പ്ലസ് കോഡുകളുടെ സഹായത്തോടെ ഉപയോക്താക്കളെ അവരുടെ വീടുകളുടെ കൃത്യമായ ലൊക്കേഷനുകൾ രേഖപ്പെടുത്താൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്സിനായി 2018-ൽ അവതരിപ്പിച്ച പ്ലസ് കോഡുകൾ മുമ്പ് എൻജിഒകളും മറ്റ് വിവിധ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. കഴിഞ്ഞ മാസം പരീക്ഷണ അടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്ന ഈ ഫീച്ചര്‍ ഇതിനകം 300,000-ത്തിലധികം ആളുകൾ ഉപയോഗിച്ചു. ഇപ്പോൾ, എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരിക്കുകയാണ് ഗൂഗിൾ. ഡെലിവറി അഡ്രസ്സ് ആയോ സുഹൃത്തുക്കളുമായി വളരെ എളുപ്പത്തിൽ പങ്കു വെക്കാവുന്ന ഡിജിറ്റൽ മേൽവിലാസമായോ ഇത് ഉപയോഗിക്കാം.
എന്താണ് പ്ലസ് കോഡുകൾ?
പ്ലസ് കോഡുകൾ എന്നാൽ ഭൂമിയിലെ ഏത് സ്ഥലത്തിന്റെയും കൃത്യമായ വിലാസങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കുന്ന സൗജന്യ ഡിജിറ്റൽ വിലാസങ്ങളാണ്. ഈ കൃത്യമായ വിലാസങ്ങൾ നൽകുന്നതിനായി ഗൂഗിൾ ആ സ്ഥലത്തിന്റെ രേഖാംശവും അക്ഷാംശവും ആണ് ഉപയോഗിക്കുന്നത്. കൃത്യമായ ഒരു അഡ്രസ് ഇല്ലാത്ത സ്ഥലങ്ങൾ വരെ പ്ലസ് കോഡിന്റെ സഹായത്താൽ ഡിജിറ്റൽ വിലാസം ഉണ്ടാക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.
പ്രവർത്തനം
നിങ്ങൾ ഒരു വിലാസം ഹോം അഡ്രസ്സ് ആയി സേവ് ചെയ്യുമ്പോഴെല്ലാം, ഗൂഗിൾ മാപ് ഒരു പുതിയ ‘Use your current location’ ഓപ്ഷൻ കാണിക്കും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപകരണത്തിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി പ്ലസ് കോഡ് നിർമിക്കപ്പെടും. ഇതായിരിക്കും പിന്നീട് നിങ്ങളുടെ ഡിജിറ്റൽ മേൽവിലാസം.
ഗൂഗിൾ മാപ്പിലെ വീട്ടുവിലാസങ്ങൾക്കായുള്ള പ്ലസ് കോഡുകൾ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്, ഉടൻ തന്നെ ഐഒഎസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply