പ്ലേ സ്റ്റോറിലേക്ക് തിരിച്ചുവന്ന് പേടിഎം; സംഭവിച്ചത് എന്തൊക്കെ?

paytm

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കംചെയ്‌തു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഒന്നു ഞെട്ടിച്ചതാണ്. ഞെട്ടൽ മാറുന്നതിനു മുൻപേ പേടിഎം പ്ലേസ്റ്റോറിലേയ്ക്ക് തിരികെ എത്തി എന്നുള്ള വാർത്തയും നമുക്ക് ലഭിക്കയുണ്ടായി. ഈയടുത്തിടെയായി ആപ്ലിക്കേഷൻ നിരോധനം ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും പ്ലേസ്റ്റോറിൽ ഇപ്പോൾ നടന്ന സംഭവങ്ങൾക്ക് പിന്നിൽ ചൈനീസ് ബന്ധം അല്ലകേട്ടോ. ഓൺലൈൻ ചൂതാട്ടത്തെക്കുറിച്ചുള്ള ഗൂഗിളിന്‍റെ സങ്കീർണ്ണമായ നിയമങ്ങൾ, ക്യാഷ് പ്രൈസുകളുള്ള മത്സരങ്ങൾ, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ പേടിഎം ലംഘിച്ചതിനാലാണ് ഗൂഗിൾ പ്ലേസ്റ്റോറില്‍ നിന്ന് ഇതിനെ നീക്കം ചെയ്തത്.

പേടിഎം ഒരു ചൈനീസ് ആപ്ലിക്കേഷനല്ല, ഇത് വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. എന്നാല്‍ ഇത് പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്യാനിടയായതും അതിനെ തുടര്‍ന്ന് ഉണ്ടായതുമായ ചില കാര്യങ്ങള്‍ ഇതാ.

  • ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ നിരന്തരമായി പേടിഎം ലംഘിച്ചുവെന്ന കാരണത്താലാണ് പുറത്താക്കല്‍ നടന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വഴിയൊരുക്കുന്ന ആപ്പുകളെയും അതിനെ പിന്തുണയ്ക്കുന്ന ആപ്പുകളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്‍റെ മാനദണ്ഡം പറയുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്‍റ് സൂസണ്‍ ഫ്രൈ ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ ബ്ലോഗ് പോസ്റ്റ് ഇട്ട് ഏതാനും മണിക്കൂറുകള്‍ക്ക്ശേഷമാണ് ഈ പുറത്താക്കല്‍ നടന്നത്.
    “ഉപയോക്താക്കളെ അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ഞങ്ങൾക്ക് ഈ നയങ്ങളുണ്ട്. ഒരു ആപ്ലിക്കേഷൻ ഈ നയങ്ങൾ ലംഘിക്കുമ്പോൾ, ഞങ്ങൾ ലംഘനത്തിന്‍റെ ഡെവലപ്പറെ അറിയിക്കുകയും ഡെവലപ്പർ ആപ്ലിക്കേഷനെ അനുസരിക്കുന്നതുവരെ ഗൂഗിൾ പ്ലേയിൽ നിന്ന് ആപ്ലിക്കേഷൻ നീക്കംചെയ്യുകയും ചെയ്യും. ആവർത്തിച്ചുള്ള നയ ലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഗൂഗിൾ പ്ലേ ഡെവലപ്പർ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നത് ഉൾപ്പെടുന്ന കൂടുതൽ ഗുരുതരമായ നടപടി ഞങ്ങൾ എടുത്തേക്കാം. ഞങ്ങളുടെ നയങ്ങൾ എല്ലാ ഡെവലപ്പർമാർക്കും സ്ഥിരമായി പ്രയോഗിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ” എന്നാണ് അവര്‍ ബ്ലോഗ് പോസ്റ്റില്‍ രേഖപ്പെടുത്തിയത്.
  • പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തപ്പോള്‍ പേടിഎം പ്രസ്താവനയിറക്കിയതില്‍ എവിടെയും ഗൂഗിളിന്‍റെ നയങ്ങളിലെ ചില ലംഘനങ്ങൾ കാരണമാണ് നീക്കംചെയ്യപ്പെടല്‍ ഉണ്ടായത് എന്ന് അവര്‍ എവിടെയും പരാമർശിക്കുന്നില്ല. “പുതിയ ഡൗൺ‌ലോഡുകൾ‌ അല്ലെങ്കിൽ‌ അപ്‌ഡേറ്റുകൾ‌ക്കായി ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിൽ‌ പേടിഎം ആൻഡ്രോയിഡ് ആപ്ലിക്കേഷൻ‌ താൽ‌ക്കാലികമായി ലഭ്യമല്ല. ഇത് ഉടൻ‌ തന്നെ മടങ്ങിയെത്തും. നിങ്ങളുടെ എല്ലാ പണവും പൂർണ്ണമായും സുരക്ഷിതമാണ്, മാത്രമല്ല നിങ്ങളുടെ പേടിഎം ആപ്ലിക്കേഷൻ‌ സാധാരണപോലെ ഉപയോഗിക്കുന്നത് തുടരാം,” എന്നായിരുന്നു പേടിഎം പ്രസ്താവനയിറക്കിയത്.
  • പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഇല്ലാതാക്കുന്നതിന് മുൻപ് ഗൂഗിൾ പേടിഎമ്മിന് മുന്നറിയിപ്പ് നൽകിയതായി ചില അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, പേടിഎം ഗൂഗിൾ നയത്തിന്‍റെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടത്തി അതിനാലാണ് നിരോധനം എന്നും അടുത്ത അപ്‌ഡേറ്റിൽ ഗൂഗിൾ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പേടിഎം പാലിച്ചാലുടൻ അത് ഉടൻ മടങ്ങിവരും എന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
  • അതേസമയം, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രമാണ് പേടിഎം നീക്കംചെയ്തത്. അത് അപ്പോഴും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ലഭ്യമായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാലും, ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാനും അതിലൂടെ പേയ്‌മെന്‍റുകൾ നടത്താനും സാധിച്ചിരുന്നു. അവരുടെ വാലറ്റുകളിലെ പണം സുരക്ഷിതമാണെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*