ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിനായി വാട്സ്ആപ്പ് ഏതാനും ഇന്ത്യൻ ബാങ്കുകളുമായി പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ഇൻഷുറൻസും പെൻഷനും വായ്പയും ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങളും വാട്സ്ആപ്പിലൂടെ നൽകുന്നതായിരിക്കും. ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നിവയുൾപ്പെടെയുള്ള ബാങ്കുകളായിരിക്കും വാട്സ്ആപ്പുമായി സഹകരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ബാങ്കുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതായിരിക്കും.
പുതിയ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് ഓട്ടോമേറ്റഡ് ടെക്സ്റ്റുകൾ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താൻ സൗകര്യം ഒരുക്കുന്നതായിരിക്കും. ഉപയോക്താവിന് അവരുടെ വാട്സ്ആപ്പ് നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനും വാട്സ്ആപ്പിലൂടെ ബാലൻസ്, കിഴിവുകൾ എന്നിവയും മറ്റ് വിവരങ്ങളും പരിശോധിക്കാനും സാധിക്കുന്നതാണ്.
മൈക്രോ ക്രെഡിറ്റ്, പെൻഷനുകൾ, ഇൻഷുറൻസ് എന്നിവയുൾപ്പെടെ ധനകാര്യ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികൾക്കും ലഭ്യമാക്കാൻ വേണ്ടിയുള്ള പദ്ധതിയാണിതെന്നാണ് വാട്സ്ആപ്പ് ഇന്ത്യൻ മേധാവി അഭിജിത്ത് ബോസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, യുപിഐ അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ്പ് പേയ്മെന്റ് സേവനം അധികൃതരുടെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് രാജ്യവ്യാപകമായി ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ രാജ്യത്തെ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് പേയ്മെന്റ് ലഭ്യമായിതുടങ്ങിയിട്ടുണ്ട്. പേയ്മെന്റ് സേവനങ്ങൾ ഘട്ടംഘട്ടമായി ആരംഭിക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാട്സ്ആപ്പിന് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Leave a Reply