ഒരു ഉപ്പുതരിയുടെ വലുപ്പമേയുള്ളുവെങ്കിലും അതിനേക്കാള്‍ 500,000 മടങ്ങ് വലുപ്പമുള്ള ലെന്‍സുകള്‍ ഉപയോഗിച്ചു പിടിച്ചെടുക്കുന്നത്ര വ്യക്തതയുള്ള കളര്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ കഴിയുന്ന പുതിയ മൈക്രോസ്‌കോപ്പിക് ക്യാമറ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. മെറ്റാപ്രതലം കേന്ദ്രീകൃതമായ ചെറിയ ക്യാമറകള്‍ മുൻപും നിർമിച്ചിട്ടുണ്ടെങ്കിലും അവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളില്‍ അവ്യക്തത ഉണ്ടായിരുന്നു.
മെറ്റാസര്‍ഫസ് ആണ് പുതിയ ക്യാമറയിൽ പ്രയോജനപ്പെടുത്തുന്നത്. ഇതില്‍ 16 ലക്ഷം സിലിണ്ട്രിക്കല്‍ പോസ്റ്റുകളാണ് ഉള്ളത്. ഇവയ്ക്ക് വെളിച്ചത്തിന്‍റെ വ്യതിയാനത്തിന് അനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ സാധിക്കും. ക്യാമറയിലെ 0.5 മില്ലിമീറ്റര്‍ വലുപ്പമുള്ള പ്രതലത്തിലെ പോസ്റ്റുകളില്‍ ഒരോന്നിനും ഒരു സവിശേഷ ആകൃതിയാണ് ഉള്ളത്. ഒരു ആന്‍റിന പോലെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. ഇതിനൊപ്പം പ്രവര്‍ത്തിക്കുന്ന, മെഷീന്‍ ലേണിങ് കേന്ദ്രീകൃത സിഗ്നല്‍ സംസ്‌കരണ അല്‍ഗോരിതത്തിന് പോസ്റ്റുകള്‍ പ്രകാശവുമായി ഇടപെടുമ്പോള്‍ ലഭിക്കുന്ന സിഗ്നലുകളെ ചിത്രങ്ങളാക്കാന്‍ കഴിയും.
ഈ ക്യാമറയ്ക്ക് സ്വാഭാവിക വെളിച്ചത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. മുൻപുണ്ടാക്കിയ ഇത്തരം ക്യാമറകള്‍ ചില സവിശേഷ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിക്കുക. ക്യാമറയ്ക്ക് കൂടുതല്‍ കംപ്യൂട്ടേഷണല്‍ മികവു കൊണ്ടുവരാനുള്ള പരിശ്രമത്തിലാണിപ്പോള്‍. ചിത്രത്തിന്‍റെ മികവു കൂടുതല്‍ വര്‍ധിപ്പിക്കുക, വസ്തുക്കളെ തിരിച്ചറിയുക തുടങ്ങിയ ശേഷികളായിരിക്കും കൊണ്ടുവരാന്‍ ശ്രമിക്കുക.
Leave a Reply