ആമസോണിന്‍റെ ഡിജിറ്റൽ വോയിസ് അസിസ്റ്റന്‍റ് ആയ അലക്സയിലൂടെ അമിതാഭ് ബച്ചന്‍റെ ശബ്ദവും ശ്രദ്ധിക്കാം. ആദ്യമായാണ് ഒരു ഇന്ത്യൻ സെലിബ്രിറ്റി അലക്സയ്ക്ക് ശബ്ദം നൽകുന്നത്. ബച്ചനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കാര്യം ആമസോൺ ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
2021 മുതൽ ആണ് ‘ബിഗ്ബി’യുടെ ശബ്ദം അലക്സയില്‍ ലഭ്യമാക്കുക. കാലാവസ്ഥ, തമാശകള്‍, നിർദ്ദേശങ്ങൾ, ഉറുദു കവിതകൾ, പ്രചോദനം നൽകുന്ന ഉദ്ധരണികള്‍ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹത്തിന്‍റെ ശബ്ദത്തിൽ കേൾക്കാൻ സാധിക്കും. എന്നാല്‍ പണം നൽകി ഉപയോഗിക്കാവുന്ന ഒരു ഫീച്ചർ ആയാണ് ഇത് ലഭ്യമാകുക. എന്നാല്‍ അമിതാഭ് ബച്ചന്‍റെ ശബ്ദം എങ്ങനെയുണ്ട് എന്ന് കേൾക്കാന്‍ അലക്സാ സേവനം ലഭ്യമായിട്ടുള്ള ഒരു ഉപകരണത്തോട് “Alexa, say hello to Mr. Amitabh Bachchan” എന്ന് പറഞ്ഞാൽ മതി.
അലക്സയ്ക്ക് ശബ്ദം നൽകുന്ന ആദ്യ ഇന്ത്യൻ സിനിമാതാരമാണ് 77 കാരനായ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. എന്നാല്‍ ആമസോണുമായി സഹകരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റി എന്ന പദവി 2019ല്‍ അലക്സയ്ക്ക് ശബ്ദം നൽകിയ ഹോളിവുഡ് നടന്‍ എല്‍ ജാക്സണിനാണ്. അമേരിക്കൻ ഇംഗ്ലീഷിൽ മാത്രമേ അദ്ദേഹത്തിന്‍റെ ശബ്ദം ലഭ്യമാകൂ. അമിതാഭ് ബച്ചന്‍റെ ശബ്ദവും ഇത്തരത്തിൽ ഇന്ത്യയിൽ മാത്രമേ ലഭ്യമാകുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിൽ ആയിരിക്കും ബച്ചന്‍റെ ശബ്ദം. ഇംഗ്ലീഷില്‍ അദ്ദേഹത്തിന്‍റെ ശബ്ദം ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Leave a Reply