ഏതാനും ആഴ്ചകളായി കേട്ടുവന്നിരുന്ന ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹുവായ് അതിന്‍റെ ബഡ്ജറ്റ് ഫോൺ ബ്രാൻഡായ ഹോണർ വിൽക്കുന്നുവെന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
വിപണിയും ബിസിനസ് സാഹചര്യങ്ങളും നേരിടുന്ന പ്രതിസന്ധിമൂലമാണ് കമ്പനി വില്‍പ്പനയ്ക്ക് കാരണമായി കാണിച്ചിരിക്കുന്നത്. ചൈന ആസ്ഥാനമായുള്ള ഷെന്‍ഷെന്‍ സിക്സിന്‍ ന്യൂ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോ എന്ന കമ്പനിയാണ് ഹോണറിനെ സ്വന്തമാക്കിയിരിക്കുന്നത്.
ഹോണറിന്‍റെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും വിതരണക്കാരുടെയും പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
നിലവില്‍ ഇരു കമ്പനികളും ഇടപാടിന്‍റെ വിലയെക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. എങ്കിലും ഹോണറിന്‍റെ പുതിയ ഉടമകള്‍ ഈ ഇടപാടിനായി 15.2ബില്ല്യണ്‍ ഡോളര്‍ ചിലവഴിച്ചു എന്നതിനെ സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനോടകം അനൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹോണറിന്‍റെ നിലവിലെ ബോർഡും അതിലെ തൊഴിലാളികളും അതുപോലെ തന്നെ തുടരും. പുതിയ ഉടമകൾ ബിസിനസ്സ്, ബ്രാൻഡിംഗ്, ഉത്പാദനം, വിതരണം, സേവനങ്ങൾ, പ്രവർത്തനങ്ങൾ, എക്സിക്യൂട്ടീവ് തീരുമാനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കും. കഴിഞ്ഞ വർഷം അമേരിക്കന്‍ സര്‍ക്കാറുമായി ഹോണറിന്‍റെ മാതൃ സ്ഥാപനമായിരുന്ന ഹുവായിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഹോണര്‍ സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയെ ബാധിച്ചിരുന്നു. നിലവില്‍ മറ്റൊരു കമ്പനിയുടെതായി ഹോണര്‍ മാറുമ്പോള്‍ ഈ പ്രതിസന്ധി തരണം ചെയ്ത് ഹോണറിന് വീണ്ടും വിപണി കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമുള്ള ഹോണര്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യയടക്കമുള്ള പല വിപണികളിലും ആവശ്യക്കാര്‍ ഏറെയാണ്.
Leave a Reply