രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്റെ പ്രധാന ഭാഗമാകുക കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്ലിക്കേഷൻ ആയിരിക്കും. വാക്സിൻ സംഭരണം, വിതരണം, പ്രചാരണം എന്നിവയ്ക്ക് ആപ്പ് സഹായിക്കും. മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനും ആപ്പ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.
ഐസിഎംആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഏജൻസികൾ ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രത്തിൽനിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന് ആപ്പ് സഹായിക്കും. വാക്സിന്റെ ഷെഡ്യൂൾ, വാക്സിനേറ്ററിന്റെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുന്നതിന് ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ സാധിക്കും.
28000 സംഭരണ കേന്ദ്രങ്ങളിൽ വാക്സിൻ സ്റ്റോക്കുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും താപനില ലോഗറുകൾ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോൾഡ് ചെയിൻ മാനേജർമാരെ വിന്യസിക്കുന്നതിനും ആപ്പ് സഹായിക്കും. സംഭരണ സ്ഥലങ്ങളിലെ ലോഡ് ഷെഡിങ്, വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ എന്നിവ പോലുള്ള താപനില വ്യതിയാനങ്ങൾ കണ്ടെത്താനും ആപ്പ് ഉപകാരപ്പെടും.
ഒരു സംഭരണ കേന്ദ്രത്തിൽനിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ വാക്സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ട്രാക്ക് ചെയ്യും. വാക്സിൻ നൽകേണ്ട ആരോഗ്യ പ്രവർത്തകർ, കോവിഡ് പോരാളികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, രോഗാവസ്ഥയുള്ളവർ തുടങ്ങിയ നാല് മുൻഗണനാ ഗ്രൂപ്പുകളുടെ ഡേറ്റയും ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും.
Leave a Reply