. കമ്പനി മുന്‍പ് ബഡ്ജറ്റ് വിഭാഗത്തിൽ നിരവധി ഫിറ്റ്നസ് ബാൻഡുകളും സ്മാർട്ട് വാച്ചുകളും പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണ സ്റ്റൈലിനും ഫാഷനും പ്രാധാന്യം നല്‍കിയാണ് ഫിറ്റ്നസ് ബാന്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ മെഷ് ബാൻഡും സിലിക്കൺ സ്ട്രാപ്പും ഉൾക്കൊള്ളുന്നതാണ് ടൈമെക്സിന്‍റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ.
4495 രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്ന ഈ ഫാഷൻ ഫിറ്റ്നസ് ബാൻഡുകൾ ടൈമെക്സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഓർഡർ ചെയ്യാനും കഴിയും. തിരഞ്ഞെടുത്ത ടൈമെക്സ് റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.
ഫിറ്റ്നസ് ബാൻഡിന്‍റെ പ്രധാന സവിശേഷതകള്‍
ആരെയും ആകര്‍ഷിക്കുന്നതരത്തില്‍ തയ്യാറാക്കിയിരിക്കുന്ന സിലിക്കൺ സ്ട്രാപ്പുകൾക്ക് മുകളിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ മെഷ് ബാൻഡ് ആണിതിലെ പ്രധാന സവിശേഷതകളിലൊന്ന് . ഫിറ്റ്നസ് ബാൻഡുകൾ വിൽക്കുന്ന എല്ലാ കമ്പനികളും സിലിക്കൺ സ്ട്രാപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്റ്റെയിൻലെസ് സ്റ്റീൽ മെഷ് ബാൻഡ് ഉപയോഗിച്ച് ഫിറ്റ്നസ് ബാൻഡുകൾ അവതരിപ്പിച്ചുകൊണ്ട് ടൈമെക്സ് ഫിറ്റ്നസ് ബാന്‍ഡിന് പുതുമ നൽകുന്നു. റോസ് ഗോൾഡ്, കറുപ്പ് എന്നീ രണ്ട് നിറങ്ങളിൽ ബാൻഡ് ലഭ്യമാണ്.
2.4 സെന്‍റിമീറ്റർ നിറമുള്ള ഫുൾ ടച്ച് ഡിസ്പ്ലേയാണ് ടൈമെക്സ് ഫിറ്റ്നസ് ബാൻഡിന് ലഭിക്കുന്നത്. ആക്റ്റിവിറ്റി ട്രാക്കിംഗ്, സംഗീത നിയന്ത്രണം, ഹൃദയമിടിപ്പ് മോണിറ്റർ, നോട്ടിഫിക്കേഷന്‍ അലേർട്ട് എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഇതിൽ ലഭ്യമാണ്. 5 ദിവസത്തെ ബാറ്ററി ബാക്കപ്പാണ് വാച്ചിൽ വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
Leave a Reply