പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സേവനം അവസാനിപ്പിച്ച് ക്യുബി

quibi social media shut down

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്ട്രീമിംഗ് സേവനം നല്‍കുന്നതിനായി ആറ് മാസങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ക്യുബി, പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഥപറയലിന്‍റെ വരുംകാല രീതി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ക്യുബി ആരംഭിച്ചതെന്ന് സ്ഥാപകനും ബോര്‍ഡ് ചെയര്‍മാനുമായ ജെഫ്രി കാറ്റ്‌സെന്‍ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ക്യുബി അവതരിപ്പിക്കപ്പെട്ടതിന് ശേഷം ലോകത്ത് നാടകീയമായ മാറ്റങ്ങള്‍ സംഭവിക്കുകയും തങ്ങളുടെ സവിശേഷമായ രീതി പ്രസക്തമല്ലാതായിത്തീരുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ഡിസ്‌നിയിലെ മുന്‍ ഉദ്യോഗസ്ഥനും ഡ്രീംവര്‍ക്‌സ് എസ്‌കെജി സ്റ്റുഡിയോയുടെ സഹസ്ഥാപകനുമാണ് കാറ്റ്‌സെന്‍ബെര്‍ഗ്.

ഈ വര്‍ഷം ഏപ്രില്‍ ആറിനാണ് ക്യുബി അവതരിപ്പിക്കപ്പെട്ടത്. പ്രവര്‍ത്തിക്കാനുള്ള മൂലധനം കൈയിലുണ്ടായിരുന്നിട്ടും ക്യുബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഓഹരി പങ്കാളികള്‍ക്ക് പണം തിരികെ നല്‍കാനും കമ്പനി ഇപ്പോള്‍ തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും എന്ന് മുതല്‍ സ്ട്രീമിംഗ് അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ക്യുബിയില്‍ പ്രത്യേക പരിപാടികള്‍ കണ്ടെത്തുന്നതില്‍ പ്രയാസമുണ്ടെന്നും കാണുന്ന വീഡിയോകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുവാന്‍ പ്രയാസമാണെന്നുമുള്ള പരാതികള്‍ ഉയരുകയുണ്ടായി. കൂടാതെ, ഇതിലെ ഉള്ളടക്കങ്ങള്‍ മൊബൈല്‍ ഫോണില്‍ മാത്രം കാണാന്‍ സാധിക്കുന്നതാണെന്നും പരിമിതിയായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ആണ് ക്യുബിയ്ക്ക് തിരിച്ചടിയായതെന്നാണ് സ്ഥാപകന്‍ കാറ്റ്‌സെന്‍ബെര്‍ഗ് പറയുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*