കില്‍ സ്വിച്ചുകളുമായി ഫോണുകള്‍

വ്യത്യസ്തമെങ്കിലും ഒരുമിച്ച് ചര്‍ച്ചയാവാറുള്ള വിഷയങ്ങളാണ് സ്വാതന്ത്ര്യവും സ്വകാര്യതയും. സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ ഇതുരണ്ടും ആശങ്കയുളവാക്കുന്ന അവസ്ഥയിലാണ്.

ഉത്പന്നം ഏതുരീതിയിലും ഉപയോഗിക്കാനും പരീക്ഷണവിധേയമാക്കാനും പരിഷ്കരിക്കാനുമുള്ള അനുവാദമാണ് സ്വാതന്ത്ര്യം കൊണ്ടുദ്ദേശിക്കുന്നത്. മിക്ക സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും പരീക്ഷണങ്ങളോ അറ്റകുറ്റപ്പണി പോലുമോ അനുവദിക്കുന്നില്ലെന്ന് നമുക്കറിയാം. ഇതിനായി തങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യാവുന്ന സ്ക്രൂവും പോര്‍ട്ടും കണ്ടെത്താന്‍ വരെ മടിയില്ലാത്തവരാണ് ചില നിര്‍മാതാക്കള്‍. ഫോണിന്റെ പൂര്‍ണമായ ശേഷി ഉപയോഗപ്പെടുത്താന്‍ അണ്‍ലോക്കിങ്/ജയില്‍ബ്രേക്കിങ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ട ഗ‌തികേടിലാണ് ഉപയോക്താക്കള്‍. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു സ്വാഭാവികതയായി അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. പക്ഷേ ചിന്തിക്കുക, ഒരു ഡെസ്ക്ടോപ്പ് കംപ്യൂട്ടറായിരുന്നു ഈ സ്ഥാനത്തെങ്കിലോ? ഇഷ്ടമുള്ള ഓഎസ് ഇന്‍സ്റ്റാള്‍ ചെയ്യാനനുവദിക്കാത്ത, ഹാര്‍ഡ്‌വെയര്‍ ഘടകങ്ങള്‍ ഇഷ്ടാനുസാരം മാറ്റാനനുവദിക്കാത്ത ഒരു കംപ്യൂട്ടര്‍ എത്രയാളുകള്‍ വാങ്ങും? ഹാര്‍ഡ്‌വെയറിന്റെ ഉപയോഗസാദ്ധ്യത പരിമിതപ്പെടുന്നതുകൊണ്ട് ഇതൊരു നൈതികുപ്രശ്നം മാത്രമല്ല, പാരിസ്ഥിതികപ്രശ്നം കൂടിയാണ്.

ഓപ്പണ്‍ സോഴ്സ് എന്ന വാഗ്ദാനത്തോടെ ആന്‍ഡ്രോയ്ഡ് രംഗപ്രവേശം ചെയ്തപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ലോകത്തും സ്വാതന്ത്ര്യമെത്തി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്നത് ഗൂഗിളിന്റെ സാമ്രാജ്യത്തിലേക്കുള്ള ഒരു കവാടമായി മാറിയിട്ടുണ്ട്. ആന്‍ഡ്രോയി‍ഡിന്റെ സുപ്രധാനഘടകങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആയി തുടരുന്നുവെങ്കിലും ഗൂഗിളിന്റെ പതിപ്പുമാത്രമാണ് മിക്ക ഹാന്‍ഡ്‌സെറ്റുകളിലും ലഭ്യം (അല്ലാത്തത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ റൂട്ടിങ് വേണ്ടിവരും).

ഉപയോക്താവിന് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുന്ന ചുരുക്കം മോഡലുകള്‍ പ്രമുഖ നിര്‍മാതാക്കളില്‍നിന്നുതന്നെ എത്താറുണ്ട്. എന്നാല്‍ സ്വാതന്ത്ര്യവും സ്വകാര്യതയും പ്രധാനലക്ഷ്യമാക്കിയ നിര്‍മാതാക്കള്‍ ചുരുക്കമാണ്. അത്തരം ര​ണ്ടുശ്രമങ്ങള്‍ ഈയടുത്തായി ചര്‍ച്ചയായിരുന്നു.  Librem 5, PinePhone എന്നീ ഫോണുകളാണവ. ലിനക്സ്-അധിഷ്ഠിത ഓഎസ്സുകളാണ് ഉപയോഗിക്കുന്നത്. സ്വകാര്യത ശക്തമാക്കാനുള്ള ഹാര്‍ഡ്‌വെയര്‍ സൌകര്യങ്ങളാണ് ഇവയെ ശരിക്കും ചര്‍ച്ചയാക്കുന്നത്. റേഡിയോ ആശയവിനിമയം, ക്യാമറ, മൈക്ക് തുടങ്ങിയവ ഹാര്‍ഡ്‌വെയര്‍ തലത്തില്‍ത്തന്നെ നിര്‍ത്തിവയ്ക്കാനുള്ള ‘കില്‍ സ്വിച്ചു’കള്‍ ആണിവ. ആപ്ലിക്കേഷനുകളിലെ ഓഫ് ബട്ടണുകളേക്കാള്‍ എന്തുകൊണ്ടും വിശ്വസ്തം ഇത്തരം കില്‍ സ്വിച്ചുകളാണ്. വൈകാതെ തന്നെ ഈ ഫോണുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ആകര്‍ഷകമായ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ സദുദ്ദേശ്യങ്ങളുള്ള ഇത്തരം ശ്രമങ്ങലെക്കൂടി നാം പ്രോത്സാഹിപ്പിക്കണം. ചിലപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. എങ്കിലും കുറച്ചുകാലത്തേക്കുമാത്രമേ അതുണ്ടാവൂ. മതിയായ പ്രോത്സാഹനം കിട്ടിയാല്‍ ഇവര്‍ക്കും മുഖ്യധാരയിലെത്തി ആകര്‍ഷകമായ ഉത്പന്നങ്ങളിറക്കാനാവുമെന്നതാണ് കാരണം. ഇത്തരം ഉദ്യമങ്ങളുടെ വിജയം ശ്രദ്ധയില്‍പ്പെട്ട് പ്രമുഖ നിര്‍മാതാക്കള്‍ തന്നെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം കൊടുക്കാനും ഇടയുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*