സ്വയം ചിറകുകളടിച്ച് പറക്കാന്‍ സാധിക്കുന്ന കുഞ്ഞന്‍ റോബോട്ട്

ചിറകുകൾ അടിച്ച് പറക്കാൻ കഴിയുന്ന പ്രാണിയുടെ വലിപ്പമുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടണിലെ ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ. പാരിസ്ഥിതിക നിരീക്ഷണം, തകർന്ന കെട്ടിടങ്ങൾക്കുള്ളില്‍ രക്ഷാപ്രവർത്തനം നടത്താൻ എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗമാണ് ലാസ റോബോട്ട് എന്ന സ്വയം ചിറകടിച്ച് പറക്കുവാന്‍ കഴിവുള്ള ഈ കുഞ്ഞൻ റോബോട്ടിനുള്ളത്.

സാധാരണയായി പറക്കുന്ന റോബോട്ടുകളുടെ ചിറകുകൾ ചലിപ്പിക്കാൻ ഉപയോഗിച്ചിരുന്നത് മോട്ടോറുകളും ഗിയറുകളും ഒക്കെ ചേർന്ന സങ്കീർണമായ സംവിധാനമായിരുന്നു. ഉയർന്ന ചിലവും അമിത ഭാരവും മറ്റ് സങ്കീർണതകളും ഈ സാങ്കേതികവിദ്യകളുടെ പ്രധാന പ്രശ്നങ്ങളും ആയിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. ലിക്വിഡ് ആംപ്ലിഫൈഡ് സിപ്പിംഗ് ആക്യുവേറ്റർ (ലാസ) എന്ന കൃത്രിമ പേശി സംവിധാനമാണ് പരമ്പരാഗത സാങ്കേതികവിദ്യകൾക്ക് പകരമായി സംഘം ഈ ചെറിയ റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. 

വസ്തുക്കളെ സ്പർശിക്കാതെ തന്നെ കാന്തിക ബലം പോലെ ഇലക്ട്രോസ്റ്റാറ്റിക് ഫോഴ്സ് ഉപയോഗിച്ചാണ് ലാസ റോബോട്ട് ചിറകുകളെ ചലിപ്പിക്കുന്നത്. ഡയറകറ്റ്- ഡ്രൈവ് കൃത്രിമ പേശി സംവിധാനമാണ് ലാസ. ലാസ ഉപയോഗിക്കുന്ന റോബോട്ടിന് അതേ ശരീരഭാരമുള്ള ജീവിയേക്കാൾ വേഗം ലഭിക്കുന്നതായും ഗവേഷകർ പറയുന്നു. ചിറകുകളുടെ ഫ്ലാപ്പിങ് ഏറെ സമയം നിലനിർത്താൻ കഴിയുന്നതിനാൽ റോബോട്ടുകൾക്ക് ദീർഘദൂരം പറക്കാനും സാധിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*