വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇനി 512 പേർ വരെയാകാം

ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം 512 വരെ വര്‍ദ്ധിപ്പിച്ചും ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി വാട്‌സ്ആപ്പ് തങ്ങളുടെ പുതിയ അപ്ഡേഷന്‍ ഉപയോക്താക്കളിലേയ്ക്ക് എത്തിച്ചിരിക്കുന്നു. മാത്രമല്ല ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്‌മിനു നല്‍കിയും വാട്‌സ്ആപ്പ് അടിമുടി മാറുകയാണ്. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ച മുതല്‍ ലഭ്യമായി തുടങ്ങും.

നിലവില്‍ ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി ഇത് 512 ആയി വര്‍ധിക്കും. മാത്രമല്ല ഗ്രൂപ്പിലെ അംഗങ്ങള്‍ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അതു ഡിലീറ്റ് ചെയ്യാന്‍ അഡ്‌മിന് അംഗത്തിന്‍റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജില്‍ അമര്‍ത്തിപ്പിടിച്ച്‌ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കുന്നത്. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. കൂടാതെ വോയ്‌സ് കോളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ എട്ട് പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം. ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റില്‍ വാട്സ്ആപ്പ് ലഭ്യമാക്കിയത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*