ചോദ്യങ്ങൾ ചോദിക്കാൻ മാത്രമല്ല, പണിയെടുപ്പിക്കാനും ഇനി എഐ സഹായി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പെർപ്ലെക്സിറ്റി എഐ തങ്ങളുടെ പുതിയ ‘പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ’ പുറത്തിറക്കി. സാധാരണ എഐ ചാറ്റ്ബോട്ടുകൾ നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ ഒതുങ്ങിനിൽക്കുമ്പോൾ, സങ്കീർണ്ണമായ വലിയ ജോലികൾ നമുക്ക് വേണ്ടി നേരിട്ട് ചെയ്തുതീർക്കുന്ന ഒരു ‘ഡിജിറ്റൽ ജീവനക്കാരനെ’ പോലെയാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.


വിവരങ്ങൾ തിരഞ്ഞുപിടിച്ചു നൽകുന്ന ഒരു ‘ആൻസർ എൻജിൻ’ എന്ന നിലയിലായിരുന്നു പെർപ്ലെക്സിറ്റി മുൻപ് അറിയപ്പെട്ടിരുന്നത്. എന്നാൽ പുതിയ പ്ലാറ്റ്‌ഫോമിലൂടെ എഐ സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്കാണ് കമ്പനി ചുവടുവെക്കുന്നത്. ഈ സംവിധാനത്തിൽ ഉപയോക്താക്കൾ ഓരോ കാര്യവും പ്രത്യേകമായി പറഞ്ഞു കൊടുക്കേണ്ടതില്ല. പകരം, നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ജോലിയുടെ അന്തിമ ലക്ഷ്യം മാത്രം പറഞ്ഞാൽ മതിയാകും. ആ ജോലി പൂർത്തിയാക്കാൻ ആവശ്യമായ ഓരോ ഘട്ടവും എഐ തന്നെ സ്വയം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും.
കയ്യിൽ കൊണ്ടുനടക്കാവുന്ന ഒരു മെഷീനല്ല ഇത്, മറിച്ച് ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന ഒരു അദൃശ്യ കമ്പ്യൂട്ടറാണ്. ഇതിന്റെ പിന്നിൽ ഒരേസമയം 19 എഐ മോഡലുകളാണ് പ്രവർത്തിക്കുന്നത്. ഒരു വലിയ പ്രോജക്റ്റ് നൽകുമ്പോൾ അത് ഓരോ ചെറിയ ഭാഗങ്ങളായി തിരിച്ച് ഓരോ മോഡലുകളെ ഏൽപ്പിക്കാൻ ഇതിന് സാധിക്കും. ഉദാഹരണത്തിന്, ഒരു ബിസിനസ്സ് റിപ്പോർട്ട് തയ്യാറാക്കാനോ ഒരു വെബ്സൈറ്റ് നിർമ്മിക്കാനോ ആവശ്യപ്പെട്ടാൽ അതിനാവശ്യമായ വിവരശേഖരണം, വിശകലനം, കോഡിംഗ് എന്നിവ പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ തന്നെ ഒറ്റയ്ക്ക് ചെയ്തുതീർക്കും.
സാങ്കേതിക കാര്യങ്ങൾ വലിയ അറിവില്ലാത്ത സാധാരണക്കാർക്കും സങ്കീർണ്ണമായ ഐടി ജോലികൾ ലളിതമായ നിർദ്ദേശങ്ങളിലൂടെ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യർ ജോലി ചെയ്യുന്ന രീതിയിൽ വലിയ മാറ്റമുണ്ടാക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. നിലവിൽ പെർപ്ലെക്സിറ്റി മാക്സ് വരിക്കാർക്കാണ് ഈ അത്യാധുനിക സേവനം ലഭ്യമാകുന്നത്.

About The Author