ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ സംഗീത വീഡിയോകൾക്കായി മാത്രമുള്ള ആപ്പിൾ മ്യൂസിക് ടിവി ചാനൽ ആരംഭിച്ചിരിക്കുന്നു. നിലവില്‍ യുഎസില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ സേവനം ആപ്പിൾ മ്യൂസിക് ടിവിയിലും ആപ്പിൾ ടിവി ആപ്പിലും മാത്രമേ ലഭ്യമാകുകയുള്ളൂ.
മ്യൂസിക് വീഡിയോ രംഗത്ത് യൂട്യൂബിന്‍റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ആപ്പിളിന്‍റെ പുതിയ ചാനല്‍. ജനപ്രിയ സംഗീത വീഡിയോകളുടെ സൗജന്യവും ക്യൂറേറ്റ് ചെയ്‌തതുമായ 24 മണിക്കൂർ തത്സമയ സ്‌ട്രീമാണ് ആപ്പിൾ മ്യൂസിക് ടിവി. കൂടാതെ, ലൈവ് ഷോകളും, ചാര്‍ട്ട് കൗണ്ട്ഡൗണുകളും, അതിഥികളെത്തുന്ന ഷോകളും ഒക്കെ ഇതില്‍ ഉണ്ടാകും.
ആപ്പിള്‍ മ്യൂസിക് ടിവി-യില്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന പാട്ട് സമൂഹ മാധ്യമങ്ങളിലേക്ക് പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ടൂളുകളും സ്ക്രീനില്‍ തന്നെ ലഭ്യമാണ്. ത്രീ ഡോട്ട് മെനുവില്‍ ടാപ്പ് ചെയ്ത്, മോര്‍ മെനു ഓപ്ഷന്‍ എടുത്താല്‍ ലിങ്ക് ട്വീറ്റ് ചെയ്യാനും മറ്റും സാധിക്കും. പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അതു പോസു ചെയ്തു വച്ച്, ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ന്നു കേള്‍ക്കാനുള്ള അവസരവും ഇതിലുണ്ട്.
ആപ്പിള്‍ ടിവി-യിലെ കണ്ടെന്‍റുകള്‍ ലൈവ് സ്ട്രീം ആണോ എന്നറിയാന്‍ ടെക്‌സ്റ്റും, ഐക്കണുകളും ചുവപ്പു നിറത്തിലാണോ എന്നു നോക്കിയാല്‍ മതി. അവ വെള്ള നിറത്തിലേക്കു മാറിയാല്‍ അതു ലൈവ് അല്ലെന്ന് ഉറപ്പിക്കാം. നിലവില്‍ ആപ്പിള്‍ മ്യൂസിക് ടിവി സൗജന്യമായാണ് യുഎസില്‍ ലഭ്യമാക്കിയിരിക്കുന്നത്.
Leave a Reply