ടെക്നോളജിയുടെ കുതിച്ചു ചാട്ടം വൈദ്യശാസ്ത്രരംഗത്തും വലിയ മുന്നേറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര മേഖല, സാങ്കേതിക വിദ്യയുടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമെന്നോണം ഇപ്പോഴിതാ നമ്മുടെ രാജ്യത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്ന് സൗജന്യമായി വൈദ്യസഹായം തേടാനുള്ള ഇസഞ്ജീവനി എന്നൊരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുകയാണ് ഗവണ്മെന്റ്. പരിശീലനം ലഭിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഇതിലൂടെ ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്.
സാധാരണ രോഗങ്ങള്‍ക്ക് വേണ്ടി ജനറല്‍ ഒ പി സേവനവും ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സ്പെഷ്യലിറ്റി ഒ പി സേവനവും ഇതിലൂടെ ലഭ്യമാണ്. ജനറൽ ഒപിഡി സേവനം എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടു വരെയാണ്. സ്പെഷ്യലിറ്റി ഒപിഡി വിഭാഗത്തില്‍ നാഡിരോഗം, അര്‍ബുദം, മനോരോഗം, സാംക്രമിക രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഡോക്ടർമാരുടെ സേവനം ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ ആയിരിക്കും ലഭ്യമാകുക.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ടെലികണ്‍സള്‍ട്ടേഷന്‍ സർവീസായ ഇസഞ്ജീവനി പ്രയോജനപ്പെടുത്താൻ https://esanjeevaniopd.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ പ്ലേസ്റ്റോറില്‍ നിന്ന് ഇസഞ്ജീവനി ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. ഇന്റർനെറ്റ് കണക്ഷൻ ഉള്ള ലാപ്ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഈ സേവനത്തിനായി ഉപയോഗപ്പെടുത്താം.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറിന് കാണാം?
സ്റ്റെപ്പ് 1: https://esanjeevaniopd.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൈറ്റില്‍ പ്രവേശിക്കുക.
സ്റ്റെപ്പ് 2: പേഷ്യന്റ് രജിസ്ട്രേഷൻ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: മൊബൈൽ നമ്പർ രേഖപ്പെടുത്തിയ ശേഷം Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4: ഫോണിൽ ലഭ്യമാകുന്ന OTP ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം. രോഗിയുടെ പേര്, വയസ്സ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ലിംഗം എന്നിവ രേഖപ്പെടുത്തുക. ശേഷം സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ജില്ലയിൽ ലഭ്യമാകുന്ന സ്ഥലങ്ങളിലെ ഡോക്ടർ സേവനത്തില്‍ നിന്ന് ഒരു സ്ഥലം തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 5: തുടർന്ന് ജനറൽ ഒപിഡി, സ്പെഷാലിറ്റി ഒപിഡി എന്നീ ഓപ്ഷൻ നിന്ന് ആവശ്യമായ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 6: വെര്‍ച്ച്വല്‍ ക്യൂവിലൂടെ നമ്മുടെ ടോക്കണ്‍ സമയം എത്തുന്നത് വരെ കാത്തിരിക്കുക.
സ്റ്റെപ്പ് 7: നമ്മുടെ ടോക്കൺ നമ്പർ ആകുമ്പോൾ ഒരു അലേര്‍ട്ട് ബെല്‍ ലഭ്യമാകുന്നതാണ്. ഉടന്‍ തന്നെ ഡോക്ടറിനെ വീഡിയോകോളില്‍ ലഭ്യമാകും. രോഗിയുടെ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ അപ് ലോഡ് ചെയ്യുവാനുള്ള സംവിധാനവും ഇതിലുണ്ട്.
സ്റ്റെപ്പ് 8: ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം മരുന്നുകളുടെ പ്രിസ്ക്രിപ്ഷന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
തികച്ചും സൗജന്യമായിട്ടുള്ള ഈ സേവനത്തില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഭാവിയിൽ എല്ലാ ഗവൺമെന്റ് ആശുപത്രികളിലേയ്ക്ക് കൂടി ഇസഞ്ജീവനി സേവനം ലഭ്യമാക്കുന്നത് ആരോഗ്യരംഗത്ത് ടെക്നോളജിയുടെ പുതിയ ചുവടുവെയ്പ്പായിമാറുന്നതാണ്.
Leave a Reply