
സാംസങ് എസ് 21 പരമ്പരയിലെ അവസാനത്തെ സ്മാർട്ട്ഫോണായ ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി. എസ്20 എഫ്ഇ, എസ് 21 എഫ്ഇ-5ജി ഫോണുകളുടെ പിൻഗാമിയായാണ് ഇത് എത്തുന്നത്. സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സർ ചിപ്പിന്റെ പിൻബലം, അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയോടുകൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്.
6.4 ഇഞ്ച് 2340 x 1080 പിക്സൽ അമോലെഡ് ഡിസ്പ്ലെയാണ് ഗ്യാലക്സി എസ് 21 എഫ്ഇയ്ക്കുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനര്‍ നൽകിയിരിക്കുന്ന ഇതില്‍ പുറം വശത്ത് മാറ്റ് ഫിനിഷോടുകൂടിയ ട്രിപ്പിൾ ക്യാമറ ബമ്പ് നൽകിയിരിക്കുന്നു. ക്യാമറ ബമ്പിന് പുറത്തായാണ് ഫ്ളാഷ് മോഡ്യൂൾ നൽകിയിരിക്കുന്നത്.
ട്രിപ്പിൾ ക്യാമറയിലെ 12 എംപി പ്രധാന സെൻസറിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. എട്ട് എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാ വൈഡ് ലെൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സെൽഫി ക്യാമറയ്ക്ക് വേണ്ടി 32 എംപി ഫിക്സഡ് ഫോക്കസ് ക്യാമറ നൽകിയിരിക്കുന്നു. സ്ക്രീനിന് നടുവിലെ പഞ്ച് ഹോളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഫ്രണ്ട് ക്യാമറയും റിയർ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോപകർത്താൻ സാധിക്കുന്ന മൾടി ക്യാമറ റെക്കോർഡിങ് മോഡ് ഉൾപ്പടെ നിരവധി ഷൂട്ടിങ്മോഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
5ജി കണക്റ്റിവിറ്റിയുള്ള ഇതില്‍ 4500 എംഎഎച്ച് ബാറ്ററിയിൽ 25 വാട്ട് അതിവേഗ വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും പിന്തുണയ്ക്കും. 6ജിബി/128 ജിബി, 8 ജിബി/128 ജിബി, 8ജിബി/256ജിബി റാം, സ്റ്റോറേജ് വേരിയന്റുകളിലുള്ള സാംസങ് എസ്21 എഫ് ഇ ആഗോള വിപണിയിൽ 699 ഡോളറിന് (51031 രൂപ) ലഭ്യമാണ്.
Leave a Reply