ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ നൽകണമെന്ന് ഓപ്പറേറ്റർമാരോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയോടാണ് 30 ദിവസത്തെ വാലിഡിറ്റി കാലയളവ് നൽകുന്ന ഒരു താരിഫ് പ്ലാനെങ്കിലും അവതരിപ്പിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. 1999ലെ ടെലികമ്മ്യൂണിക്കേഷൻ ഓർഡറിൽ മാറ്റം വരുത്തിക്കൊണ്ടാണ് ട്രായ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഓരോ ടെലികോം ഓപ്പറേറ്ററും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും ഒരു കോംബോ വൗച്ചറും 30 ദിവസത്തെ വാലിഡിറ്റിയിൽ നൽകണമെന്നാണ് ആവശ്യം. ടെലിക്കോം റെഗുലേറ്ററി ബോഡി ഈ തീരുമാനത്തെ ഉപഭോക്തൃ-സൗഹൃദമെന്നാണ് വിശേഷിപ്പിച്ചത്.
നിലവിൽ എല്ലാ ടെലിക്കോം കമ്പനികളും പ്രതിമാസ പ്ലാൻ എന്ന പേരിൽ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് നൽകുന്നത്. ഇതിലൂടെ ഒരു വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഉപയോക്താക്കളെ വഞ്ചിക്കുന്ന രീതിയാണ്. ഇത് സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ട്രായ് വ്യക്തമാക്കി.
Leave a Reply