കൊറോണക്കാലത്ത് ലോകം മുഴുവൻ ഓൺലൈൻ കോൺഫറൻസുകളിലേയ്ക്ക് ചുവടുമാറുമ്പോൾ ചെറിയൊരു വിഭാഗം ആളുകളെങ്കിലും സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമോർത്ത് ആശങ്കപ്പെടുന്നുണ്ട്. ചിലരാകട്ടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു. ഫെയ്സ്‌ബുക്ക് അടക്കമുള്ള പ്രമുഖ സേവനങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും സൂമിനെതിരെ സർക്കാർ ഏജൻസികൾ രംഗത്ത് വന്നതും ഇത്തരം ആശങ്കകളും ആവശ്യങ്ങളും അസ്ഥാനത്തല്ല എന്ന് സൂചിപ്പിക്കുന്നു.
സ്വതന്ത്ര ചാറ്റ്/വീഡിയോ കോൺഫറൻസിങ് സേവനങ്ങൾക്കായുള്ള അന്വേഷണങ്ങൾ മിക്കപ്പോഴും എത്തുക ബിഗ് ബ്ലൂ ബട്ടൺ, ജിറ്റ്സി (jitsi.org) എന്നീ സേവനങ്ങളിലാണ്. വൈറ്റ് ബോർഡ്, സ്ലൈഡുകൾ പങ്കുവെയ്ക്കൽ തുടങ്ങി ഇ-ലേണിങ്ങിന് ഉപകരിക്കുന്ന ഒരുപാട് സൗകര്യങ്ങൾ ഉള്ളതാണ് ബിഗ് ബ്ലൂ ബട്ടൺ. എന്നാൽ സാധാരണ രീതിയിലുള്ള ഓൺലൈൻ ചർച്ചകൾ എളുപ്പത്തിൽ നടത്താൻ ജിറ്റ്സി ആണ് ഉത്തമം. meet.jit.si എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സൈൻ അപ്പ് ഒന്നും ചെയ്യാതെ തന്നെ ആർക്കും വീഡിയോ കോൺഫറൻസ് ആരംഭിക്കാം. എത്ര പേർക്കും പങ്കെടുക്കാം. വെബ് ക്യാം, മൈക്ക്, സ്ക്രീൻ ഷെയറിംഗ്, ടെക്സ്റ്റ് ചാറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട്. സ്വന്തമായി സെര്‍വർ ഉള്ളവര്‍ക്ക് വേണമെങ്കിൽ അതിൽ ജിറ്റ്സി ഇൻസ്റ്റോൾ ചെയ്ത് സ്വന്തം നിലയ്ക്ക് ഒരു ജിറ്റ്സി സേവനം നടത്തുകയും ആവാം. വളരെ എളുപ്പമാണിത്.
ഏറെ ലളിതമാണ് ജിറ്റ്സിയുടെ ഉപയോഗരീതി (ഇനി അല്ലെങ്കില്‍പ്പോലും ഇത്തരം സേവനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും വളർത്തിയെടുക്കേണ്ടതുമുണ്ടെന്നത് മറ്റൊരു കാര്യം). ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ജിറ്റ്സി വഴിയുള്ള വീഡിയോ കോൺഫറൻസിങ് തീർച്ചയായും ഒരു നല്ല അനുഭവമായിത്തീരും:
- ജിറ്റ്സി ഉപയോഗിക്കാൻ കമ്പ്യൂട്ടറിൽ ക്രോമിയം പോലുള്ള മുഖ്യധാരാ ബ്രൗസറുകളിൽ ഒന്നിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുക. സ്വകാര്യതയ്ക്കും മറ്റും പ്രാധാന്യം നല്‍കുന്നതിനാല്‍ പൊതുവായ ബ്രൗസിങ്ങിന് മോസില്ലാ ഫയർഫോക്സ് ആണ് നല്ലതെങ്കിലും ജിറ്റ്സി ഇതില്‍ സുഗമമായി പ്രവര്‍ത്തിക്കണമെന്നില്ല. മൊബൈലിൽ ജിറ്റ്സി മീറ്റ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരാം. ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ വിശ്വസ്തസ്രോതസുകളെ തന്നെ ആശ്രയിക്കുക. മൊബൈൽ ആപ്പുകൾക്ക് f-droid അല്ലെങ്കിൽ പ്ലേസ്റ്റോർ ഉപയോഗിക്കാം.
- അക്കൗണ്ടുകൾ വേണ്ടെന്നത് ജിറ്റ്സിയുടെ ഒരു ആകർഷണീയതയാണ് . എന്നാൽ കോൺഫറൻസിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാൻ ഉപയോഗിക്കുന്ന ലിങ്ക് അന്യരുടെ കയ്യിൽ എത്താതെ നോക്കണം. ആവശ്യമെങ്കിൽ പാസ്‌വേഡ് ക്രമീകരിക്കാനുള്ള സൗകര്യം ജിറ്റ്സിയുടെ വെബ് ആപ്ലിക്കേഷനിൽ വലതുവശത്ത് താഴെയുണ്ട്.
- ബ്രൗസർ വഴിയാണ് ജിറ്റ്സി ഉപയോഗിക്കുന്നതെങ്കിൽ കയറുമ്പോൾ തന്നെ നമ്മുടെ ക്യാമറയും മൈക്കും ഉപയോഗിക്കാനുള്ള അനുവാദം ആവശ്യപ്പെടും. ഇങ്ങനെ ചോദിക്കുന്നില്ലെങ്കിൽ ബ്രൗസറിന്റെ സെറ്റിംഗ്സ് പരിശോധിക്കുകയോ മറ്റൊരു ബ്രൗസർ ഉപയോഗിക്കുകയോ ചെയ്യുക. തുടക്കത്തിൽ മൈക്കിനും ക്യാമറയ്ക്കും അനുവാദം നൽകേണ്ടത് അത്യാവശ്യമാണ്. കോൺഫറൻസിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് എപ്പോൾ വേണമെങ്കിലും ഇവ ബ്ലോക്ക് ചെയ്യുകയോ അൺബ്ലോക്ക് ചെയ്യുകയോ ചെയ്യാം.
- ഓഡിയോ ഡിവൈസിന് അനുവാദം കൊടുക്കുന്നിടത്ത് വിവിധ സ്രോതസ്സുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും (സാധാരണ ഗതിയില്‍ മൈക്ക്, സിസ്റ്റം സൗണ്ട്). ഇത് മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അബദ്ധത്തില്‍ മാറിപ്പോയാല്‍ പേജ് റീലോഡ് ചെയ്താല്‍ മതി. മാറ്റിത്തിരഞ്ഞെടുക്കാം.
- ചാറ്റ് തുടങ്ങി കഴിഞ്ഞാൽ മൈക്കും ക്യാമറയും ബ്ലോക്ക് ചെയ്യാനുള്ള ബട്ടണുകൾ സ്ക്രീനിൽ താഴെ കാണാം. ഇവ തീർച്ചയായും ഉപയോഗപ്പെടുത്തുക. സംസാരിക്കുന്നയാൾ മാത്രം മൈക്ക് ഉപയോഗിക്കുകയും മറ്റെല്ലാവരും സ്വയം മ്യൂട്ട് ചെയ്യുകയും ചെയ്യുന്നത് പ്രതിധ്വനി (echo) ഒഴിവാക്കാൻ സഹായിക്കും. വേഗം കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനിലും ചർച്ച സാധ്യമാക്കുക എന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. എല്ലാവരും ക്യാമറ ബ്ലോക്ക് ചെയ്യുകയും സംസാരിക്കുന്നയാൾ, അതും ആവശ്യമുള്ളപ്പോൾ മാത്രം മൈക്ക് ഓൺ ചെയ്യുന്നത് ഒട്ടും വേഗമില്ലാത്ത കണക്ഷനിൽ പോലും ചർച്ച നടത്താൻ സഹായിക്കും.
- എക്കോ ഒഴിവാക്കാൻ ആവശ്യം ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഹെഡ്ഫോൺ ഉപയോഗിക്കുക എന്നത്. ആരെങ്കിലും ഒരാൾ സ്പീക്കർ ഉപയോഗിച്ചാൽ തന്നെ മറ്റുള്ളവർ പറയുന്നത് സ്പീക്കർ ഉപയോഗിക്കുന്നയാളുടെ മൈക്കിലൂടെ തിരികെ നെറ്റ്‌വർക്കിൽ എത്തി എക്കോ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
- മറ്റുള്ളവർ സംസാരിക്കുന്നതിനിടെ നമുക്ക് സംസാരിക്കണമെന്ന് തോന്നുമ്പോൾ ശ്രദ്ധ ക്ഷണിക്കാനായി ഒരു കൈ പൊക്കൽ (hand raising) സംവിധാനം ഉണ്ട്. ഈ ബട്ടൺ അമർത്തുമ്പോൾ മറ്റുള്ളവരുടെ സ്ക്രീനിൽ നമ്മുടെ സ്റ്റാറ്റസ് മാറിയതായി കാണാം. ഇ ങ്ങനെ ശ്രദ്ധ ക്ഷണിച്ചു മാത്രം സംസാരിച്ചു തുടങ്ങുക.
- കണക്ഷനിൽ തടസ്സങ്ങൾ നേരിടുമ്പോൾ കാത്തിരുന്നിട്ടും ഫലമില്ലെന്നു കണ്ടാൽ ബ്രൗസർ ജാലകം റീലോഡ് ചെയ്യുക.
പൊതുനന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സംവിധാനം എന്ന നിലയില്‍ ജിറ്റ്സിയെ പിന്തുണയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ.
Thanks to your valuable information.