ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 മുതൽ 2500 രൂപ വരെ കുറയുമെന്നും കമ്പനിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നിലവിൽ 2ജി കണക്ഷൻ ഉപയോഗിക്കുന്ന 20-30 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളെയാണ് 5ജി-യിലേക്ക് ജിയോ ലക്ഷ്യമിടുന്നത്. നിലവിൽ 5ജി സ്മാർട്ട്ഫോണുകൾ 27000 രൂപ മുതൽ ഇന്ത്യയിൽ ലഭ്യമാണ്.
ജിയോയുടെ 5ജി സ്മാർട്ട്ഫോൺ ആന്‍ഡ്രോയിഡിൽ പ്രവർത്തിക്കുമോ ഇല്ലയോ എന്ന് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ഇത് ഒരു ആന്‍ഡ്രോയിഡ് ഫോണാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജിയോ നേരത്തെ 4ജി ഫോണുകൾ കായ്ഒഎസ്(KaiOS)-ൽ പ്രവർത്തിപ്പിച്ചിരുന്നുവെങ്കിലും അവ സ്മാർട്ട് ഫീച്ചർഫോണുകളായിരുന്നു. പൂർണ്ണ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നതിന് പകരം, ജിയോ ഗൂഗിള്‍ ഓഎസിന്റെ ലൈറ്റ് പതിപ്പ് ഉപയോഗിക്കാനാണ് സാധ്യത.
ഈ പുതിയ ജിയോ ഫോൺ ആൻഡ്രോയിഡ് പ്രവർത്തിപ്പിക്കാൻ പോകുന്നതിന്റെ മറ്റൊരു കാരണം ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഗൂഗിൾ, ജിയോ പങ്കാളിത്തമാണ്. ഗൂഗിൾ ജിയോയിൽ 4 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യൻ ഉപഭോക്താക്കൾക്കായി താങ്ങാവുന്ന വിലനിലവാരത്തില്‍ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സൃഷ്ടിക്കുന്നതിൽ ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു.
Leave a Reply