റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കാര്‍ഡ് സ്റ്റോറേജ് റെഗുലേഷന് മൂലം 2022 ജനുവരി ഒന്ന് മുതൽ, എടിഎം കാർഡ് നമ്പർ, കാലഹരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നിലവിലെ ഫോർമാറ്റിൽ സേവ് ചെയ്യാന്‍ കഴിയില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനങ്ങൾക്കായി പ്രതിമാസം തുക അടയ്ക്കുന്നതിനായി നിരവധി ഉപയോക്താക്കൾ ഗൂഗിള്‍ വർക്ക്, ഗൂഗിള്‍ പ്ലേ അക്കൗണ്ടുമായി എടിഎം കാര്‍ഡ് നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ട്.
2022 ജനുവരി ഒന്ന് മുതൽ കാർഡ് വിതരണക്കാര്‍ക്കും കാർഡ് നെറ്റ്വർക്കുകള്‍ക്കും വിശദാംശങ്ങള്‍ സൂക്ഷിക്കാം. എന്നാല്‍ ഒരു സ്ഥാപനമോ വ്യാപാരിയോ കാർഡ് വിശദാംശങ്ങൾ അല്ലെങ്കിൽ കാർഡ് ഓൺ ഫയൽ (CoF) സൂക്ഷിക്കാന്‍ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശിച്ചിട്ടണ്ട്.
ഗൂഗിള്‍ വണ്‍, ഗൂഗിള്‍ ക്ലൗഡ് വര്‍ക്ക് അക്കൗണ്ടുകള്‍ എന്നിവയുടെ സബ്സ്ക്രിപ്ഷന് പുതുക്കുന്നതിനായി കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിടാനിടയുണ്ട്. എന്നിരുന്നാലും, ഉപയോക്താവിന്റെ അംഗീകാരത്തോടെ അവർക്ക് ആർബിഐ നിയന്ത്രണങ്ങൾ പാലിക്കുന്ന ഒരു ഫോർമാറ്റിൽ കാർഡിന്റെ വിശദാംശങ്ങൾ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. കാർഡിന്റെ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപയോക്താക്കൾ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡിസംബര്‍ 31 ന് ശേഷം പേയ്മെന്റുകള്‍ നടത്തുന്നത് തുടരുന്നതിനായി നിലവിലെ മാസ്റ്റര്‍കാര്‍ഡ്/വിസ അല്ലെങ്കില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലെ വിശദാംശങ്ങള്‍ വീണ്ടും നല്‍കേണ്ടി വരുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. ജനുവരി ഒന്നിന് മുന്‍പായി ഒരു തവണയെങ്കിലും മുഴുവന്‍ വിശദാംശങ്ങളും അല്ലാതെ തന്നെ നല്കി പേയ്മെന്റ് നടത്തണമെന്നും ഗൂഗിള്‍ അറിയിച്ചു.
പുതിയൊരു ടോക്കണ്‍ സിസ്റ്റവും ഗൂഗിള്‍ പരിചയപ്പെടുത്തുന്നു. “ടോക്കൺ” എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് ഉപയോഗിച്ച് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയയാണിത്. ഇത് ഓരോ ഉപയോക്താക്കള്‍ക്കും വ്യത്യസ്തമായിരിക്കും. കാർഡ് നമ്പറുകളും സിവിവിയും പോലുള്ള കാർഡ് വിശദാംശങ്ങൾ പങ്കിടുന്നതിലൂടെ സംഭവിക്കുന്ന തട്ടിപ്പുകൾ ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Leave a Reply