ടിക്ക്ടോക്ക് ഉപയോക്താക്കള്‍ക്കായി ഇൻസ്റ്റഗ്രാം റീൽസ് അവതരിപ്പിച്ച് ഫെയ്സ്ബുക്ക്

instagram reel

ചൈനീസ് ആപ്പുകളായ ടിക്ക്ടോക്കും ഹലോയുമെല്ലാം ഇന്ത്യയിൽ നിരോധിക്കപ്പെട്ടപ്പോൾ ഹൃസ്വ വീഡിയോ നിർമ്മാണ രംഗത്ത് വലിയൊരു ശൂന്യതയാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടത്. മെയിഡ് ഇന്‍ ഇന്ത്യ ആപ്പുകളായ മിത്രം, ചിന്‍ഗാരി തുടങ്ങിയവ ഈ രംഗത്തേക്കു വന്നെങ്കിലും ടിക്ക്ടോക്കിന് യഥാർത്ഥ പകരക്കാരനായി ഇതിനെ സ്വീകരിക്കാൻ ഉപയോക്താക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഈയവസരത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ റീല്‍സ് സവിശേഷത ഇന്ത്യയിൽ സജീവമാക്കുകയാണ് ഫെയ്സ്ബുക്ക്. ഇൻസ്റ്റഗ്രാം ആപ്ലിക്കേഷനില്‍ പ്രവർത്തിക്കുന്ന റീല്‍സിനെ ഫെയ്സ്ബുക്കിന്‍റെ ടിക്ക്ടോക്ക് പതിപ്പ് എന്നും വിശേഷിപ്പിക്കുന്നു.

ടിക്ക്ടോക്കിലേത് പോലെ സംഗീതവും ഫില്‍ട്ടറുകളും കോർത്തിണക്കി വീഡിയോകൾ സൃഷ്ടിക്കാവുന്ന ഇൻസ്റ്റഗ്രാം റീൽസ് ഉപയോക്താക്കളെ ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റീല്‍സില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകൾ പ്ലാറ്റ്ഫോമില്‍ ഫോളോ ചെയ്യുന്നവർക്ക് മാത്രമായിട്ടല്ല കാണാനാകുക. മറിച്ച്, ടിക്ക്ടോക്കിലേതിന് സമാനമായി പ്ലാറ്റ്ഫോമിലുള്ള എല്ലാവർക്കുമത് കാണാവുന്നതാണ്.

റീലുകൾക്ക് സംഗീതം നൽകുന്നതിനായി ഫെയ്സ്ബുക്ക് ടി-സീരീസ്, സീ മ്യൂസിക് കമ്പനി, യഷ് രാജ് ഫിലിംസ് എന്നിവയുൾപ്പെടെയുള്ള സംഗീത ലേബലുകളുമായി പങ്കുചേര്‍ന്നിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ റീലുകൾക്കായി ഇൻസ്റ്റഗ്രാമിന്‍റെ മ്യൂസിക് ലൈബ്രറിയിൽ നിന്നുള്ള പാട്ടുകൾ തിരയാനും സാധിക്കും. ഫിൽട്ടറുകൾക്കായി, കമ്പനിയുടെ തന്നെ റിയാലിറ്റി പ്ലാറ്റ്ഫോമായ സ്പാർക്ക് എആർ പ്ലാറ്റ്ഫോമിനെ സമന്വയിപ്പിക്കുന്നു. ക്യാമറ ഹാൻഡ്‌സ് ഫ്രീ നിയന്ത്രിക്കാനും മുന്‍പത്തെ ക്ലിപ്പുകളിൽ നിന്ന് ഒബ്‌ജക്റ്റുകൾ ചേർക്കാനും വീഡിയോകൾ വേഗത്തിലാക്കാനും വേഗത കുറയ്ക്കാനും ഇതില്‍ സവിശേഷതകളുണ്ട്.

ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ അവതരിപ്പിച്ചിരുന്ന ഈ സവിശേഷത നിലവില്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ലഭ്യമാക്കുന്നത്. ഔദ്യോഗികമായി രാജ്യത്ത് ഇത് ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് ഫെയ്സ്ബുക്ക് അധികൃതർ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*