ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ വികാരങ്ങൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ സഹായിച്ച ഡിജിറ്റൽ ഐക്കണ്‍ ആണ് ഇമോജികള്‍. ജൂലൈ 17 ലോക ഇമോജി ദിനമായി ആഘോഷിക്കപ്പെടുന്നു. 2014 മുതലാണ് ഇമോജിപീഡിയ സ്ഥാപകൻ ജെർമ്മി ബർഗ് ഇമോജി ദിനം ആചരിച്ചുതുടങ്ങിയത്. നിങ്ങൾക്ക് വാക്കുകൾ നഷ്ടപ്പെടുമ്പോൾ അല്ലെങ്കിൽ ടൈപ്പ് ചെയ്യാൻ മടിയാകുമ്പോൾ, നിങ്ങളുടെ വിരൽ ടാപ്പ് ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന വികാരങ്ങൾ അറിയിക്കാൻ കഴിയുന്ന ഇമോജികള്‍ക്ക് ഇന്ന് ജനപ്രീതിയേറെയാണ്.
കോപം, സ്നേഹം, സന്തോഷം, ആനന്ദം, ചിരി, ഞെട്ടൽ, വെറുപ്പ് എന്നിവയും അതിലേറെയും ഇമോജികളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതിനാൽ വാക്കുകളിലൂടെയുള്ള ചാറ്റിംഗുകള്‍ കഴിഞ്ഞ കാലത്തെ ഒരു കാര്യമായി മാറിയിരിക്കുന്നു. ഇമോജികൾ അതിൽ മാത്രം പരിമിതപ്പെടുന്നില്ല; എപ്പോഴെങ്കിലും എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ, അത് ഇമോജികളിലൂടെ ചെയ്യാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ വർഷവും കൂടുതൽ കൂടുതൽ വസ്തുക്കൾ, മൃഗങ്ങൾ, പ്രവർത്തനങ്ങൾ, മുഖങ്ങൾ എന്നിവ ഇമോജികളായി ചേർക്കപ്പെട്ടുകൊണ്ടെയിരിക്കുന്നു.
ഇമോജിയുടെ ചരിത്രം
ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഇമോട്ടിക്കോണുകളിലൂടെ ആയിരുന്നു ഇമോജികളുടെ വളർച്ച. ഇമോജി ഒരു ജാപ്പനീസ് പദമാണ്. ‘ഇ’ എന്നാല്‍ ചിത്രം എന്നും ‘മോജി’ എന്നാല്‍ അക്ഷരം എന്നുമാണ് ജപ്പാനീസില്‍ അര്‍ത്ഥം. അമേരിക്കന്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ സ്കോട് ഫാള്‍മാനെയാണ് ഇമോജി എന്ന ആശയത്തിന്റെ പിതാവ് ആയി കണക്കാക്കുന്നത്.
1999 ൽ ജാപ്പനീസ് മൊബൈൽ ഓപ്പറേറ്ററായ എൻടിടി ഡോകോമോയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഷിഗെതക കുരിറ്റയാണ് ആദ്യമായി ഇമോജി സൃഷ്ടിച്ചത്. 2010 മുതലാണ് ഇമോജികൾ ജനപ്രീതി നേടുകയും ലോകമെമ്പാടുമുള്ള ആളുകൾ വ്യാപകമായി ഉപയോഗിക്കുകയും ചെയ്ത് തുടങ്ങിയത്.
ഇപ്പോഴത്തെ ജീവിതസംസ്കാരത്തിൽ ഇത്തിരി കുഞ്ഞന്‍ ഇമോജികളുടെ ഉപയോഗം വളരെ സാധാരണമായിത്തീർന്നിരിക്കുന്നു. അവ ദൈനംദിന ചാറ്റിംഗുകളില്‍ ഉപയോഗിക്കാതിരിക്കുക എന്നത് ഇന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്.
Leave a Reply