മെഡിക്കൽ അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സെൻട്രൽ പ്രോസസിങ് യൂണിറ്റ്(സി പി യു) വികസിപ്പിച്ച് ചാത്തമംഗലത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്). കേന്ദ്ര ഇലക്ട്രോണിക് ടെക്നോളജി മന്ത്രാലയത്തിന്‍റെ സ്പെഷ്യൽ മാൻപവർ ഡെവലപ്മെന്‍റ് പ്രോഗ്രാം ‘ചിപ് ടു ഡിസൈൻ സിസ്റ്റം’ പദ്ധതിക്ക് കീഴിലാണ് ഐ.സി. പ്രോസസർ (ചിപ്പ്) വികസിപ്പിച്ചത്.
വിദേശത്തുനിന്നും ഇറക്കുമതിചെയ്യുന്നതിനെക്കാൾ അന്‍പതുശതമാനത്തിലേറെ വിലക്കുറവിൽ മെഡിക്കൽ അൾട്രാസൗണ്ട് ഉപകരണങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ ചിപ്പ് വികസിപ്പിച്ചതിലൂടെ വഴിയൊരുങ്ങിയതായി പ്രോജക്ടിന് നേതൃത്വം നൽകിയ നീലിറ്റ് സീനിയർ സയന്‍റിസ്റ്റ് ഡോ. ജയരാജ് യു. കിടാവ് ചൂണ്ടിക്കാട്ടി
മെഡിക്കൽ അൾട്രാസൗണ്ട് ഇമേജിങ് ഉപയോഗത്തിനായി 180 നാനോ മീറ്റർ സാങ്കേതികവിദ്യയിലാണ് ഇന്‍റഗ്രേറ്റഡ് സർക്യൂട്ട് (അറെ സിഗ്നൽ പ്രോസസർ) നീലിറ്റ് നിർമിച്ചത്. അമ്പത് മെഗാ ഹർട്സ് വരെ തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കും. മെഡിക്കൽ അൾട്രാസൗണ്ട് ആപ്ലിക്കേഷനായി ഇലക്ട്രോണിക് സിസ്റ്റം ബോർഡിൽ പ്രോസസർ വിജയകരമായി പരീക്ഷിച്ചു. സങ്കീർണമായ അർധചാലക ഐ.സി. രൂപകല്പനയിലും വികസനത്തിലും ഇന്ത്യയുടെ മുന്നേറ്റമാണ് നീലിറ്റിന്‍റേത്. രാജ്യത്തെ വ്യവസായങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്ന ഐ.സി. ക്ഷാമം ലഘൂകരിക്കാൻ പ്രോസസർ വികസനം സഹായകരമാവും. സാങ്കേതികവിദ്യാ കൈമാറ്റത്തിനായി കമ്പനികളിൽനിന്ന് നീലിറ്റ് താത്പര്യപത്രം ക്ഷണിക്കും.
Leave a Reply