വമ്പന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ്

whatsapp features

ആനിമേറ്റഡ് സ്റ്റിക്കറുകൾ, കോൺടാക്റ്റ്സ് സ്‌കാൻ ചെയ്യുന്നതിനുള്ള ക്യുആർ കോഡുകൾ, ഉയര്‍ന്ന ഗ്രൂപ്പ് കോളിംഗ് പരിധി ഉള്‍പ്പെടെ ഒട്ടേറെ പുതിയ സവിശേഷതകൾ ഉടൻ പുറത്തിറക്കുമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ സവിശേഷതകൾ‌ ഇപ്പോൾ‌ ബീറ്റ ട്രയൽ‌സിലാണ്. ലോകമെമ്പാടുമുള്ള 2 ബില്ല്യൺ‌ ഉപയോക്താക്കൾ‌ക്ക് അവ ലഭ്യമാക്കുവാന്‍ കമ്പനി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

വാട്സ്ആപ്പില്‍ പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഫീച്ചറുകള്‍

ആനിമേറ്റഡ് സ്റ്റിക്കറുകൾ

ചാറ്റിംഗ് ആപ്ലിക്കേഷനുകളില്‍ സ്റ്റിക്കറുകള്‍ക്ക് ജനപ്രീതിയേറെയാണ്. അതിനാല്‍ കൂടുതൽ രസകരവും ആവിഷ്‌കൃതവുമായിട്ടുള്ള ആനിമേറ്റഡ് സ്റ്റിക്കറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് തയ്യാറായിരിക്കുകയാണ്.

QR കോഡുകൾ

ഈ പുതിയ സവിശേഷത അവതരിപ്പിച്ചതിന് ശേഷം വാട്സ്ആപ്പിൽ കോൺടാക്റ്റുകൾ ചേർക്കുന്നത് എളുപ്പമാകും. നിങ്ങൾക്ക് ഒരു പുതിയ കോൺ‌ടാക്റ്റ് ചേർക്കാൻ താൽപ്പര്യപ്പെടുമ്പോൾ, മറ്റൊരാളുടെ QR കോഡ് സ്കാൻ ചെയ്ത് അവരെ നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ ഉള്‍പ്പെടുത്താം.

ഡാര്‍ക്ക് മോഡ്

വാട്സ്ആപ്പിന്‍റെ മൊബൈൽ ആപ്ലിക്കേഷനിൽ ഡാർക്ക് മോഡ് ലഭ്യമാണ്. എന്നാലിപ്പോള്‍ അതേ ഡാർക്ക് മോഡ് ഫീച്ചര്‍ വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.

ഗ്രൂപ്പ് കോളുകളിലെ മാറ്റങ്ങൾ

വാട്സ്ആപ്പ് വീഡിയോ കോളിൽ നിലവില്‍ 8 ആളുകളെ വരെ പങ്കെടുപ്പിക്കാം. ഓരോരുത്തരും സംസാരിക്കുന്നത് സ്‌ക്രീനില്‍ പൂര്‍ണ്ണമായും കാണുന്നതിനുള്ള സൗകര്യവും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അതിനായി അവരുടെ വീഡിയോ ടാബില്‍ പ്രസ് ചെയ്ത് പിടിച്ചാല്‍ മതി. എട്ട് അല്ലെങ്കിൽ അതിൽ താഴെയുള്ള ഗ്രൂപ്പ് ചാറ്റുകളിൽ ഒരു വീഡിയോ ഐക്കൺ ചേർത്തിട്ടുണ്ട്, അതില്‍ ടാപ്പ് ചെയ്തുകൊണ്ട് ഉപയോക്താവിന് വേഗത്തില്‍ ഗ്രൂപ്പ് വീഡിയോ കോൾ ആരംഭിക്കാൻ സാധിക്കും.

KaiOS സ്റ്റാറ്റസ് ഫീച്ചര്‍

ആപ്ലിക്കേഷന്‍ പിന്തുണയ്ക്കുന്ന മറ്റ് പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് സമാനമായി KaiOS ഉപയോക്താക്കൾക്കും ഇപ്പോൾ വാട്സ്ആപ്പിൽ സ്റ്റാറ്റസുകൾ പോസ്റ്റ് ചെയ്യാൻ കഴിയും. 24 മണിക്കൂറിനുശേഷം സ്റ്റാറ്റസ് അപ്രത്യക്ഷമാകുന്നതുമാണ്.

വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പുകളിലായി ഉടന്‍തന്നെ ഈ സവിശേഷതകൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതില്‍ ചില ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ഇതിനോടകം ലഭ്യമായി തുടങ്ങിയിരിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*