രാവിലെ കണ്ണ് തുറന്നാലുടൻ ഫോണെടുത്ത് സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും ലക്ഷ്യമില്ലാതെ സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ‘Doomscrolling’ എന്ന കെണിയിൽ പെട്ടിരിക്കുകയാണ്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ തലച്ചോറിലേക്ക് എത്തുന്ന ഈ അനാവശ്യ വിവരങ്ങൾ അമിത ഉത്കണ്ഠയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. ഈ ശീലം മാറ്റി നിങ്ങളുടെ പ്രഭാതങ്ങൾ കൂടുതൽ ശാന്തവും ഉൽപ്പാദനക്ഷമവുമാക്കാൻ (Productive) ഗൂഗിൾ ജെമിനി എഐ ഇനി നിങ്ങളെ സഹായിക്കും.
പല ആപ്പുകൾ മാറി മാറി പരിശോധിക്കുന്നതിന് പകരം, നിങ്ങളുടെ കലണ്ടർ, ഇമെയിൽ, പ്രധാന വാർത്തകൾ എന്നിവയെല്ലാം കോർത്തിണക്കി ഒരു സംഗ്രഹം തയ്യാറാക്കി ജെമിനി തന്നെ നിങ്ങൾക്ക് തരും. നിങ്ങൾ ഒരു പേഴ്സണൽ അസിസ്റ്റന്റിനോട് ചോദിക്കുന്നത് പോലെ ലളിതമായി കാര്യങ്ങൾ അറിയാം.
ഈ ഫീച്ചർ എങ്ങനെ സെറ്റ് ചെയ്യാം?
ആദ്യം ജെമിനിയിൽ Settings > Extensions എന്നതിൽ പോയി Google Workspace ടോഗിൾ ഓൺ ആണെന്ന് ഉറപ്പുവരുത്തുക. എങ്കിൽ മാത്രമേ ജെമിനിക്ക് നിങ്ങളുടെ മെയിലും കലണ്ടറും പരിശോധിക്കാൻ സാധിക്കൂ.
തുടർന്ന്, നിങ്ങളുടെ ഫോണിൽ ജെമിനി ആപ്പ് തുറന്ന് പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. Settings > Instructions for Gemini (അല്ലെങ്കിൽ Personal context) തിരഞ്ഞെടുക്കുക. വെബ്സൈറ്റിൽ ആണെങ്കിൽ, gemini.google.com സന്ദർശിച്ച് Settings-ൽ നിന്ന് Instructions തിരഞ്ഞെടുക്കുക.
അതിനു ശേഷം പ്രോംപ്റ്റ് സേവ് ചെയ്യുക. നിങ്ങൾക്ക് നൽകാനുള്ള നിർദേശം ‘Add’ ചെയ്ത് Submit ചെയ്യുക: ഉദാഹരണമായി “ഞാൻ ‘Morning’ എന്ന് പറഞ്ഞാൽ, എന്റെ ഗൂഗിൾ കലണ്ടറിലെ ഇന്നത്തെ മീറ്റിംഗുകളും, പ്രധാനപ്പെട്ട പുതിയ ഇമെയിലുകളും, ലോക വാർത്തകളും, ടെക് അപ്ഡേറ്റുകളും മലയാളത്തിൽ ചുരുക്കി നൽകുക. അവസാനം സന്തോഷം നൽകുന്ന ഒരു നല്ല വാർത്ത കൂടി ഉൾപ്പെടുത്തുക.”
എന്ന പ്രോംപ്റ്റ് നൽകിയാൽ ഒരു പോസിറ്റീവ് മെസ്സേജ് ഉൾപ്പെടെ പ്രധാന ന്യൂസുകൾ കേൾക്കാം, നിങ്ങളുടെ ദിവസം പ്ലാൻ ചെയുകയും ചെയ്യാം.
ഇതുവഴി ഓരോ ആപ്പും പ്രത്യേകം തുറന്ന് പരിശോധിക്കുന്ന സമയം ലാഭിക്കാം. അനാവശ്യമായ നോട്ടിഫിക്കേഷനുകളും നെഗറ്റീവ് വാർത്തകളും ഒഴിവാക്കി ആവശ്യമായ വിവരങ്ങൾ മാത്രം അറിയാം. കൂടാതെ അന്ന് നടക്കാനിരിക്കുന്ന മീറ്റിംഗുകളെക്കുറിച്ച് കൃത്യമായ ധാരണയോടെ ദിവസം തുടങ്ങാം. സാങ്കേതിക കാര്യങ്ങൾ ആണെങ്കിൽ പോലും നിങ്ങളുടെ ഇഷ്ടമുള്ള ഭാഷയിൽ വിവരങ്ങൾ ലഭ്യമാകും.
തിരക്കേറിയ ജീവിതത്തിൽ എഐ വെറുമൊരു സാങ്കേതിക വിദ്യ മാത്രമല്ല, നമ്മുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു വിശ്വസ്ത പങ്കാളി കൂടിയാണ്. നാളെ മുതൽ നിങ്ങളുടെ പ്രഭാതം ജെമിനിയോടൊപ്പം ഒരു ‘Morning’ കമാൻഡിൽ തുടങ്ങൂ, മാറ്റം സ്വയം തിരിച്ചറിയൂ!
