അടപടലം മാറ്റാൻ മെറ്റാ! വാട്‌സ്ആപ്പിലെ എഐ സേവനങ്ങളിൽ ഇനി മെറ്റ മാത്രം

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി മെറ്റാ വികസിപ്പിച്ചെടുത്ത അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അസിസ്റ്റന്‍റായ ‘മെറ്റാ എഐ’ ഇനി മലയാളത്തിലും ലഭ്യമാകും. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ സംവദിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുമുള്ള കഴിവ് മെറ്റാ എഐയുടെ പ്രത്യേകതയാണ്. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിൽ സെർച്ച് ബാറിലൂടെ നേരിട്ട് ഈ സേവനം പ്രയോജനപ്പെടുത്താം. പഴയ സന്ദേശങ്ങൾ, ലിങ്കുകൾ, ഡോക്യുമെന്‍റുകൾ എന്നിവ തിരഞ്ഞുപിടിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.


എന്നാൽ ഈ സാങ്കേതിക മുന്നേറ്റത്തോടൊപ്പം തന്നെ നിർണ്ണായകമായ ഒരു നിയന്ത്രണവും മെറ്റാ ഏർപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരി 15 മുതൽ വാട്‌സ്ആപ്പിൽ മെറ്റാ എഐ ഒഴികെയുള്ള മറ്റ് ജനറൽ-പർപ്പസ് എഐ ചാറ്റ്‌ബോട്ടുകൾ ലഭ്യമാകില്ല. നിലവിൽ വാട്‌സ്ആപ്പ് ബിസിനസ് എപിഐ വഴി സേവനം നൽകുന്ന ChatGPT, Copilot, Perplexity തുടങ്ങിയ എഐ അസിസ്റ്റന്‍റുകൾ ഇതോടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെടും. വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിനെ പൊതു ആവശ്യങ്ങൾക്കായുള്ള എഐ വിതരണത്തിന് ഉപയോഗിക്കുന്നത് നിരോധിക്കുന്നതാണ് മെറ്റായുടെ പുതിയ നയം.


വാട്‌സ്ആപ്പിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും സിസ്റ്റത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു കടുത്ത തീരുമാനമെന്ന് മെറ്റാ വ്യക്തമാക്കി. പുറത്തുനിന്നുള്ള എഐ ചാറ്റ്‌ബോട്ടുകൾ വാട്‌സ്ആപ്പിന്‍റെ സെർവറുകളിൽ അപ്രതീക്ഷിതമായ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സ്വന്തം എഐ അസിസ്റ്റന്‍റിനെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും പ്ലാറ്റ്‌ഫോമിന്‍റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ മാറ്റം അനിവാര്യമാണെന്ന് മെറ്റാ അറിയിച്ചു.

About The Author