ഉപയോക്താവിന്‍റെ പ്രൈവസിക്ക് വളരെയധികം മുന്‍ഗണന നല്‍കുന്ന ക്ലൗഡ് അധിഷ്‌ഠിത മെസഞ്ചർ ആപ്ലിക്കേഷനായ ടെലിഗ്രാം അതിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പിനെയും ചാനൽ അഡ്‌മിനുകളെയും അവരുടെ ഫോറങ്ങൾ മുന്‍പത്തേതിനേക്കാൾ സംവേദനാത്മകവും സുരക്ഷിതവുമാക്കാൻ പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ സവിശേഷതകൾ. പങ്കിട്ട ഉള്ളടക്കം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ഈ സവിശേഷതകൾ സഹായിക്കും. ടെലിഗ്രാം അവതരിപ്പിച്ച പുതിയ സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.
സേര്‍ച്ച് ഫിൽറ്റേഴ്സ്: സേര്‍ച്ച് ഫിൽറ്റർ ഉപയോഗിച്ച് പ്രധാനപ്പെട്ട മീഡിയയോ ലിങ്കുകളോ ഉള്ള ഏതെങ്കിലും പഴയ സന്ദേശത്തിലേക്ക് ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ മടങ്ങി പോകാന്‍ സാധിക്കുന്നതാണ്. പ്ലാറ്റ്‌ഫോമിലെ സേര്‍ച്ച് ഫിൽട്ടറിനെ ചാറ്റുകൾ, മീഡിയ, ലിങ്കുകൾ, ഫയലുകൾ, സംഗീതം, ശബ്ദ സന്ദേശങ്ങൾ എന്നിങ്ങനെ ആറ് വ്യത്യസ്ത ടാബുകളായി തിരിച്ചിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കത്തിനായി തിരയുമ്പോൾ വ്യക്തമായ വേർതിരിക്കൽ നടത്തുന്നതിന് ഇവ പ്രയോജനപ്രദമാണ്.
ചാനൽ കമന്‍റ്സ്: ടെലിഗ്രാം കൂടുതൽ സംവേദനാത്മകമാക്കുന്നതിന് ചർച്ചാ ഗ്രൂപ്പുകളുള്ള ചാനലുകളിലെ പോസ്റ്റുകളിലേക്ക് ഒരു കമന്‍റ് ബട്ടൺ ചേർത്തുകൊണ്ട് ചാനൽ കമന്‍റ്സ് എന്ന പുതിയ സവിശേഷത ആരംഭിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫീഡ്‌ബാക്ക് നൽകാനോ അഡ്മിനുകൾ പരിമിതപ്പെടുത്തിയ ചാനലുകളിലേക്ക് അഭിപ്രായങ്ങളിൽ മറുപടി നൽകാനോ കഴിയും. കൂടാതെ, ചാനലിനുള്ളിൽ ഒരു പ്രത്യേക ചർച്ചാ ഗ്രൂപ്പ് ബന്ധിപ്പിച്ചിരിക്കുന്ന ചാനലുകളിൽ മാത്രമേ ഈ ചർച്ചകൾ നടക്കൂ എന്ന് ടെലിഗ്രാം അഭിപ്രായപ്പെട്ടു. ഉപയോക്താക്കളെ ഒരു പ്രത്യേക ഗ്രൂപ്പിലേക്ക് റീഡയറക്‌ട് ചെയ്യുന്നു, അവിടെ അവർക്ക് മറ്റ്അംഗങ്ങളുടെ അഭിപ്രായങ്ങൾ കാണാനും മറുപടി നൽകാനും കഴിയും, മാത്രമല്ല അഡ്‌മിനുകൾക്ക് മാനേജ് ചെയ്യുന്നത് എളുപ്പമാകും.
ചാനൽ സെറ്റിംഗ്സില്‍ > ഡിസ്ക്കഷന്‍ എന്ന വിഭാഗത്തിലേക്ക് പോകുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ചാനലിൽ ചർച്ചകൾ പ്രാപ്തമാക്കാൻ സാധിക്കുന്നതാണ്.
അനോണിമസ് ഗ്രൂപ്പ് അഡ്‌മിന്‍സ്: ചാനലുകളിൽ ഇതിനകം ലഭ്യമായിരുന്ന അനോണിമസ് അഡ്‌മിൻ സവിശേഷത ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് കൂടി നല്‍കിയിരിക്കുന്നു. അനോണിമസ് ഗ്രൂപ്പ് അഡ്‌മിൻസ് സവിശേഷത ഒരു ഗ്രൂപ്പിലെ ഏത് അഡ്‌മിന്‍റെയും ഐഡന്‍റിറ്റി അനോണിമസ് ആക്കി മാറ്റുകയും ഗ്രൂപ്പിലെ അഡ്‌മിനുകൾ അയച്ച എല്ലാ സന്ദേശങ്ങളും ഗ്രൂപ്പിന്‍റെ പേരിൽ തന്നെ നല്‍കുകയും ചെയ്യും.
ആനിമേറ്റഡ് പോപ്പ്-അപ്പുകളും സ്റ്റിക്കറുകളും: ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്കായി ടെലിഗ്രാം കുറച്ച് ആനിമേറ്റഡ് പോപ്പ്-അപ്പുകള്‍ ചേര്‍ത്തിരിക്കുന്നു. സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുമ്പോഴോ മീഡിയ സേവ് ചെയ്യുമ്പോഴോ നോട്ടിഫിക്കേഷന്‍ മാറ്റുമ്പോഴോ പുതിയ ആനിമേഷൻ കാണാനാകുന്നതാണ്. ഇടതുവശത്തുള്ള മെനുവിൽ നിന്ന് കീബോർഡ് മറയ്ക്കുക, അല്ലെങ്കിൽ ഡേ ആന്‍ഡ് നൈറ്റ് തീമുകൾ മാറുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സൗകര്യപ്രദമായി പ്രയോജനപ്പെടുത്താവുന്നതാണ്. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളിൽ പങ്കിടുന്നതിന് ടെലിഗ്രാം കൂടുതൽ ആനിമേറ്റഡ് ഇമോജികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply