ഫെയ്സ്ബുക്ക് മെസഞ്ചറില്‍ പുതിയ അപ്ഡേറ്റുകള് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും പബ്ലിക്ക് ആക്കുന്നത് മുതൽ സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷനുകളും വീഡിയോ എഡിറ്റ് ഓപ്ഷനുകളും വരെ പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. പുതിയ ഫീച്ചറുകളെ കുറിച്ച് കൂടുതല്‍ അറിയാം;
എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും
പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് പേർക്ക് മാത്രം ലഭിച്ചിരുന്ന ചാറ്റുകളിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഫീച്ചർ ഇനി മുതൽ എല്ലാ മെസഞ്ചർ യൂസേഴ്സിനും ലഭ്യമാകും. വോയ്സ്, വീഡിയോ കോളുകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യം ലഭിക്കും.
സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷൻ
എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസഞ്ചർ ചാറ്റുകളിൽ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഉള്ളതിനാൽ ആളുകൾ ചാറ്റുകളുടെ സ്ക്രീൻഷോട്ട് പകർത്തുന്നതും പതിവാണ്. ഇപ്പോഴിതാ ആരെങ്കിലും ഡിസപ്പിയറിങ് മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പകർത്തിയാൽ മറുവശത്ത് ഉള്ളയാൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കുകയാണ്. മെസഞ്ചറിന്റെ വാനിഷ് മോഡിലും ഈ ഫീച്ചർ ലഭ്യമാണ്. എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിൽ ഈ ഫീച്ചർ നിലവില്‍ ലഭ്യമല്ല.
ജിഫുകളും സ്റ്റിക്കറുകളും
എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിൽ കൂടുതൽ ഫീച്ചർ സമ്പന്നമായ ചാറ്റ് അനുഭവത്തിനായി ജിഫുകളും സ്റ്റിക്കറുകളും പുതിയ അപ്ഡേഷന്റെ ഭാഗമായി ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നു.
റിപ്ലേകളും റിയാക്ഷൻസും
നിങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ മെസേജുകൾക്ക് ലോങ് പ്രസ് ചെയ്തോ സ്വൈപ്പ് ചെയ്തോ മറുപടി നൽകാൻ ഇപ്പോൾ കഴിയും. ഒരു സന്ദേശത്തിന് മറുപടി നൽകാൻ അതിൽ ലോങ്പ്രസ് ചെയ്യുക. നിങ്ങളുടെ മറുപടിയിൽ യഥാർഥ സന്ദേശത്തിന്റെ ഒരു പകർപ്പും ഉൾപ്പെടുന്നു. സന്ദേശങ്ങൾക്ക് മറുപടിയായി റിയാക്ഷൻസും നൽകാൻ കഴിയും. വന്ന മെസേജിൽ ടാപ്പ് ചെയ്ത് പിടിച്ചാൽ റിയാക്ഷൻസ് ട്രേ തുറന്ന് വരും. ഇതിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള റിയാക്ഷൻ തിരഞ്ഞെടുക്കാം.
മെസേജ് ഫോർവേഡിങ്
എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ ഈ പുതിയ മെസേജ് ഫോർവേഡിങ് ഫീച്ചർ ഉപയോഗിച്ച് ഒരു മെസേജിൽ ലോങ് ടാപ്പ് ചെയ്താൽ ഫോർവേഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കിടാൻ കഴിയും. ഇത്തരത്തിൽ ഫോർവേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയർ ഷീറ്റും കാണാൻ കഴിയും. ഇതിൽ മെസേജ് ഷെയർ ചെയ്യാവുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും കാണാൻ കഴിയും. ഒരു മെസേജ് ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് പുതിയ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനും സാധിക്കും.
മീഡിയ സേവിങും വീഡിയോ എഡിറ്റുകളും
മെസഞ്ചറിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിൽ ലഭിക്കുന്ന വീഡിയോകളും ഫോട്ടോകളും സേവ് ചെയ്യാനുള്ള ഫീച്ചർ ആണ് സേവ് മീഡിയ ഫീച്ചർ. ഇതിനായി മെസഞ്ചറിൽ ലഭിക്കുന്ന ഏത് മീഡിയ ഫയലിലും ദീർഘനേരം ടാപ്പ് ചെയ്ത് പിടിച്ചാല്‍ മതി. ഗ്യാലറിയിൽ നിന്ന് ഫോട്ടോയോ വീഡിയോയോ അയയ്ക്കുമ്പോൾ, അയയ്ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വീഡിയോ എഡിറ്റ്സ്. ഈ ഫീച്ചറിൽ കൂടി സ്റ്റിക്കറുകൾ ചേർക്കൽ, ടെക്സ്റ്റ് ചേർക്കൽ, ക്രോപ്പിങ്, ഓഡിയോ എഡിറ്റിങ് എന്നീ സൗകര്യങ്ങളും (വീഡിയോകൾക്കായി) ലഭിക്കും.
ടൈപ്പിങ് ഇൻഡിക്കേറ്ററുകളും വെരിഫൈഡ് ബാഡ്ജുകളും
എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലും, ഗ്രൂപ്പ് ചാറ്റുകളിലും മറ്റൊരാൾ ടെപ്പ് ചെയ്ത് തുടങ്ങുന്നത് ഇനി മുതൽ കാണാൻ കഴിയും. ഇത് ചാറ്റിൽ ഇൻവോൾവ് ആയിരിക്കുന്നവരെക്കുറിച്ച് പെട്ടെന്ന് മനസിലാക്കാൻ സഹായിക്കും. ഇതിന് സഹായിക്കുന്ന മെസഞ്ചറിന്റെ പുതിയ ഫീച്ചർ ആണ് ടൈപ്പിങ് ഇൻഡിക്കേറ്ററുകൾ. അക്കൗണ്ട് വെരിഫിക്കേഷൻ ബാഡ്ജുകൾ മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളിലേക്കും എത്തുകയാണ്. അക്കൗണ്ടുകളുടെ ആധികാരികത മനസ്സിലാക്കാൻ സഹായിക്കുന്ന ഫീച്ചർ ആണിത്. തട്ടിപ്പുകാരെയും മറ്റും എളുപ്പം തിരിച്ചറിയാൻ വെരിഫിക്കേഷൻ ഫീച്ചർ സഹായിക്കും.
Leave a Reply